Friday, May 17, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയെങ്കിലും ഇഖാമ, റീ എൻട്രി കാലാവധി അവസാനിച്ചവരായി നിരവധി പേർ

ജിദ്ദ: സെപ്തംബർ 15 മുതൽ സൗദിയിലേക്കുള്ള പ്രവേശനം സാധ്യമാകാനിരിക്കേ ഇഖാമകളും റി എൻട്രി വിസയും പുതിയ വിസയും അവസാനിച്ചവരായി നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്.

വിവിധ ഘട്ടങ്ങളിലായി പല പ്രവാസികളുടെയും ഇഖാമ, റി എൻട്രി കാലാവധികൾ ജവാസാത്ത് ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയിരുന്നു. ഏറ്റവും അവസാനം പരമാവധി സെപ്തംബർ 30 വരെയാണു കാലാവധി പുതുക്കി നൽകിയിട്ടുള്ളത്. അതിൽ തന്നെ പലരുടെയും ഇഖാമകളും റി എൻട്രികളും സെപ്തംബർ പകുതിയോടെയെല്ലാം അവസാനിക്കുകയും ചെയ്യുന്നുണ്ട്.

ഈ സാാഹചര്യത്തിൽ ഇനി ഒരു ഓട്ടോമാറ്റിക് പുതുക്കൽ കൂടി ലഭിച്ചാൽ വലിയ പ്രയാസം ഇല്ലാതെ തന്നെ സൗദിയിലേക്ക് മടക്ക യാത്ര സാധ്യമാകുമെങ്കിലും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ ഇനി ഓട്ടോമാറ്റിക് ആയി പുതുക്കുമോ എന്ന ആശങ്ക പലർക്കും ഉണ്ട്.

അഥവാ ഇനി ഓട്ടോമാറ്റിക്ക് ആയി പുതുക്കിയില്ലെങ്കിൽ നാട്ടിലുള്ള പ്രവാസികൾക്ക് മുംബിൽ ചെയ്യാനുള്ള മാർഗങ്ങളിൽ ഒന്ന് സ്പോൺസറുമായി ബന്ധപ്പെട്ട് പണമടച്ച് മുഖീം വഴിയോ അബ്ഷിർ വഴിയോ ഇഖാമകൾ പുതുക്കാൻ ആവശ്യപ്പെടുക എന്നതാണ്.

നേരത്തെ റി എൻട്രി വിസകൾ പണമടച്ച് സൗദിയിൽ നിന്ന് സ്പോൺസർമാർക്ക് പുതുക്കി നൽകാനുള്ള സംവിധാനം അധികൃതർ ഒരുക്കിയ രീതിയിൽ തന്നെയാണു ഇപ്പോൾ ഇഖാമയും പുതുക്കുന്നതിനു സംവിധാനം ഒരുങ്ങിയിട്ടുള്ളത്.

നാട്ടിലുള്ള പല പ്രവാസികളും ഇതിനകം ഈ സംവിധാനം ഉപയോഗപ്പെടുത്തി സ്പോണസർമാർ മുഖേന തങ്ങളുടെ ഇഖാമയും റി എൻട്രിയും വീണ്ടും പുതുക്കിക്കഴിഞ്ഞു.

അതേ സമയം ഇങ്ങനെ ഓൺലൈൻ വഴി പുതുക്കുന്നതിനായി സൗദിയിലുള്ള സ്പോൺസർ ഇഖാമ ഫീസും ലെവിയും എല്ലാം അടക്കേണ്ടതുണ്ട് എന്നതിനാൽ അത് പലർക്കും എളുപ്പമുള്ള പ്രക്രിയയാകില്ല എന്നതും ഒരു വസ്തുതയാണ്.

മറ്റൊരു വഴി സൗദി എംബസി വഴി കഫീലിൻ്റെ അനുമതിയോടെ റി എൻട്രി വിസകൾ പുതുക്കുന്നതിനുള്ള മാർഗം തേടുക എന്നതാണ്. അതിന് നേരത്തെയുള്ള സംവിധാനം തന്നെ നിലവിലുള്ളതിനാൽ കഫീലിന്റെ സഹകരണവും ഇക്കാര്യത്തിൽ ആവശ്യമാണ്. അതേ സമയം എംബസി/കോൺസുലേറ്റ് വഴി ഇഖാമകൾ പുതുക്കാൻ സാധിക്കുന്നതിനുള്ള വകുപ്പ് ഇല്ലെന്നതും മറിച്ച് റി എൻട്രി പുതുക്കാനുള്ള സംവിധാനം മാത്രമേ ഉള്ളു എന്നതും പലർക്കും പ്രയാസം സൃഷ്ടിക്കും.

പുതിയ വിസ ഇഷ്യു ചെയ്ത നിരവധിയാളുകളുടെ വിസ കാലാവധി അവസാനിച്ചിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇക്കാര്യത്തിൽ ജവാസാത്തിനോട് ബന്ധപ്പെട്ടപ്പോൾ സൗദിയിലെ ഇസ്തിഖ്ദാം ഓഫീസിൽ ബന്ധപ്പെടാനാണു പറഞ്ഞത്.

ഏതായാലും വരും നാളുകളിൽ സൗദി അധികൃതരിൽ നിന്നും വ്യക്തമായ മാർഗ നിർദേശങ്ങൾ ഈ വിഷയങ്ങളിൽ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്