വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം; ഹാജിമാർ മീഖാത്തിലേക്ക് പുറപ്പെട്ടു
മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) തുടക്കം കുറിക്കും. കൊറോണ പശ്ചാത്താലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വളരെ പരിമിതമായ എണ്ണം ഹാജിമാർ ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ നിന്ന് അസ്സൈലുൽ കബീർ മീഖാത്തിലേക്ക് പുറപ്പെട്ടു.
മീഖാത്തിൽ നിന്ന് ഇഹ്രാം ചെയ്ത ശേഷം ഹാജിമാർ വിശുദ്ധ മസ്ജിദുൽ ഹറാമിലേക്ക് പോകും. മസ്ജിദുൽ ഹറാമിൽ നിന്ന് ഖുദൂമിൻ്റെ ത്വവാഫും ശേഷം സഅയും നിർവ്വഹിച്ച ശേഷം ഹാജിമാർ മിനയിലേക്ക് പുറപ്പെടും.
തർവിയത്തിൻ്റെ ദിനം എന്നറിയിപ്പെടുന്ന ഇന്ന് (ദുൽ ഹിജ്ജ 8 ബുധൻ ) മിനയിലെത്തുന്ന ഹാജിമാർ മിനയിൽ ആരാധനകളിൽ മുഴുകുകയും രാപാർക്കുകയും ചെയ്യും.
ഓരോ 50 തീർഥാടകനും ഒരു ഹെൽത്ത് ലീഡർ എന്ന രീതിയിലാണു ക്രമീകരിച്ചിട്ടുള്ളത്. തൻ്റെ കീഴിലുള്ള ഓരോ തീർത്ഥാടകനും ആരോഗ്യ മുൻ കരുതലുകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തൽ ഹെൽത്ത് ലീഡറുടെ ചുമതലയാണ്.
ഹജ്ജിനിടയിൽ തീർത്ഥാടകർക്കിടയിൽ ആർക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാലും അവരെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കും. എന്നാൽ രോഗമുള്ളവരെ പ്രത്യേക വിഭാഗമാക്കിയായിരിക്കും കർമ്മങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa