Sunday, September 29, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവരെ സമ്മർദ്ദത്തിലാക്കി ചാർട്ടേഡ് ഫ്ളൈറ്റ് പരസ്യങ്ങൾ

ജിദ്ദ: റി എൻട്രിയും ഇഖാമയും അവസാനിക്കാറായി നാട്ടിൽ കഴിയുന്ന ആയിരക്കണക്കിനു സൗദി പ്രവാസികളെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ പരസ്യവുമായി വിവിധ ട്രാവൽ ഏജൻസികൾ.

സെപ്തംബർ 24 മുതൽ വിവിധ ഡേറ്റുകളിൽ ചാർട്ടേഡ് വിമാനങ്ങൾ ഉറപ്പായും ഉണ്ടാകുമെന്ന് പറഞ്ഞാണു ഇവർ സോഷ്യൽ മീഡിയകളിലൂടെ പരസ്യം ചെയ്യുന്നത്.

സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടിയിലധികം തുകയാണു ഇങ്ങനെ പരസ്യം ചെയ്ത് ആളെക്കൂട്ടുന്ന ട്രാവൽ ഏജൻ്റുമാർ ഈടാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അടുത്ത ദിനങ്ങളിൽ ഇഖാമയും റി എൻട്രിയുമെല്ലാം എക്സ്പയർ ആകുന്ന നിരവധി പേർ ഇതിനകം ചാർട്ടേഡ് ഫ്ളൈറ്റ് ഓഫർ ചെയ്ത ട്രാവൽ ഏജൻ്റുമാർക്ക് പണം നൽകി ബുക്ക് ചെയ്തിട്ടുണ്ടെന്നാണു അറിവ്.

അതേ സമയം ചില ഉപയോക്താക്കൾ ചില ട്രാവൽ ഏജൻ്റുമാർക്ക് വിളിച്ച് വിമാന സർവീസ് ഉണ്ടാകുമെന്ന് 100 ശതമാനം ഉറപ്പുണ്ടോ എന്ന് ചോദിക്കുന്ന സന്ദർഭത്തിൽ ഇന്ത്യാ ഗവണ്മെൻ്റിൻ്റെ അംഗീകാരം ലഭിച്ചാൽ ഉറപ്പായും ഉണ്ടാകും എന്നാണു മറുപടി പറയുന്നത്.

ഏതെങ്കിലും സാഹചര്യത്തിൽ വിമാന സർവീസുകൾ ഇല്ലെങ്കിൽ തങ്ങൾ പണം പൂർണ്ണമായും തിരികെ നൽകുമെന്നും ഇത്തരം ട്രാവൽസുകാർ ഉറപ്പ് പറയുന്നുമുണ്ട്.

എന്നാൽ ഇങ്ങനെ വലിയ തുക നൽകി ബുക്ക് ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലെന്നും ഇത് വരെ വിമാന സർവീസ് ആരംഭിക്കുന്നതിനെ സംബന്ധിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നുമാണു നാട്ടിലുള്ള ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അറിയിക്കുന്നത്.

അഥവാ വിമാന സർവ്വീസിനു അനുമതി ലഭിച്ചാൽ സൗദിയിലേക്ക് സർവീസ് നടത്താൻ നിരവധി വിമാനക്കംബനികൾ റെഡിയായി നിൽക്കുകയാണെന്നും ഏതെങ്കിലും ഒരു ട്രാവൽസുകാർക്ക് മാത്രമായി അനുമതി നൽകില്ലെന്നും ട്രാവൽ മേഖലയിലെ സുഹൃത്തുക്കൾ പറഞ്ഞു.

അതോടൊപ്പം ഇപ്പോൾ വലിയ തുക നൽകി ബുക്ക് ചെയ്താൽ മറ്റുള്ള വിമാനക്കംബനികൾ മിതമായ ചാർജ്ജിൽ സർവീസ് ആരംഭിക്കുകയാണെങ്കിലും നേരത്തെ ബുക്ക് ചെയ്തവർക്ക് ആ സമയം നൽകിയ ഇരട്ടി തുകയിൽ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ എന്നതും അവർ ഓർമ്മിപ്പിച്ചു.

അത് കൊണ്ട് തന്നെ ചാർട്ടേഡ് ഫ്ളൈറ്റ് ട്രാവൽസുകാരുടെ പരസ്യം കണ്ടാൽ വേണമെങ്കിൽ പേരു വിവരങ്ങൾ നൽകാമെന്നും പണം നൽകരുതെന്നും നിരവധിയാളുകൾ ഓർമ്മപ്പെടുത്തുന്നുണ്ട്.

ഏതായാലും യുക്തമായ ഒരു തീരുമാനം ഓരോരുത്തരും ഈ വിഷയത്തിൽ എടുക്കുകയാണു ചെയ്യേണ്ടത്. കാരണം ഇന്ത്യയിൽ നിന്ന് പറക്കാൻ അംഗീകാരം ലഭിച്ചാൽ അത് ഒന്നോ രണ്ടോ ട്രാവൽസുകാർക്ക് മാത്രമായുള്ള അനുമതിയാകില്ലെന്നാണ് ട്രാവൽ ഏജന്റുമാർ ഓർമ്മിപ്പിക്കുന്നത്.

അതേ സമയം നാട്ടിലുള്ളവരുടെ ഇഖാമയും റി എൻട്രിയും ഇപ്പോൾ സൗദിയിൽ നിന്ന് സ്പോൺസർമാർക്ക് തന്നെ പുതുക്കാൻ സാധിക്കുമെന്നതിനാൽ നിരവധി പ്രവാസികൾ സ്പോൺസർമാരുമായി ബന്ധപ്പെട്ട ഇഖാമകൾ പുതുക്കൽ തുടങ്ങിയിട്ടുണ്ട്.

പലരും ഇഖാമ എക്സ്പയർ ആയതിനു ശേഷമാണു പുതുക്കിയത് എന്നതിനാൽ ഫീസിനും ലെവിക്കുമൊപ്പം ജവാസാത്തിൻ്റെ 500 റിയാൽ പിഴയും അടക്കേണ്ടി വന്നതായും അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്