Monday, November 25, 2024
Saudi ArabiaTop Stories

വിശ്വാസികൾക്ക് സന്തോഷ വാർത്ത; ഒക്ടോബർ 4 മുതൽ ആഭ്യന്തര തീർത്ഥാടകർക്കും നവംബർ 1 മുതൽ അന്താരാഷ്ട്ര തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാൻ അനുമതി നൽകാൻ രാജാവിൻ്റെ ഉത്തരവ്

ജിദ്ദ: ഉംറയും മദീന സിയാറയും പുനരാരംഭിക്കാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവ് നൽകിയതായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇരു ഹറമുകളുമായും ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതിയുടെ കൊറോണ അവലോകനങ്ങൾക്ക് വിധേയമായിട്ടാണു ഉംറയും സിയാറത്തും പുനരാരംഭിക്കാൻ ഉന്നത നേതൃത്വം അനുമതി നൽകിയത്. വിവിധ ഘട്ടങ്ങളിലായാണു അനുമതി നൽകിയിട്ടുള്ളത്.

ഒന്നാം ഘട്ടം: ഈ വർഷം ഒക്ടോബർ 4 മുതൽ സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും നിയന്ത്രണ വിധേയമായി ഉംറ നിർവ്വഹിക്കാം. ഒരു ദിവസം 6000 തീർത്ഥാടകർ എന്ന രീതിയിലായിരിക്കും അനുമതി നൽകപ്പെടുക.

രണ്ടാം ഘട്ടം: ഈ വർഷം ഒക്ടോബർ 18 മുതൽ സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഉംറയും നമസ്ക്കാരവും മദീനാ സിയാറയും നിർവ്വഹിക്കാം. ഒരു ദിവസം 15,000 തീർത്ഥാടകർ, 40,000 പേർ നമസ്ക്കാരത്തിനു എന്ന രീതീയിലായിരിക്കും അനുമതി.

മൂന്നാം ഘട്ടം: ഈ വർഷം നവംബർ 1 മുതൽ സൗദിക്കകത്തും സൗദിക്ക് പുറത്തുമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഉംറയും നമസ്ക്കാരവും മദീനാ സിയാറയും നിർവ്വഹിക്കാം. ഒരു ദിവസം 20,000 തീർത്ഥാടകർ, 60,000 പേർ നമസ്ക്കാരത്തിനു എന്ന രീതിയിലായിരിക്കും അനുമതി.

നാലാം ഘട്ടം: കൊറോണ വ്യാപനത്തിൻ്റെ അപകട സാധ്യതകൾ ഇല്ലാതായി എന്ന് അധികൃതർ പ്രഖ്യാപിക്കുന്നതോടെ ഇരു ഹറമുകളുടെയും മുഴുവൻ ശേഷിയും ഉപയോഗിച്ച് ആഭ്യന്തര തീർത്ഥാടകർക്കും അന്താരാഷ്ട്ര തീർത്ഥാടകർക്കും സിയാറത്തിനും നമസ്ക്കാരത്തിനും അനുമതി.

ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ഇഅതമർനാ എന്ന ആപ് വഴി തീർത്ഥാടകരുടെയും സന്ദർശകരുടെയുമെല്ലാം പ്രവേശനം നിയന്ത്രിക്കപ്പെടും. ഓരോ ഘട്ടവും തുടർച്ചയായ വിലയിരുത്തലുകൾക്കും നിരീക്ഷണത്തിനും വിധേയമായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്