മാനസികാസ്വസ്ഥതയുള്ളയാളെ പരിചരിക്കാൻ വീട്ടിൽ ചെന്ന സൗദി നഴ്സിനെ രോഗി കുത്തിക്കൊലപ്പെടുത്തി
റിയാദ്: റിയാദിൽ മാനസികാസ്വസ്ഥതയുള്ളയാളെ അയാളുടെ വീട്ടിൽ പരിചരിക്കാൻ ചെന്ന സൗദി നഴ്സിനെ രോഗി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി.
റിയാദ് മെൻ്റൽ ഹെൽത്ത് സെൻ്ററിലെ ജീവനക്കാരനായ അബ്ദുൽ കരീം അൽ മുതൈരി എന്ന സൗദി നഴ്സാണു രോഗിയുടെ വീട്ടിൽ പരിചരണത്തിനായി ചെന്ന് ദാരുണമായി കുത്തേറ്റ് മരിച്ചത്.
രോഗിക്ക് ആവശ്യമായ മരുന്ന് നൽകാനായി രോഗിയുടെ പിതാവിനു അബ്ദുൽ കരീം മുതൈരി ഫോൺ ചെയ്തു. എന്നാൽ താൻ വീട്ടിലില്ലെന്നും അത് കൊണ്ട് അബ്ദുൽ കരീം തന്നെ വീട്ടിൽ വന്ന് മരുന്ന് നൽകണമെന്നും രോഗിയുടെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് നഴ്സ് രോഗിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.
അബ്ദുൽ കരീം രോഗിയുടെ വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ രോഗി കത്തി കൊണ്ട് അബ്ദുൽ കരീമിനെ കുത്തുകയും അത് മരണത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ പിതൃവ്യ പുത്രൻ മാധ്യമങ്ങളോട് പറഞ്ഞു. ആ സമയം രോഗിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ഒരു മാസമായി താൻ അബ്ദുൽ കരീമിനെ കൊല്ലാൻ ഒരുങ്ങിയിരിക്കുകയായിരുന്നുവെന്ന് രോഗി പോലീസിനോട് പറഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 28 വയസ്സുകാരനായ അബ്ദുൽ കരീമിൻ്റെ വിയോഗത്തോടെ 3 പെൺമകളാണു അനാഥരായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa