ഗോപി നെടുങ്ങാടിക്ക് തണൽ ചാരിറ്റി യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്ന് വ്യാഴവട്ടക്കാലത്തെ പ്രവാസജീവിതം പിന്നിട്ട് നാട്ടിലേക്ക് തിരിക്കുന്ന ഗോപി നെടുങ്ങാടിക്ക് തണൽ ചാരിറ്റി യാത്രയയപ്പ് നൽകി. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ മടങ്ങിപ്പോക്ക് ജിദ്ദാ സമൂഹത്തിന് നികത്താൻ കഴിയാത്ത വിടവാണെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ നവോത്ഥാനത്തിനും കെട്ടുറപ്പിനും പരന്ന വായനയും അതിനോടു ചേർന്നു നിൽക്കുന്ന സാംസ്കാരിക പരിപാടികളും ചിന്തോദ്ദീപകമായ സദസ്സുകളും എത്ര പ്രാധാന്യപ്പെട്ടതാണെന്ന് മനസ്സിലാക്കി തന്നാണ് അദ്ദേഹം പ്രവാസ ലോകത്ത് നിന്ന് വിടവാങ്ങുന്നതെന്നു ചടങ്ങിൽ ആശംസ അറിയിച്ചവർ വിവരിച്ചു.
ജീവകാരുണ്യ രംഗത്തും ആതുര സേവന രംഗത്തും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റിയുമായി തികഞ്ഞ മനുഷ്യസ്നേഹിയായ ഗോപി നെടുങ്ങാടി എത്ര അടുപ്പം പുലർത്തിയിരുന്നുവെന്നും സഹകരിച്ചു പ്രവർത്തിച്ചിരുന്നുവെന്നതും അത്ഭുതകരമായ ഒന്നല്ല എന്ന് ആമുഖ പ്രഭാഷണം നടത്തിയ ഗഫൂർ ചുങ്കത്തറ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിനുള്ള ഉപഹാരം ഷാജു ചാരുംമൂട് അബ്ദുൽ സലാം കോട്ടപ്പാറ (അബീർ) എന്നിവർ ചേർന്ന് സമ്മാനിച്ചു. അദ്ദേഹവുമായി സഹകരിച്ചു പ്രവർത്തിച്ച നല്ല അനുഭവങ്ങൾ അവർ വിശദീകരിച്ചു.
പ്രവാസലോകത്ത് എന്നതുപോലെ നാട്ടിലും തണൽ ചാരിറ്റിയുടെ അഭ്യുദയകാംക്ഷിയും സഹകാരിയുമായി വർത്തിക്കുമെന്നും തണൽ ചാരിറ്റിയുമായുള്ള നല്ല ഓർമ്മകൾ തന്റെ ജീവിതത്തിലെ ധന്യമായ മുഹൂർത്തങ്ങളിൽപ്പെട്ടതാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ലുലു സൈനി അധ്യക്ഷനായിരുന്നു. കരീം മഞ്ചേരി സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു. അലി ബാപ്പു, സമദലി, സാലി, ഇബ്രാഹിം, റഹീം എന്നിവർ ആശംസകൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa