സൗദിയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണം നടപ്പിലാക്കും
ജിദ്ദ: കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം സൗദിയിൽ നടപ്പാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് സർക്കാരുമായി ചേർന്നുള്ള സഹകരണ കരാറിൻ്റെ അടിസ്ഥാനത്തിലാണിത്.
ചൈനീസ് കമ്പനിയായ കാൻസിനോയുമായി സഹകരിച്ച് കൊറോണ വൈറസിനെതിരായ വാക്സിനേഷൻ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്കരിച്ചതായും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുകയും ഒന്നും രണ്ടും ഘട്ടങ്ങളുടെ പരീക്ഷണങ്ങൾ ചൈനയിൽ നടത്തുകയും ചെയ്തിരുന്നു. ഫസ്റ്റ് സ്റ്റേജിൽ 108 വളണ്ടിയർമാരിലും സെക്കൻഡ് സ്റ്റേജിൽ 603 വളണ്ടിയർമാരിലുമായിരുന്നു പരീക്ഷണം നടത്തിയത്. രണ്ട് പരീക്ഷണങ്ങളിലും ഫലം വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുന്നാം ഘട്ടത്തിൽ സൗദിയിലെ 18 വയസ്സിനു മുകളിൽ പ്രായമുള്ള 5000 വളണ്ടിയർമാരിലായിരിക്കും പരീക്ഷണം നടക്കുക. വളണ്ടിയർമാരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും പരീക്ഷണം.
അതേ സമയം സൗദിയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ നേരിയ വർദ്ധനവ് പെരുന്നാൾ ദിനങ്ങളിലെ കൂടിച്ചേരലിൻ്റെ ഫലമായിരിക്കാമെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് അറിയിച്ചു. പുതുതായി 1428 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം 1599 പേർക്ക് രോഗമുക്തി ലഭിച്ചു. 37 മരണമാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. 33,484 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1816 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa