സൗദിയിൽ തൊഴിലാളികൾക്ക് ശമ്പളമിനത്തിലും സർവീസ് മണി ഇനത്തിലും നൽകാനുള്ള 15 മില്ല്യൻ റിയാൽ സ്പോൺസർമാരിൽ നിന്ന് തിരിച്ച് പിടിച്ചു
അൽഖോബാർ: ഖോബാർ ഗവർണറേറ്റിൽ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ശമ്പളമിനത്തിലും സർവീസ് മണി ഇനത്തിലും സ്പോൺസർമാർ നൽകാനുള്ള 15 മില്യനിലധികം റിയാൽ തിരിച്ച് പിടിച്ചു.
മാനവ വിഭവ ശേഷി ഓഫീസിലെ ഫ്രണ്ട് ലി സെറ്റ്ല്മെൻ്റ് ഡിപാർട്ട്മെൻ്റ് ആണു തൊഴിലാളികൾക്ക് നൽകാനുള്ള ഇത്രയും തുക കണ്ടെത്തി തിരിച്ച് പിടിച്ചത്.
ഈ വർഷം മൂന്നാം പാദത്തിൽ 3500 ഓളം കേസുകൾ ഹ്യൂമൻ റിസോഴ്സസ് ഓഫീസിൽ വന്നതായും അതിൽ 591 കേസുകൾ അനുരഞ്ജനത്തിലൂടെ പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി.
തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരാതി നൽകുന്നതിനനുസരിച്ച് പരിഹാരം കാണുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണു അൽ ഖോബാറിൽ നിന്നുള്ള ഈ സംഭവം.
നേരത്തെ റിയാദ് ഹ്യൂമൻ റിസോഴ്സസ് ഓഫീസിൽ വന്ന നിരവധി പരാതികൾക്ക് പരിഹാരം കണ്ടതായി അധികൃതർ അറിയിച്ചിരുന്നു. അനാവശ്യമായി ഹുറൂബാക്കിയവരുടെ ഹുറൂബ് റദ്ദാക്കി സ്പോൺസർഷിപ്പ് മാറ്റം അനുവദിച്ചതടക്കമുള്ള നിരവധി പരിഹാര നടപടികൾ റിയാദ് ഹ്യൂമൻ റിസോഴ്സസ് ഓഫീസ് നടപ്പിലാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa