കൊറോണ ബാധിച്ചവർ അമിതമായി ഉത്കണ്ഠപ്പെടരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം; സൗദിയിൽ രോഗബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു
ജിദ്ദ: കൊറോണ വൈറസ് ബാധിതർ അമിതമായി ഉത്കണ്ഠപ്പെടരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി.
വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗം പേരും സുഖം പ്രാപിച്ചിട്ടുണ്ടെന്നും അമിതമായ ഉത്കണ്ഠയും പിരിമുറുക്കവും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും അത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി.
അതേ സമയം സീസൺ പനികൾക്കെതിരെയുള്ള പ്രതിരോധ മരുന്നുകൾ രോഗ പ്രതിരോധ ശേഷി കൂട്ടുമെന്നത് വസ്തുതയാണെന്നും അതേ സമയം അത് പുതിയ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലെപ്പോലെത്തന്നെ ഇന്നും സൗദിയിൽ കൊറോണ റിപ്പോർട്ട് വലിയ ആശ്വാസം പകരുന്നതായിരുന്നു. പുതുതായി 816 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. 996 പേർ രോഗ മുക്തി നേടുകയും ചെയ്തു. ഇതോടെ സൗദിയിൽ ആകെ രോഗബാധ സ്ഥിരീകരിച്ചവരിലെ 92.13 ശതമാനം പേരും രോഗമുക്തി നേടിക്കഴിഞ്ഞു.
പുതുതായി 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3956 ആയി. 21,020 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1523 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa