Monday, September 30, 2024
Saudi ArabiaTop Stories

മദീനയിലെ പ്രവാചകൻ്റെ പള്ളിക്ക് നേരെ നടന്ന ചാവേറാക്രമണം ആസൂത്രണം ചെയ്ത 3 ഭീകരർക്ക് വധ ശിക്ഷ

റിയാദ്: മദീനയിലെ പ്രവാചകൻ്റെ പള്ളിക്ക് നേരെയും ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ഹോസ്പിറ്റലിനു സമീപവും നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളികളായ 3 പേർക്ക് റിയാദ് സ്പെഷ്യൽ ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു. മറ്റു 6 പ്രതികൾക്ക് ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.

പ്രതികൾ ഐ എസ് ഭീകര സംഘത്തിൽ ചേർന്ന് ആക്രമണം പ്ളാൻ ചെയ്യുകയും ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകുകയും ആയുധങ്ങൾ കൈവശം സൂക്ഷിക്കുകയും ചെയ്തിരുന്നു.

ജിദ്ദ ഹറാസാത്ത് റെസ്റ്റ് ഹൗസ് സെൽ എന്ന പേരിൽ അറിയപ്പെടുന്ന കേസിലെ ഈ പ്രതികളാണു മദീനയിലെ പ്രവാചകൻ്റെ പള്ളിക്ക് നേരെയും ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ഹോസ്പിറ്റലിനു നേരെയും നടന്ന ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

നാലു വർഷങ്ങൾക്ക് മുംബ് റമദാൻ മാസത്തിൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ എത്തിയ വിശ്വാസികളെ ലക്ഷ്യമാക്കി നടത്തിയ ചാവേറാക്രമണത്തിൽ ചാവേർ കൊല്ലപ്പെട്ടതിനു പുറമെ നാലു സുരക്ഷാ ഭടന്മാർ രക്ത സാക്ഷികളാകുകയും ചെയ്തിരുന്നു.

ഇതേ സംഘത്തിൻ്റെ തൻ്റെ ആസൂത്രണ ഫലമായി ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ആശുപത്രിക്ക് നേരെയും ചാവേറാക്രമണം നടക്കുകയും ചാവേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

രണ്ട് കേസുകളിലും ചാവേറുകളെ സംശയാസ്പദമായ നിലയിൽ കണ്ടതിനെത്തുടർന്ന് തടയാൻ ശ്രമിച്ചപ്പോൾ ചാവേറുകൾ ധരിച്ചിരുന്ന ബെൽറ്റ് ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ഭീകര സംഘത്തിൽ പെട്ട ഒരാൾ സൗദി അധികൃതർക്ക് കീഴടങ്ങാൻ ഉദ്ദേശിച്ചതായി സൂചന ലഭിച്ചതിനെത്തുടർന്ന് സംഘാംഗങ്ങൾ തന്നെ അയാളെ വക വരുത്തിയതായും അനേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘാംഗത്തെ വെടി വെച്ച് കൊല്ലാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് കഴുത്തറുത്താണു കൊലപാതകം നടത്തിയത്. കൊലപാതകത്തെ തുടർന്ന് മൃതദേഹം ഒരു കുഴിയിൽ തള്ളുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്