മരണത്തിലും ഒരുമിച്ച കൂട്ടുകാർക്ക് കണ്ണീരോടെ വിട; മൃതദേഹങ്ങൾ ഖബറടക്കി
ദമാം: മരണത്തിനു പോലും പിരിക്കാനാവാത്ത ആ സൗഹൃദത്തിനു ഇനി ഒരേ മണ്ണിൽ അന്ത്യ വിശ്രമം. ദമാമിലെ പ്രവാസി മലയാളികൾക്ക് ഏറെ നൊമ്പരം സമ്മാനിച്ച, അപകടത്തിൽ മരിച്ച മൂന്നു കൂട്ടുകാരുടേയും മൃതദേഹങ്ങൾ ഖബറടക്കി.
സൗദിയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മരണപ്പെട്ട കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
പഠനകാലം മുതൽ ദമാമിൽ ഒരുമിച്ച് കളിച്ച് വളർന്നവരായിരുന്നു മൂവർ സംഘം. പഠന ശേഷവും സൗഹൃദം നിലനിർത്തിയിരുന്ന ഇവർ ദമാമിലെ മലയാളിയിടങ്ങളിൽ ഏറെ സുപരിചതരുമായിരുന്നു. കോവിഡ് കാലത്തും വൻ ജനാവലിയാണ് ഇവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത്.
സാമൂഹ്യ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവിൽ ഒറ്റ ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയതിനാലാണ് മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ സാധിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ് വക്കം, ഷാജി വയനാട്, ജാഫര്‍ കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa