Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിലെ കൊറോണ ബാധിതരിൽ 82.10 ശതമാനം പേരും സുഖം പ്രാപിച്ചു

ജിദ്ദ: പുതുതായി 2378 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 2,62,772 ആയി ഉയർന്നു.

അതേ സമയം 2241 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ കൊറോണ ഭേദമായവരുടെ എണ്ണം 2,15,731 ആയിട്ടുണ്ട്.

നിലവിൽ 44,369 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2143 പേർ ഗുരുതരാവസ്ഥയിലാണു കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ കൊറോണ മൂലം 37 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണ സംഖ്യ 2672 ആയിട്ടുണ്ട്.

ജോലി സ്ഥലത്തും മറ്റും കൊറോണ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലോക്ക് ഡൗണിനു ശേഷം ജോലിയിൽ മടങ്ങിയെത്തിയ വൈറസ് ബാധിതനായ യുവാവ് സഹപ്രവർത്തകരെ ആലിംഗനം ചെയ്തത് മൂലം നിരവധിയാൾക്ക് വൈറസ് ബാധിച്ചത് മന്ത്രാലയം ഓർമ്മിപ്പിച്ചു.

അതേ സമയം മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിച്ചവർ വൈറസ് ബാധയെ തടഞ്ഞതിനു ആരോഗ്യ മന്ത്രാലയം അനുഭവങ്ങളും വെളിപ്പെടുത്തി. ജോലി സ്ഥലത്ത് നിന്നും വൈറസ് ബാധയേറ്റ യുവാവ് തൻ്റെ വീട്ടിൽ ആരോഗ്യ മുൻ കരുതൽ സ്വയം പാലിച്ചത് മൂലം വീട്ടിലുള്ള രോഗിയായ മാതാവിനു വൈറസ് ബാധയേൽക്കാതിരുന്നത് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു.

വൈറസ് ബാധയേറ്റ ഒരാളുമൊത്ത് ഭക്ഷണം കഴിച്ച യുവാവ് ശാരീരിക അകലം പാലിക്കുകയും മാസ്ക്ക് ധരിക്കുകയും ചെയ്തത് വൈറസ് പകരുന്നതിൽ നിന്നും തടഞ്ഞതും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

ആഗോള തലത്തിൽ 1,57,15,894 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ 95,88,911 പേർക്കും രോഗമുക്തരായതായി കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്ത് ഇത് വരെയായി 6,37,615 രോഗികളാണു കൊറോണ മൂലം മരിച്ചത്. 1,47,364 പേർ മരിച്ച അമേരിക്കയിലാണു ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ മരണ സംഖ്യ 30,821 ആയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്