സൗദിയിലേക്കുള്ള പ്രവേശനത്തിൻ്റെ രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്ന് ജവാസാത്ത്; ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത് കഫീൽ കൂടെയുള്ള ഗാർഹിക തൊഴിലാളികൾക്ക്
റിയാദ്: സൗദിയിലേക്ക് കര മാർഗ്ഗം പ്രവേശിക്കുന്നതിനു സൗദികൾക്കും അവരുടെ വിദേശികളായ ബന്ധുക്കൾക്കും വിദേശ ഗാർഹിക തൊഴിലാളികൾക്കും അബ്ഷിർ വഴി അപേക്ഷിക്കുന്നതിലൂടെ അവസരമൊരുക്കിയതിനു പിറകെ കൂടുതൽ വിശദീകരണവുമായി ജവാസാത്ത് അധികൃതർ.
നിലവിൽ പ്രഖ്യാപിച്ചത് ഒന്നാം ഘട്ടമാണെന്നും രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും സൗദിയിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത് കഫീൽ കൂടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണെന്നും സൗദി ജവാസാത്ത് ഔദ്യോഗിക വാക്താവ് ക്യാപ്റ്റൻ നാസിർ അൽ ഉതൈബി അറിയിച്ചു.
എന്ത് കൊണ്ടാണു നിലവിൽ കരമാർഗ്ഗം മാത്രം പ്രവേശനം അനുവദിച്ചതെന്നും വ്യോമ മാർഗ്ഗം അനുവദിക്കാതിരുന്നതെന്ത് കൊണ്ടെന്നുമുള്ള അൽ ഇഖ്ബാരിയ ചാനലിലെ വാർത്താ അവതാരകൻ്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ക്യാപ്റ്റൻ നാസിർ രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
കിംഗ് ഫഹദ് കോസ് വേ, ബഥ്ഹ, ഖഫ്ജി, അറകഇ തുടങ്ങിയ നാലു പ്രവേശനാതിർത്തികൾ വഴിയാണു നിലവിൽ സൗദിയിലേക്കുള്ള പ്രവേശനം അനുവദിച്ചിട്ടുള്ളത്.
സൗദിയിലേക്ക് പ്രവേശിക്കാനുദ്ദേശിക്കുന്ന സൗദികളുടെ വിദേശികളായ അടുത്ത ബന്ധുക്കളും വിദേശ തൊഴിലാളികളും കൊറോണ നെഗറ്റീവ് ആണെന്നു തെളിയിക്കുന്നതിനുള്ള 48 മണിക്കൂറിനുള്ളിൽ നടത്തിയ പി സി ആർ ടെസ്റ്റ് റിസൽറ്റ് കയ്യിൽ കരുതിയിരിക്കണം എന്നത് പ്രധാന വ്യവസ്ഥയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa