ഇന്ത്യയിൽ നിന്ന് പറക്കാനാകില്ല; സൗദി എയർലൈൻസും സ്ഥിരീകരിച്ചു
ജിദ്ദ: നിലവിൽ സാഹചര്യത്തിൽ സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് പറക്കാനാകില്ലെന്ന സൗദി സിവിൽ ഏവിയേഷൻ്റെ അറിയിപ്പ് സൗദി എയർലൈൻസും സ്ഥിരീകരിച്ചു.
സൗദി എയർലൈൻസ് തങ്ങളുടെ ട്രാവൽ പാർട്ണർമാർക്ക് അയച്ച സന്ദേശത്തിലാണു സൗദി സിവിൽ ഏവിയേഷൻ്റെ കഴിഞ്ഞ ദിവസത്തെ സർക്കുലറിലെ കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്. സൗദി എയർലൈൻസ് അയച്ച മെസ്സേജിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ വായിക്കാം.
ഇന്ത്യ, ബ്രസീൽ, അർജൻ്റീന എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകൾ റദ്ദാക്കി. അതോടൊപ്പം സൗദിയിലെത്തുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിലായി ഈ പറയപ്പെട്ട 3 രാജ്യങ്ങളിൽ സന്ദർശിച്ചവർക്കും സൗദിയിലേക്ക് വിലക്ക് ബാധകമാകും.
അതേ സമയം സൗദി സർക്കാരിൻ്റെ ഔദ്യോഗിക ക്ഷണമുള്ളവർക്ക് മേൽ പറഞ്ഞ വിലക്ക് ബാധകമാകില്ലെന്നും സന്ദേശത്തിൽ പറയുന്നു.
ഇന്നലെ യാത്രാ വിലക്ക് സംബന്ധിച്ച സർക്കുലർ ലഭിച്ചപ്പോൾ തന്നെ വിമാന സർവീസുകൾ റദ്ദാക്കിയ വാർത്ത സിവിൽ ഏവിയേഷൻ്റെ സർക്കുലർ ഉദ്ധരിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾ ഒരുക്കുമെന്ന് പറഞ്ഞ് ചില ട്രാവൽ ഏജൻസികൾ രംഗത്ത് വന്നിരുന്നു. പലരും അത്തരം ട്രാവൽ ഏജൻ്റുമാർക്ക് പണം നൽകി ടിക്കറ്റ് ബുക്കിംഗും നടത്തിയതായി അറിയാൻ സാധിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ ഇല്ല എന്ന സിവിൽ ഏവിയേഷൻ്റെയും സൗദിയയുടെയുമെല്ലാം അറിയിപ്പ് വന്നതിനാൽ അത്തരം അഡ്വാൻസ് ബുക്കിംഗുകൾ കൊണ്ട് ഫലമില്ലെന്ന് തീർച്ചയായിരിക്കുകയാണ്.
ഇനി ഓട്ടോമാറ്റിക്കായി ഇഖാമ റി എൻട്രി വിസകൾ പുതുക്കുമോ എന്നത് സംബന്ധിച്ച് ജവാസാത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും മേൽ പരാമർശിച്ച 3 രാജ്യങ്ങളിലൊഴികെയുള്ളവർക്ക് ഇപ്പോൾ സൗദിയിലേക്ക് പോകാൻ സാധിക്കുമെന്നതിനാൽ ഇനിയൊരു ഓട്ടോമാറ്റിക് പുതുക്കൽ ഉണ്ടാകുമോ എന്നത് സംശയമാണ്.
നിരവധി പ്രവാസികൾ ഇതിനകം സ്പോൺസർമാരുമായി ബന്ധപ്പെട്ട് ഇഖാമയും റി എൻട്രിയുമെല്ലാം അബ്ഷിർ വഴിയോ മുഖീം വഴിയോ പുതുക്കിയിട്ടുമുണ്ട്.
ഇന്ത്യ, ബ്രസീൽ, അർജൻ്റീന തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വലിയ തോതിൽ വ്യാപിച്ചതിനെത്തുടർന്നാണു സൗദി അധികൃതർ നിലവിൽ ഈ തീരുമാനം കൈക്കൊള്ളാൻ കാരണമെന്നാണു മനസ്സിലാകുന്നത്. ഏതായാലും വൈകാതെ ഇക്കാര്യത്തിൽ ഇന്ത്യക്കാർക്ക് അനുകൂലമായ ഒരു തീരുമാനം സൗദി അധികൃതരിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa