Sunday, September 29, 2024
Riyadh

നവോദയ മുൻകേന്ദ്രകമ്മിറ്റി അംഗം ഹക്കീം മാരാത്ത് നാട്ടിലേക്ക് മടങ്ങുന്നു.

റിയാദ്: കാൽനൂറ്റാണ്ടിന്റെ പ്രവാസത്തോട് വിടപറഞ്ഞു നവോദയ കേന്ദ്ര കമ്മിറ്റി അംഗവും പൊളിറ്റിക്കൽ വിങ് കൺവീനറുമായി പ്രവർത്തിച്ചിരുന്ന റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ഹക്കീം മാരാത്ത് നാട്ടിലേക്ക് മടങ്ങുന്നു.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, എടരിക്കോട് അമ്പലവട്ടം സ്വദേശിയാണ്. മുസാമിയ കേന്ദ്രീകരിച്ച് സൗഹൃദ മലയാള വേദി, റിയാദിലെ കേളീ കലാസാംസ്കാരിക വേദി എന്നീ സംഘടനകളുടെ രൂപീകരണത്തിലും നിർണ്ണയ പങ്കുവഹിച്ചിട്ടുണ്ട്. റിയാദിൽ ഇടതുസംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് സി പി എം സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ, ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ഹക്കീം ചർച്ചകൾ നടത്തിയിട്ടുണ്ടായിരുന്നു.

റിയാദിലെ പൊതുവേദികളിൽ ഇടതുപക്ഷ സംവാദകനായും പ്രസംഗികനായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായി ഏതാനും മാസങ്ങൾക്കുമുമ്പ് ജിദ്ദയിലേക്ക് മാറിയ ഹകീം സ്വന്തം ആവശ്യപ്രകാരമാണ് അൽഖുറൈഫ് കമ്പനിയിൽ നിന്നും എക്സിറ്റ് നേടി നാട്ടിലേക്കു മടങ്ങുന്നത്. ജിദ്ദയിലും നവോദയയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ് അദ്ദേഹം. രണ്ടു പതിറ്റാണ്ടോളം റിയാദിൽ പൊതുപ്രവർത്തന രംഗത്ത് കേളി, നവോദയ എന്നീ സംഘടനകൾ വഴി സജീവമായിരുന്നു ഹക്കീം.

എസ് എഫ്‌ ഐയിലൂടെ ഇടതു രാഷ്ട്രീയ രംഗത്ത് സജീവമായ ഹക്കീം ഡി വൈ എഫ് ഐയുടെ എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങൾ ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ഭാരവാഹിത്വം വഹിച്ചിരുന്നു. സി പി ഐ-എം തെന്നല ലോക്കൽ കമ്മിറ്റി അംഗമായും എടരിക്കോട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായി നിരവധിതവണ ക്രൂരമായ പോലീസ് മർദ്ദനത്തിരയായിട്ടുണ്ട്. 1994  ലാണ് സൗദിയിൽ എത്തുന്നത്. ആരോഗ്യപരമായ കാര്യങ്ങളാണ് മടങ്ങുന്നതെന്ന് ഹകീം പറഞ്ഞു. നാട്ടിൽ വീണ്ടും ഇടതുപക്ഷ പൊതുപ്രവർത്തനത്തിൽ തുടരാനാണ് ഹക്കീം ഉദ്ദേശിക്കുന്നത്. ഭാര്യ ജമീല എടരിക്കോട് എ ഡി എസ് ആണ്, വിവാഹിതയായ മകൾ സുഹൈല പി ജി വിദ്യാർത്ഥിയാണ്. മകൻ സൽമാൻ പ്ലസ് ഒന്നിനും, ഇളയ മകൾ സിഫ്‌ല ആറാം ക്ലാസ്സിലും പഠിക്കുന്നു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q