ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയാൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മുറൂർ; റോഡ് മുറിച്ച് കടക്കുന്ന കാൽനട യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ
ജിദ്ദ: വാഹനം ചലിച്ച് കൊണ്ടിരിക്കേ ചാടിയിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം. ഇത് ജീവൻ അപകടത്തിലാക്കുമെന്നും ഗതാഗത പ്രശ്നമുണ്ടാക്കുമെന്നും ഓർമ്മിപ്പിച്ച മുറൂർ ഇത്തരം പ്രവർത്തനങ്ങൾക്ക് 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.
ചരക്ക് വാഹനങ്ങളിലെ സാധനങ്ങൾ മൂടാതിരിക്കുന്നവർക്കും മുറൂർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചരക്കുകൾ മൂടാതിരിക്കുന്നത് റോഡിലൂടെ പോകുന്ന മറ്റുള്ള യാത്രക്കാർക്ക് ഭീഷണിയാണെന്നും അത്തരം നിയമ ലംഘനം നടത്തുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്നും മുറൂർ അറിയിച്ചു.
ഓവർടേക്കിംഗ് പാടില്ലാത്ത വളവുകളും ഉയർന്ന പ്രദേശങ്ങളും പോലുള്ള സ്ഥലങ്ങളിൽ നിയമം ലംഘിച്ച് ഓവർടേക്കിംഗ് നടത്തുന്നവർക്ക് 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ഈടാക്കും.
നിശ്ചയിക്കപ്പെട്ട വഴികളിലൂടെ മാത്രമേ കാൽ നട യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ പാടുള്ളൂ എന്ന് സൗദി ട്രാഫിക് വിഭാഗം പ്രത്യേകം ഓർമ്മപ്പെടുത്തി.
റോഡിലൂടെ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തുക, റോഡ് മുറിച്ച് കടക്കാൻ നിശ്ചയിക്കപ്പെട്ട വഴികളിലൂടെ മാത്രം നടക്കുക, റോഡ് മുറിച്ച് കടക്കുന്ന സമയത്ത് മൊബൈലോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണമെന്ന് മുറൂർ കാൽ നട യാത്രക്കാരോടായി നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa