Tuesday, November 26, 2024
Saudi ArabiaTop Stories

പുതിയ ബിനാമി വിരുദ്ധ നിയമത്തിനു സൗദി മന്ത്രി സഭയുടെയും അംഗീകാരം; 5 വർഷം തടവും 50 ലക്ഷം റിയാലും പിഴ

റിയാദ്:കനത്ത ശിക്ഷയും പിഴയും ഉൾപ്പെടുത്തിയ സൗദി അറേബ്യയുടെ പുതിയ ബിനാമി വിരുദ്ധ നിയമം ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രി സഭാ യോഗം അംഗീകരിച്ചു.

നിയമലംഘകർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ പിഴയും ആണു പുതിയ നിയമത്തിൽ അംഗീകരിച്ചത്. നേരത്തെ രണ്ട് വർഷം തടവും പത്ത് ലക്ഷം റിയാലുമായിരുന്നു പിഴ. ഇതോടൊപ്പം നേരത്തെയുള്ള ശിക്ഷകളായ, വിദേശിയാണെങ്കിൽ ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തി നാടു കടത്തലും സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കലടക്കമുള്ള മറ്റു നിയമങ്ങളും ബാധകമാകും.

കഴിഞ്ഞ മാസം സൗദി ശൂറാ കൗൺസിലും പാസാക്കിയ ഈ നിയമം ബിനാമി സ്രോതസ്സുകളെ നിയന്ത്രിക്കുന്നതിനും നിഴൽ സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുന്നതിനുമാണു കൊണ്ട് വന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

ബിനാമികളെക്കുറിച്ച് വിവരം നൽകുന്നവരുടെ ഒരു വിവരവും കേസ് ഫയലുകളിൽ ഉൾപ്പെടുത്താതെ പരിരക്ഷിക്കാൻ പുതിയ നിയമം അനുശാസിക്കുന്നു. അതോടൊപ്പം പിരിച്ചെടുത്ത പിഴയുടെ 30 ശതമാനം വരെ വിവരം നൽകിയവർക്ക് പ്രതിഫലം നൽകുകയും ചെയ്യും.

സൗദി പൗരന്മാരുടെ പേരിൽ വിദേശികൾ രഹസ്യമായി വാണിജ്യ മേഖലയിൽ ഉടമസ്ഥാവകാശം കൈയാളുന്നത് പോലെയുള്ള ബിനാമി ഇടപാടുകളെ തടയുന്നതിനായി പ്രത്യേക മന്ത്രി തല കമ്മിറ്റിയും കഴിഞ്ഞ ദിവസം സർക്കാർ രൂപീകരിച്ചിരുന്നു. ചുരുക്കത്തിൽ ബിനാമികൾക്ക് മൂക്ക് കയറിടാൻ തന്നെയാണു സൗദി അധികൃതരുടെ തീരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്