എയർ ഇന്ത്യ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകിത്തുടങ്ങി; വന്ദേഭാരത് സർവീസിലേക്കും ടിക്കറ്റുകൾ മാറ്റാം
കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവെച്ചത് മൂലം യാത്ര മുടങ്ങിയ യാത്രക്കാർക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും ടിക്കറ്റുകൾ മറ്റൊരു തിയ്യതിയിലേക്ക് മാറ്റി നൽകിത്തുടങ്ങി.
കൊറോണ വൈറസ് വ്യാപിച്ച് തുടങ്ങിയ മാർച്ച് മുതലുള്ള ടിക്കറ്റുകളാണ് മാറ്റി നൽകുന്നത്. 2021 ഡിസംബർ 31 വരെയുള്ള തിയ്യതികളിലേക്കാണ് ടിക്കറ്റുകൾ മാറ്റി നൽകുക.
ടിക്കറ്റുകൾ മാറ്റി നൽകുന്നതിന് പ്രത്യേക നിരക്കുകൾ ഈടാക്കുന്നില്ലെങ്കിലും മാറ്റുന്ന കാലത്തെ ടിക്കറ്റ് നിരക്കിൽ വരുന്ന വ്യത്യാസമനുസരിച്ച് യാത്രക്കാരൻ പണം അടക്കേണ്ടി വരും. ടിക്കറ്റ് എടുത്ത യാത്രക്കാരന്റെ പേരിൽ മാത്രമേ ടിക്കറ്റ് മാറ്റി നൽകൂ. മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാവില്ല.
പ്രവാസി ലീഗർ സെൽ സുപ്രീം കോടതിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. യാത്ര വേണ്ടെന്ന് വെക്കുന്നവർക്ക് നിലവിൽ പണം തിരികെ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വന്ദേഭാരത് മിഷൻ വിമാന സർവീസുകളിലേക്കും ഇപ്പോൾ ടിക്കറ്റുകൾ മാറ്റി നൽകുന്നുണ്ട്. മുൻപ് ഇതിനു അനുമതി ഉണ്ടായിരുന്നില്ല. പ്രസ്തുത സെക്ടറിലേക്ക് വന്ദേ ഭാരത് സർവീസുകൾ ഉണ്ടെങ്കിൽ ടിക്കറ്റുകൾ മാറ്റി നൽകും. അല്ലാത്തവർക്ക് സാധാരണ വിമാന സർവീസ് ആരംഭിക്കുന്ന തിയ്യതികളിലേക്ക് മാറ്റി ലഭിക്കും.
എയർ ഇന്ത്യ എക്സ്‌പ്രസ് ടിക്കറ്റുകൾ മാറ്റുന്നതിനായി എയർലൈനുമായി നേരിട്ടും എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തവർ എയർലൈൻ ഓഫീസിലോ അതത് ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെടുകയാണ് വേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa