Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ലേബർ കാമ്പുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും സന്ദർശിക്കുന്നത് വിലക്കിയും നിരീക്ഷണത്തിനു സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും പുതിയ നിർദ്ദേശം

ജിദ്ദ: സൗദിയിലെ ലേബർ കാമ്പുകളിൽ കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണ നിർദ്ദേശങ്ങൾ നാഷണൽ സെൻ്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻ്റ് കണ്ട്രോൾ (വിഖായ) പുതുക്കി.

ലേബർ കാമ്പിൽ സുഹൃത്തുക്കളും കുടുംബക്കാരും സന്ദർശിക്കുന്നത് വിലക്കണം. ഓരോ തൊഴിലാളിയും പുറത്തിറങ്ങുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും നിരീക്ഷിക്കാൻ ചെക്ക് പോയിൻ്റ് സ്ഥാപിക്കണം.

കാംബിൽ താമസിക്കുന്ന ഓരോ തൊഴിലാളിയുടെയും താപ നില ഒരു ദിവസം ചുരുങ്ങിയത് ഒരു തവണയെങ്കിലും പരിശോധിക്കണം.

തൊഴിലാളികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനു കാമറകൾ സ്ഥാപിക്കണം, ആവശ്യമായത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും അവർക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും വേണം.

താമസ സ്ഥലത്തും മറ്റു സ്ഥലങ്ങളിലുമെല്ലാം ഹാൻഡ് സാനിറ്റൈസറും സോപ്പുകളും ലഭ്യമാക്കിയിരിക്കണം.

ഉറങ്ങുന്ന സമയം ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിയിൽ നിന്ന് ചുരുങ്ങിയത് 4 സ്ക്വയർ മീറ്റർ അകലത്തിലായിരിക്കണം കിടക്കേണ്ടത്. അല്ലെങ്കിൽ ഓരോരുത്തർക്കും വെവ്വേറെ റൂം നൽകണം.

കുളിക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റും പരമാവധി അഞ്ച് തൊഴിലാളികൾക്ക് ഒന്ന് എന്ന നിലയിൽ സജ്ജീകരിച്ചിരിക്കണം.

പകർച്ചാ വ്യാധികൾ തടയുന്നതിനുള്ള മറ്റു എല്ലാ മുൻ കരുതൽ നിർദ്ദേശങ്ങളും ബന്ധപ്പെട്ടവർ സ്വീകരിച്ചിരിക്കണം എന്നിവയെല്ലാം വിഖായ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്