സൗദിയിലേക്ക് ദുബൈ വഴി ചിലവ് ചുരുക്കിയും മടങ്ങാം
ജിദ്ദ: അവധിയിലുള്ള സൗദി പ്രവാസികൾക്ക് ദുബൈ വഴി മടങ്ങാൻ സാധിക്കുമെന്നത് നിരവധി പേരുടെ അനുഭവങ്ങൾ കൊണ്ട് സ്ഥിരീകരിച്ചതോടെ അതിനു ആവശ്യമായ ചിലവിനെക്കുറിച്ച് ആരാഞ്ഞ് നിരവധി പ്രവാസികൾ ബന്ധപ്പെടുന്നുണ്ട്.
ഇത് സംബന്ധിച്ച് ട്രാവൽ ഏജൻ്റുമാരുമായി ബന്ധപ്പെടുംബോൾ വിവിധ പാക്കേജുകൾ വ്യത്യസ്ത നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്നാണു അറിയാൻ സാധിച്ചത്.
ദുബൈയിലേക്കും ദുബൈയിൽ നിന്നും സൗദിയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടാത്ത പാക്കേജുകളാണു ഭൂരിപക്ഷം ട്രാവൽ ഏജൻ്റുമാരും നൽകുന്നത്.
ദുബൈ വിസിറ്റ് വിസയും ദുബൈയിലെ 15 ദിവസത്തെ ഹോട്ടൽ താമസവും മെഡിക്കൽ ഇൻഷൂറൻസും കോവിഡ് ടെസ്റ്റും ടൂറിസം ദിർഹംസും ഹോട്ടൽ ആൻഡ് എയർപോർട്ട് ട്രാൻസ്ഫറും മൂന്ന് നേരത്തെ ഭക്ഷണവുമടക്കം 35,000 ഇന്ത്യൻ രൂപ മുതലുള്ള പാക്കേജ് തങ്ങൾ നൽകുന്നുണ്ടെന്നും വിമാന ടിക്കറ്റുകളല്ലാത്ത മറ്റൊരു ചിലവും യാത്രക്കാർ പിന്നീട് അറിയേണ്ടതില്ലെന്നും കോഴിക്കോട് യാത്തിർ ട്രാവൽസിലെ ഹാഫിസ് ഞങ്ങളെ അറിയിച്ചു.
അതേ സമയം സുഹൃത്തുക്കളും ബന്ധുക്കളും ദുബൈയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അല്പം കൂടി ചെലവ് കുറഞ്ഞ രീതിയിലും ദുബൈ വഴി സൗദിയിൽ എത്താൻ സാധിക്കുമെന്നാണു നേരത്തെ പോയവരുടെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
നാട്ടിൽ നിന്ന് ദുബൈ ടിക്കറ്റിനും കൊറോണ ടെസ്റ്റിനും ദുബൈ വിസക്കും ഇൻഷൂറൻസിനുമായി ഏകദേശം 25,000 രൂപയിൽ താഴെയാണു ഒരാൾക്ക് ചിലവ് വരിക.
ഈ തുക മുടക്കി ദുബൈയിൽ എത്തി സുഹൃത്തുക്കളുടെ കൂടെയോ ബന്ധുക്കളുടെ കൂടെയോ 14 ദിവസം താമസിക്കാൻ സാധിക്കുമെങ്കിൽ പിന്നീട് ദുബൈയിൽ നിന്ന് സൗദിയിലേക്ക് പോകുന്നതിൻ്റെ 72 മണിക്കൂർ മുംബ് നടത്തുന്ന കോവിഡ് ടെസ്റ്റിൻ്റെയും സൗദിയിലേക്കുള്ള വിമാനത്തിൻ്റെ ടിക്കറ്റിൻ്റെയും ചിലവ് മാത്രം അറിഞ്ഞാൽ മതി.
സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ഡേറ്റ് ഇനിയും അറിയാത്തതിനാൽ പല പ്രവാസികളും ഇപ്പോൾ ദുബൈ വഴി സൗദിയിലെത്താനാണു ശ്രമിക്കുന്നത്.
ദുബൈയിൽ ദിവസങ്ങൾക്ക് മുംബ് തന്നെ എത്തിയിരുന്ന ചില മലയാളി പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെത്തിയതിൻ്റെ സ്ഥിരീകരണം മാധ്യമങ്ങളിൽ വന്നിരുന്നു.
ഇന്ത്യ, ബ്രസീൽ, അർജൻ്റീന എന്നീ രാജ്യങ്ങൾ സൗദിയിലെത്തുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിലായി സന്ദർശിച്ചവർക്ക് സൗദിയിലേക്ക് പ്രവേശനം സാധ്യമല്ലെന്ന സ്ഥിതി വന്നതോടെയാണു ദുബൈയിൽ 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് പോകുന്നതിനെക്കുറിച്ച് സൗദി പ്രവാസികൾ ചിന്തിച്ചു തുടങ്ങിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa