സൗദിയിൽ ഇന്ന് മുതൽ ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം നിലവിൽ വന്നു; വിദേശികൾക്ക് ഭീഷണിയായേക്കും
ജിദ്ദ: സൗദിയിൽ ഇന്ന് (ശനിയാഴ്ച) മുതൽ സ്വദേശികൾക്ക് ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം നടപ്പിലാക്കൽ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും ഉദ്ദേശിച്ചാണു ഈ പദ്ധതി നിലവിൽ വന്നിട്ടുള്ളത്.

ഒന്നോ അതിലധികമോ തൊഴിലുടമകൾക്കായി ഒരു പാർട്ട് ടൈം ജീവനക്കാരൻ ജോലി ചെയ്യുന്നതിനെയാണു ഫ്ളെക്സിബിൾ വർക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദികളെ മണിക്കൂർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാൻ സാധിക്കും. അതേ സമയം അവർക്ക് ലീവ് സാലറിയോ സർവീസ് ബെനെഫിറ്റോ നൽകേണ്ടതില്ല.

പാർട്ട് ടൈം ആയി ജോലിക്ക് നിയമിക്കുന്ന സൗദികളെ നിതാഖാത്തിൽ പരിഗണിക്കുമെന്നത് സ്ഥാപനങ്ങളെ സൗദി യുവതീ യുവാക്കളെ കൂടുതൽ ജോലിക്ക് നിയമിക്കാൻ പ്രേരിപ്പിക്കും എന്നാണു അധികൃതരുടെ പ്രതീക്ഷ.
ഈ സിസ്റ്റം വഴി സൗദി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിക്കുകയും വിദേശികളുടെ തൊഴിൽ മേഖലയിലെ സാന്നിദ്ധ്യം ഘട്ടം ഘട്ടമായി കുറക്കാൻ സാധിക്കുകയും ചെയ്യുമെന്നും നിരീക്ഷിക്കപ്പെടുന്നു.

സാധാരണയുള്ള ജോലി സമയത്തിൻ്റെ പകുതിയിൽ താഴെ സമയം ആയിരിക്കും ഫ്ളെക്സിബിൾ കരാർ പ്രകാരമുള്ള ജോലി സമയം. അത് ദിനം പ്രതിയെന്ന രീതിയിലോ ആഴ്ചയിൽ ഇഷ്ടമുള്ള ദിവസമെന്ന രീതിയിലോ എല്ലാം ആകാം.
തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സ്ഥലത്തെ പരിക്കുകൾ എന്നിവയുടെ കാര്യങ്ങളിൽ മറ്റുള്ള ജോലിക്കാർക്ക് നൽകുന്ന പരിരക്ഷ പാർട്ട് ടൈം ജോലിക്കാർക്കും തൊഴിലുടമ നൽകിയിരിക്കണം.

അതോടൊപ്പം ഒരു പാർട്ട് ടൈം ജോലിക്കാരൻ എന്ന നിലയിൽ ജീവനക്കാരെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്യണം.
നിയമാനുസൃതമല്ലാത്ത കാരണം കൊണ്ട് ഫ്ളെക്സിബിൽ ജോബ് കരാർ ഒപ്പിട്ട കക്ഷികളിൽ ഒരാൾ കരാർ ലംഘിച്ചാൽ കരാർ ലംഘകനിൽ നിന്നും രണ്ടാമത്തെ കക്ഷിക്ക് അവശേഷിക്കുന്ന ദിനത്തിനനുസരിച്ചുള്ള വേതനം നഷ്ടപരിഹാരമായി ആവശ്യപ്പെടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
