ഇഖാമ-റി എൻട്രി കാലാവധി അവസാനിക്കാറായ നാട്ടിലുള്ള സൗദി പ്രവാസികളുടെ ശ്രദ്ധക്ക്
ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയ നിരവധിയാളുകളുടെ ഇഖാമ റി എൻട്രി കാലാവധികൾ ഓട്ടോമാറ്റിക്കായി ജവാസാത്ത് പുതുക്കി നൽകിയെങ്കിലും ഇനിയും ഇഖാമ-റി എൻട്രി കാലാവധികൾ പുതുക്കാത്തവരായും പുതുക്കിയത് തന്നെ കാലാവധി അവസാനിക്കാറായവരും നിരവധിയുണ്ട് എന്നതാണു വസ്തുത.
ഈ സാഹചര്യത്തിൽ ഇനിയൊരു ഓട്ടോമാറ്റിക് പുതുക്കൽ കൂടി ഉണ്ടാകുമോ എന്ന് പല പ്രവാസി സുഹൃത്തുക്കളും സംശയം ആരായുന്നുണ്ട്.
സൗദി ജവാസാത്തിനോട് ഇത് സംബന്ധിച്ച് ഇപ്പോൾ സംശയങ്ങൾ ചോദിക്കുന്ന സന്ദർഭത്തിൽ ഇനിയൊരു പുതുക്കൽ ഉണ്ടാകുമെന്ന സൂചനയൊന്നും മറുപടിയിൽ കാണുന്നില്ല.
മറിച്ച് യോഗ്യതയുള്ള ആറു മാസത്തിലധികം ഇഖാമ കാലാവധി അവസാനിക്കാത്തവരുടേതെല്ലാം പുതുക്കി നൽകിയിട്ടുണ്ടെന്നാണു ജവാസാത്ത് ചില ചോദ്യകർത്താക്കൾക്ക് മറുപടി നൽകിയിട്ടുള്ളത്.
നേരത്തെ ഇഖാമ പുതുക്കുന്നതിനെ സംബന്ധിച്ച് ചോദിക്കുന്ന സന്ദർഭങ്ങളിലെല്ലാം അവ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് മറുപടി നൽകിയിരുന്ന ജവാസാത്ത് ഇപ്പോൾ പുതുക്കൽ പൂർത്തിയായി എന്ന രീതിയിൽ മറുപടി നൽകുന്നത് തന്നെ ഇനിയൊരു പുതുക്കൽ ഉണ്ടാകാൻ സാധ്യതയില്ല എന്നതിലേക്കാണു സൂചന നൽകുന്നത്. അതേ സമയം ഇനി ഓട്ടോമാറ്റിക്കായി പുതുക്കില്ല എന്ന് ജവാസാത്ത് ഇത് വരെ ഔദ്യോഗിക മായി പ്രഖ്യാപിച്ചിട്ടുമില്ല .
സമീപ ദിനങ്ങളിൽ ഇഖാമ കാലാവധികൾ അവസാനിക്കുന്നവർക്ക് വിമാന സർവീസുകൾ തുടങ്ങിയാൽ ആശങ്കപ്പെടേണ്ടതില്ലായിരുന്നുവെങ്കിലും സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് ഇനിയും ഒരു തീരുമാനം ഈ നിമിഷം വരെ ലഭിക്കാത്തത് വലിയ സമ്മർദ്ദമാണുണ്ടാക്കുന്നത്.
ഏതായാലും ഈ സാഹചര്യത്തിൽ നാട്ടിലുള്ളവരുടെ മുന്നിൽ ഉചിതമായ മാർഗം സൗദിയിലെ സ്പോൺസറുമായി ബന്ധപ്പെട്ട് മുഖീം വഴിയോ അബ്ഷിർ വഴിയോ ഇഖാമയും റി എൻട്രിയും ഓൺലൈൻ വഴി പുതുക്കാൻ ആവശ്യപ്പെടുകയെന്നതാണ് എന്ന് തന്നെ പറയാം.
നിരവധി പ്രവാസി സുഹൃത്തുക്കൾ ഇതിനകം ഇഖാമകളും റി എൻട്രി വിസകളുമെല്ലാം ഇത്തരത്തിൽ സ്പോൺസറുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക്കായി പുതുക്കിക്കഴിഞ്ഞിട്ടുണ്ട്.
കഫീലുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കില്ല എന്നുണ്ടെങ്കിൽ ഏതെങ്കിലും രീതിയിൽ സൗദിയിലുള്ള സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെട്ട് കഫീലുമായി സംസാരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa