Saturday, November 23, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശിക്കെതിരെ റിയാദ് പോലീസ് കേസെടുത്തത് താനറിയാതെ തൻ്റെ ഇഖാമ നമ്പറിലെടുത്ത സിം കാർഡ് തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്‍തതിന്

ജിദ്ദ: സൗദിയിലെ പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നതിലേക്ക് സൂചന നൽകുന്നതാണു കഴിഞ്ഞ ദിവസം പോലീസ് കേസിൽ നിന്നും രക്ഷപ്പെട്ട മലപ്പുറം മങ്കട സ്വദേശി അബ്ദുറഹ്മാൻ്റെ അനുഭവം.

ഇഖാമ പുതുക്കാൻ സാധിക്കാത്ത വിധം എല്ലാ സേവനങ്ങളും ബ്ളോക്ക് ആയപ്പോഴാണ് സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ അബ്ദുറഹ്മാൻ അധികൃതരുമായി ബന്ധപ്പെട്ടത്.

അബ്ദുറഹ്മാൻ്റെ ഇഖാമ നംബറിൽ സിം കാർഡ് എടുത്ത് തട്ടിപ്പ് സംഘം പലരെയും ഫോൺ ചെയ്ത് ബാങ്ക് അക്കൗണ്ട് ചോർത്തിയെന്നാരോപിച്ച് റിയാദ് പോലീസ് അബ്ദുറഹ്മാൻ്റെ പേരിൽ കേസെടുത്തതായിരുന്നു സേവനങ്ങൾ ബ്ളോക്ക് ആക്കാൻ കാരണമായത്.

വർഷങ്ങൾക്ക് മുംബ് സിം കാർഡ് എടുക്കാനായി അബ്ദുറഹ്മാൻ നൽകിയ ഇഖാമാ കോപ്പികൾ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് സംഘം വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുകയും കുറ്റ കൃത്യങ്ങൾ നടത്തുകയും ചെയ്തിരുന്നത്.

സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിനോടൊപ്പം റിയാദ് ഖാലിദിയ ഓഫീസിൽ ചെന്ന് സംഭവത്തിൻ്റെ നിജസ്ഥിതി അന്വേഷിച്ചപ്പോൾ തൻ്റെ ഇഖാമയുടെ പേരിൽ ധാരാളം വ്യജ സിം കാർഡുകൾ തട്ടിപ്പ് സംഘം ഇഷ്യു ചെയ്തിട്ടുണ്ടെന്ന് അബ്ദുറഹ്മാനു ബോധ്യമാകുകയായിരുന്നു.

തുടർന്ന് റിയാദ് പോലീസിനും അബ്ദുറഹ്മാൻ്റെ നിരപരാധിത്വം ബോധ്യമായതോടേ കേസ് പിൻ വലിക്കുകയായിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ സൗദിയിൽ ചില വിദേശികളെ വ്യാജ സിം കാർഡ് ഇഷ്യു ചെയ്തതിനു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ നമ്മുടെ ഇഖാമ നംബറിൽ എത്ര സിം കാർഡുകൾ ആക്റ്റീവ് ആണെന്ന് അറിയുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാണെന്നിരിക്കെ അവ വിനിയോഗിക്കുകയും തങ്ങളുടെ പേരിൽ സിം കാർഡുകൾ മറ്റാരും ഇഷ്യു ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമായിട്ടുണ്ടെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് അബ്ദുറഹ്മാന്റെ അനുഭവം.

തട്ടിപ്പ് സന്ദേശങ്ങളും മറ്റ് കുറ്റ കൃത്യങ്ങളും ചെയ്യുന്നവർ ഇത്തരം വ്യാജ സിം കാർഡുകളാണു ദുരുപയോഗം ചെയ്യുന്നത്

https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx എന്ന ലിങ്ക് വഴി നമ്മുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഇഷ്യു ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാമെന്നതിനാൽ എല്ലാവരും ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്