പുതിയ രണ്ട് വാതക, എണ്ണപ്പാടങ്ങൾ കൂടി കണ്ടെത്തി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ രണ്ട് പുതിയ എണ്ണ, വാതക മേഖലകൾ കൂടി സൗദി അറേബ്യ കണ്ടെത്തി. വടക്കൻ അതിർത്തി, അൽ-ജൗഫ് മേഖലകളിൽ സൗദി അരാംകോ രണ്ട് പുതിയ എണ്ണ, വാതക മേഖലകൾ കണ്ടെത്തിയതായാണ് ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ഞായറാഴ്ച അറിയിച്ചത്.
അൽ ജൗഫ് മേഖലയിലെ ഹദ്ബത്ത് അൽ ഹജ്റ ഗ്യാസ് ഫീൽഡ്, വടക്കൻ അതിർത്തി മേഖലയിലെ അബ്റാക്ക് അൽ-താലുൽ വാതക, എണ്ണപ്പാടം എന്നിവയാണ് പുതിയതായി കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സകാക്കയുടെ കിഴക്ക് ഹദ്ബത്ത് അൽ ഹജ്റയിലെ അൽ-സർറ റിസർവോയറിൽ നിന്ന് പ്രതിദിനം 16 ദശലക്ഷം ഘനയടി എന്ന നിരലാണ് പ്രകൃതി വാതകം ഉല്പാദിപ്പിക്കപ്പെടുന്നത്.
അരാർ നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള അബ്റാക്ക് അൽ-താലുൽ ഷറൂറ റിസർവോയറിൽ നിന്ന് പ്രതിദിനം 3,189 ബാരൽ എന്ന നിരക്കിൽ മികച്ച അറേബ്യൻ എണ്ണ ഉല്പാദിപ്പിക്കുന്നതോടൊപ്പം 1.1 ദശലക്ഷം ഘനയടി ഗ്യാസും ഉൽപ്പാദിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
രണ്ട് പാടങ്ങളുടെയും വിസ്തൃതിയും വലുപ്പവും നിർണ്ണയിക്കാൻ കൂടുതൽ കിണറുകൾ കുഴിക്കുന്നതിനൊപ്പം, രണ്ട് മേഖലകളിലെ എണ്ണ, ഗ്യാസ്, പ്രകൃതി വാതകം എന്നിവയുടെ അളവ് വിലയിരുത്തുന്നതിനായി സൗദി അരാംകോ തുടർന്നു പ്രവർത്തിക്കും എന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa