Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്കുള്ള യാത്ര: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പുകളുടെ വസ്തുത എന്ത്

വെബ്‌ഡെസ്‌ക്: അനേകായിരം പ്രവാസികളാണ് സൗദി അറേബ്യയിലേക്ക് ഇന്ത്യയിൽ നിന്ന് ഫ്ലൈറ്റുകൾ പറന്നു തുടങ്ങുന്നത് കാത്തിരിക്കുന്നത്. കോവിഡ് പകർച്ചവ്യാധി തുടങ്ങുന്നതിനു മുൻപും ഇപ്പോഴും നാട്ടിൽ വന്ന് തിരിച്ചു പോകാനാവാതെ യാത്ര അനിശ്ചിതത്വത്തിലായ പ്രവാസികളെ പ്രലോഭിപ്പിക്കുന്ന നിരവധി വോയിസ് ക്ലിപ്പുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

സൗദി അറേബ്യയിലേക്ക് ഈ മാസം തന്നെ ചാർട്ടേഡ് ഫ്ലൈറ്റുകൾ പറക്കുമെന്ന് പറഞ്ഞു കൊണ്ട് നിരവധി ട്രാവൽസുകളാണ് ബുക്കിംഗ് ആരംഭിച്ചതായി പരസ്യം ചെയ്തിരിക്കുന്നത്. ചിലർ യാത്ര തിരിക്കുന്ന ദിവസം വരെ അനൗൺസ് ചെയ്ത് അഡ്വാൻസ് തുക കൈപറ്റുന്നുമുണ്ട്.

സൗദിയിലേക്ക് നിലവിൽ ഫ്ലൈറ്റുകൾ പറക്കുന്നില്ല. ജനുവരി മുതൽ മാത്രമായിരിക്കും സാധാരണ നിലയിലേക്ക് സൗദി വ്യോമയാന മേഖല തുറക്കുക എന്ന് സൗദി മന്ത്രാലയം തന്നെ അറിയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ചില പ്രത്യേക ട്രാവൽസുകൾക്ക് മാത്രം അനുകൂല്യങ്ങൾ ലഭ്യമാവില്ല എന്നതാണ് വസ്തുത.

രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ ടിക്കറ്റുകൾ ചില പ്രത്യേക ട്രാവൽസുകൾ വഴി മാത്രം വിതരണം ചെയ്യുന്ന രീതി ഉണ്ടാവില്ല. നിലവിൽ നില നിൽക്കുന്ന ബുക്കിംഗ് രീതികൾ തന്നെയാണ് അപ്പോഴും ഉണ്ടാകുക.

ഏതെങ്കിലും തരത്തിൽ വിമാന സർവീസിന് അനുമതി ലഭിച്ചാൽ ആദ്യം സൗദിയിൽ തിരിച്ചെത്താമല്ലോ എന്ന കണക്കു കൂട്ടലിലാണ് പലരും ഇത്തരം പരസ്യങ്ങൾ കണ്ട് ടിക്കറ്റെടുക്കാൻ തുനിയുന്നത്. എന്നാൽ വിമാന സർവീസ് ആരംഭിച്ചാൽ തന്നെ കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ സൗദിയിലേക്ക് പറക്കാൻ കഴിയൂ. ഫലം പോസിറ്റീവ് ആണെങ്കിൽ ടിക്കറ്റിന്റെ പണം മടക്കി ലഭിക്കുമോ എന്നെല്ലാം ഇത്തരത്തിൽ ടിക്കറ്റെടുക്കുന്നതിന് മുൻപ് ആലോചിക്കേണ്ടതുണ്ട്.

ചില ട്രാവല്സുകൾ പോവുന്ന തിയ്യതി പറയാതെ അഡ്വാൻസ് വാങ്ങി ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ അഡ്വാൻസ് കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്താൽ പിന്നീട് സർവീസ് പുനരാരംഭിക്കുമ്പോൾ ട്രാവൽ ഏജൻസി പറയുന്ന പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടിയും വരും.

ജനുവരി ഒന്നിന് മുൻപ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസിന് അനുമതി ലഭിച്ചാൽ തന്നെ, സൗദിയിൽ നിന്നും നാട്ടിലേക്ക് ചാർട്ടേർഡ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത് പോലെ തിരിച്ചും വിമാനങ്ങൾ ലഭ്യമായേക്കാം. അതുകൊണ്ട് തന്നെ ധൃതി പിടിച്ച് ഇപ്പോൾ ഇല്ലാത്ത വിമാന സർവീസിന് ടിക്കറ്റ് എടുത്തു വെക്കാതിരിക്കുന്നതാണ് ബുദ്ധി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa