സൗദിയിൽ പരിശോധന ശക്തമാകുന്നു; സൗദിവത്ക്കരണ നിബന്ധനകൾ പാലിക്കാത്ത ഷോപ്പുകൾ അടപ്പിച്ചു; 44 വിദേശികളെ നാടു കടത്തൽ കേന്ദ്രത്തിലേക്കയച്ചു
റിയാദ്: തൊഴിൽ, സൗദിവത്ക്കരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഫീൽഡ് പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുന്നു.
റിയാദ് ലേബർ ഓഫീസിനു കീഴിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഫീൽഡ് പരിശോധനയിൽ സൗദിവത്ക്കരണ നിബന്ധനകൾ ലംഘിക്കുകയും ബലദിയ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്ത 35 ഷോപ്പുകളാണു അടപ്പിച്ചത്.
മൊബൈൽ ഷോപ്പുകൾ, കാർ ഷോറൂമുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രാദേശിക സൂഖുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടന്നത്. നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടാാഴ്ചക്കുള്ളിൽ മാത്രം നടന്ന 400 ലധികം പരിശോധനകളിൽ തൊഴിൽ,സൗദിവത്ക്കരണ നിയമ ലംഘകരായ 44 വിദേശികളെ കണ്ടെത്തുകയും അവരെ നാടു കടത്താനായി ഡീപോർട്ടേഷൻ സെൻ്ററിലേക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
തൊഴിലുടമകൾ സൗദിവത്ക്കരണ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണു ഫീൽഡ് പരിശോധനകൾ നടത്തുന്നതെന്നും നിയമ ലംഘനങ്ങൾ കണ്ടാൽ മന്ത്രാലയത്തെ അറിയിക്കണമെന്നും സ്വദേശികളോട് മാനവവിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa