ചൊവ്വാഴ്‌ച, ജൂൺ 9, 2026
KeralaTop Stories

കരിപ്പൂർ ദുരന്ത മുഖത്ത് നിന്ന് 37 പേരെ രക്ഷിച്ച ഷാഹുൽ ഹമീദിനു അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടായ നാട്ടുകാരെ അഭിനന്ദിക്കുകയാണു മുഴുവൻ ജനങ്ങളും സോഷ്യൽ മീഡിയയും. ഈ സന്ദർഭത്തിൽ രക്ഷാ പ്രവർത്തനത്തിൽ സജീവമാകുകയും ഒരു കുട്ടിയെയടക്കം 37 പേരെ രക്ഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത ഷാഹുൽ ഹമീദിനെ സോഷ്യൽ മീഡിയയിൽ പതിനായിരങ്ങളാണു അഭിനന്ദിച്ചത്. താൻ അവിടെ എത്തിപ്പെടാനുണ്ടായ സാഹചര്യം ഷാഹുൽ ഹമീദ് ഫേസ്ബുക്കിൽ കുറിച്ചത് ഇതിനകം വൈറലായിട്ടുണ്ട്.

കരിപ്പൂർ വിമാനപകടം:ആ ഞെട്ടൽ മാറാതെയാണ് ഈ പോസ്റ്റിടുന്നത്, (കോടങ്ങാട് എന്റെ എളാപ്പയുടെ മരണം നടന്നതിനാൽ ഞാൻ ഇന്നലെ ചിറയിൽ ചുങ്കത്തെ തറവാട് വീട്ടിലായിരുന്നു) ഉച്ചക്ക് ശേഷം ശക്തമായ മഴ ആയിരുന്നു, ഒരു വിമാനം ലാന്റ് ചെയ്യാൻ കഴിയാതെ ഇവിടെ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു, പെടുന്നനെ ഒരു വലിയ ശബ്ദം കേട്ടു, മിനിറ്റുകൾക്കുള്ളിൽ ഞാൻ ബൈക്കിൽ പറന്നു സംഭവസ്ഥലത്ത് എത്തി നോക്കിയപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ മറക്കൂല, മൂന്ന് ഭാഗമായി കിടക്കുന്ന വിമാനവും ജീവനു വേണ്ടി പിടയുന്ന ഒരുപാട് മനുഷ്യരും.

ഓടിക്കൂടിയ ഞങ്ങൾ ( ചിറയിൽ ചുങ്കം,മുക്കൂട്, പാലക്കാപറമ്പ് നിവാസികൾ) പിടയുന്ന മനുഷ്യരെ കാർ, ഗുഡ്സ് ലോറി തുടങ്ങിയ കിട്ടിയ വാഹനങ്ങളിൽ കയറ്റിവിട്ടു. അര മണിക്കൂറായപ്പോഴേക്കും ആംബുലൻസും ഫയർഫോഴ്സും വാഹനങ്ങളും രക്ഷാപ്രവർത്തരേയും കൊണ്ട് പരിസരം നിറഞ്ഞു . ഏറെക്കുറെ ആളുകളേയും രക്ഷിച്ച ശേഷം JCB എത്തിച്ച് വിമാനത്തിന്റെ മുൻഭാഗം പൊളിച്ചെടുത്ത് കുടുങ്ങിക്കിടന്നവരേയും രക്ഷിച്ചു.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു കുട്ടിയുടേത് അടക്കം 37 ആളുകളെ രക്ഷിക്കാൻ എനിക്ക് സാധിച്ചു അതിൽ ഒന്ന് അതീവ ഗുരുതരാവസ്തയിൽ ആയിരുന്നു’ രണ്ടര മണിക്കൂർ കൊണ്ട് എല്ലാവരെയും രക്ഷിക്കാൻ സാധിച്ചു, വർഷങ്ങളായി വിമാനപകടത്തിന്റെ മോക്ഡ്രിൽ കണ്ടു വളർന്ന ഞങ്ങൾ സമീപവാസികൾ അത് ഒറിജിനലായി ഞങ്ങളുടെ കൺമുന്നിൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

മീഡിയാ പ്രവർത്തകൾ എത്തിയപ്പോഴേക്കും ഏകദേശം രക്ഷാപ്രവർത്തനമെല്ലാം കഴിഞ്ഞിരുന്നു.ആ സമയത്ത് അവിടെ മൊബൈൽ Network പ്രശ്നമായതിനാൽ പലരും വിളിച്ചതും മെസേജ് അയച്ചതും കിട്ടിയില്ല.വിമാനയാത്രക്കാർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി നിങ്ങൾ പ്രാർഥിക്കണം”. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

കൊറോണ വ്യപനം രൂക്ഷമായ സാഹചര്യം, തകർന്ന വിമാനത്തെ സമീപിച്ചാലുണ്ടാകുന്ന അപകട സാധ്യത.. ഇതൊന്നും കൊണ്ടോട്ടിയുടെയും പരിസരത്തെയും നന്മ നിറഞ്ഞ മനുഷ്യർക്ക് ഒരു തടസ്സമായില്ലെന്നാണു ഷാഹുൽ ഹമീദിൻ്റെ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.ചുരുങ്ങിയ നേരം കൊണ്ട് നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാൻ ഈ നല്ല മനുഷ്യർ ഒരുമിച്ചിറങ്ങിയത് കൊണ്ടാണു സാധ്യമായത്.

രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട നിരവധി യുവാക്കൾ രക്ഷാപ്രവർത്തന സാഹചര്യങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ അനുഭവങ്ങൾ പങ്ക് വെച്ചിരുന്നു. ഷാഹുൽ ഹമിദ് അടക്കമുള്ള നല്ലവരായ മനുഷ്യ സ്നേഹികൾക്ക് സോഷ്യൽ മീഡിയയിൽ നിരവധിയാളുകളാണു അഭിനന്ദനങ്ങൾ അർപ്പിച്ച് കൊണ്ടിരിക്കുന്നത്.

ഇമ്മച്ചിൻ്റെ ബാവു എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ടുള്ള ഷാഹുൽ ഹമീദ് ഇമ്മച്ചിക്ക് മാത്രമല്ല 37 മനുഷ്യർക്കാണു ഇന്നലെ ദുരന്തമുഖത്ത് തുണയായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്