Sunday, November 24, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ പുതുക്കിയ റി എൻട്രി വിസകൾക്ക് ആഗസ്ത് 20 നു ശേഷം എന്ത് സംഭവിക്കും ?

ജിദ്ദ: കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ച റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയതിലൂടെ സൗദി ഭരണകൂടം അവധിയിൽ പോയ പതിനായിരക്കണക്കിനു വിദേശികൾക്കാണു ആശ്വാസം നൽകിയത്.

അതേ സമയം റി എൻട്രി പുതുക്കപ്പെട്ടവരിൽ ഭൂരിപക്ഷം പേരുടെയും റി എൻട്രി വിസകൾ എക്സ്പയർ ആകുന്ന പുതിയ തീയതി ആഗ്സ്ത് 20 ആണെന്നുള്ളത് ശ്രദ്ധേയമാണ്.

ആഗസ്ത് 20 എന്നത് അടുത്ത ഹിജ്ര വർഷാരംഭം അഥവാ മുഹറം ഒന്നാണ് എന്നത് ഓർക്കുക. അതായത് പുതുക്കൽ നടപടികളുടെ ഭാഗമായി ഈ ഹിജ്ര വർഷാവസാനം വരെയാണു ഭൂരിപക്ഷം പേരുടേതും പുതുക്കിയിട്ടുള്ളത് എന്നർത്ഥം.

ഇനി ആഗസ്ത് 20 നു ശേഷം പുതുക്കപ്പെട്ട റി എൻട്രിക്ക് എന്ത് സംഭവിക്കുമെന്നാണു പല പ്രവാസി സുഹൃത്തുക്കളും ചോദിക്കുന്നത്. അതോടൊപ്പം പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ വിസ എക്സ്പയർ ആയതിനാൽ റി എൻട്രി ഫ്രീ ആയി പുതുക്കിയിട്ടും ജൂലൈ മാസം തുടക്കത്തിൽ തന്നെ എക്സ്പയർ ആയിക്കിടക്കുന്ന ആളുകളും അതേ സംശയം ഉന്നയിക്കുന്നുണ്ട്.

പുതുക്കിയ റി എൻട്രി എക്സ്പയർ ആയാൽ പിന്നീടുള്ള നടപടിക്രമങ്ങളെക്കുറിച്ച് ജവാസാത്ത് ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ലെങ്കിലും ഈ വിഷയത്തിൽ സംശയം ചോദിച്ച ഒരാൾക്ക് ജവാസാത്ത് ട്വിറ്ററിലൂടെ മറുപടി നൽകിയിട്ടുണ്ട്.

ജവാസാത്ത് നൽകിയ മറുപടി

”ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഇപ്പോൾ 3 മാസത്തേക്ക് റി എൻട്രി പുതുക്കിയിട്ടുണ്ട്; ഇനിയും കാലാവധി വർദ്ധിപ്പിക്കണമെന്നുണ്ടെങ്കിൽ അബ്ഷിർ വഴിയോ മുഖീം വഴിയോ കാാലാവധി നിട്ടാം” എന്നാണ് ജവാസാത്ത് മറുപടി നൽകിയിട്ടുള്ളത്.

എന്നാൽ ഇത് ജവാസാത്ത് ട്വിറ്ററിലൂടെ ഒരാൾ ചോദിച്ച ചോദ്യത്തിനു നൽകിയ മറുപടി മാത്രമാണെന്നും ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ലെന്നും ഓർക്കേണ്ടതുണ്ട്.

ഏതായാലും റി എൻട്രി, ഇഖാമ എന്നിവയുടെ കാലാവധിയിൽ ആശങ്കപ്പെടേണ്ട കാര്യവും ഇല്ല എന്ന് തന്നെ പ്രതീക്ഷിക്കാം. കാരണം റി എൻട്രി കാലാവധികൾ എക്സ്പയർ ആയാലും ഇത് വരെ സൗദി അധികൃതർ പുലർത്തിയ സമീപനം തന്നെ ആവർത്തിക്കാനാണു സാധ്യത.

വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വരെ സൗജന്യമായ പുതുക്കൽ ഇനിയും ആവർത്തിച്ചേക്കാം. ഇനി അഥവാ വീണ്ടും ഓട്ടോമാറ്റിക്കായി ലഭിച്ചില്ലെങ്കിൽ തന്നെയും ഇഖാമ കാലാവധിയുണ്ടെങ്കിൽ ജവാസാത്ത് ട്വിറ്ററിലൂടെ സൂചിപ്പിച്ച പോലെ അബ്ഷിർ, മുഖീം എന്നിവ വഴിയൊ അല്ലെങ്കിൽ ഖാരിജിയ വഴിയോ എല്ലാം റി എൻട്രി പുതുക്കാനുള്ള അവസരങ്ങൾ ലഭ്യമാകാനും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ആശങ്കകൾ ഒഴിവാക്കി ജവാസാത്തിൻ്റെ പ്രഖ്യാപനം യഥാസമയം വരുന്നത് വരെ കാത്തിരിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്