Sunday, September 22, 2024
Saudi ArabiaTop Stories

സോഷ്യൽ മീഡിയ കുരുക്കാകാതെ നോക്കുക; മലയാളിയുടെ മോചനം ഇനിയുമകലെ

ജിദ്ദ: സാമൂഹിക മാധ്യമങ്ങളിൽ നമ്മൾ മലയാളികൾ എപ്പോഴും തിളക്കുന്ന യുവ രക്തങ്ങളാണ്. വിമർശനങ്ങളും ട്രോളുകളും കൊണ്ട് നമ്മൾ പ്രതിഷേധങ്ങളും അഭിനന്ദനങ്ങളും വാരി വിതറും. പക്ഷെ അത് ചിലപ്പോഴെങ്കിലും ചിലർക്ക് കുരുക്കായി മാറുന്നു. അത്തരമൊരു കുരുക്കിലാണ് സൗദിയിലെ സാമൂഹിക പ്രവർത്തകൻ ഡൊമിനിക് സൈമൺ.

സൈബർ നിയമങ്ങൾ ഏറെ കർശനമായ സൗദി അറേബ്യയിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസമായിട്ടും ഇദ്ദേഹത്തിന്റെ മോചനത്തിനു ഇതുവരെ വഴി തെളിഞ്ഞില്ല. എംബസിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് ഇട്ട പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് നടപടി.

സാമൂഹിക പ്രവർത്തകനായ ഡൊമിനിക് സൈമൺ ഇന്ത്യ സ്ഥാനപതിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എംബസ്സിയുടെയോ അംബാസഡറുടെയോ പ്രതിച്ഛായക്ക് കളങ്കം വരുത്തിയില്ലെന്നും സഊദി ഇന്ത്യന്‍ എംബസിയിലെ ചില ജീവനക്കാരുടെ പ്രവര്‍ത്തന പോരായ്മകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തതെന്നും ഡൊമിനിക്കിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു.

ഇപ്പോൾ റിയാദിൽ നിന്ന് ഏറെ മാറി അൽ ഖൈർ ജയിലിലാണ് ഡൊമിനിക് ഉള്ളതെന്നാണ് വിവരം. റിയാദിലെ ക്രിമിനൽ കോടതിയിൽ ഒക്ടോബർ ആദ്യവാരം കേസ് വിളിക്കുമെന്ന് ഡൊമിനിക് സൈമണോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു.

അപ്പോൾ റിയാദിലെ ഇന്ത്യൻ എംബസി ഇയാൾക്ക് അനുകൂലമായ സമീപനം സ്വീകരിച്ചാൽ മാത്രമേ കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. അല്ലാത്ത പക്ഷം കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുകയും ഒരഭിഭാഷകനെ വെച്ച് കേസ് വാദിക്കേണ്ടി വരികയും ചെയ്യും.

അതേസമയം കേന്ദ്ര സർക്കാരുമായും വിദേശകാര്യ വകുപ്പുമായും ബന്ധപ്പെട്ട് മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. എങ്കിലും മോചനം എളുപ്പമാകില്ലെന്നാണ് വിവരം. പരാതിക്കാരും കൃത്യം ചെയ്ത വ്യക്തിയും സഊദിയില്‍ തന്നെ താമസിച്ചു വരുന്നവരായതിനാലും കൃത്യം നടന്നത് സഊദിയില്‍ വെച്ചായതിനാലും സഊദി സൈബര്‍ നിയമ പ്രകാരമാണ് നടപടികള്‍ ഉണ്ടാകുക.

പരാതിക്കാർ പരാതി പിൻവലിച്ചാൽ മാത്രമേ ഡൊമിനിക്കിനു മോചനം സാധ്യമാകൂ. സൈബർ നിയമ ലംഘനം സൗദിയിൽ വൻ പിഴയും ജയിൽ ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനങ്ങളും ട്രോളുകളും പരിധി കടക്കുമ്പോൾ അത് സ്വന്തം നില നില്പിനെ ബാധിക്കും എന്ന് കൂടി ഈ സംഭവത്തിലൂടെ വ്യക്തമാവുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q