സൗദിയിലേക്ക് യു എ ഇ വഴി മടങ്ങുന്നവരുടെ അടിയന്തിര ശ്രദ്ധക്ക്
ജിദ്ദ: സൗദിയിലേക്ക് യു എ ഇ വഴി മടങ്ങുന്നവർ നിലവിലെ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ വിവിധ ട്രാവൽ ഏജൻ്റുമാർ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ദിവസം ദുബൈ എയർപോർട്ടിൽ ചില പ്രവാസികൾ പുറത്തിറങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടുവെന്ന വാർത്ത ശ്രദ്ധയിലെപ്പെട്ടതിനെത്തുടർന്നാണു യാത്രക്കാർ ഇപ്പോഴത്തെ സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ട്രാവൽ ഏജൻ്റുമാർ മുന്നറിയിപ്പ് നൽകിയത്.
സന്ദർശക വിസക്കാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷൂറൻസ്, ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ടിക്കറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
ഹോട്ടൽ ബുക്കിംഗിനു പുറമേ അത് തെളിയിക്കാനുള്ള ഹോട്ടൽ വൗച്ചറും യാത്രക്കാർ കയ്യിൽ കരുതേണ്ടിയിരിക്കുന്നുവെന്നും ഹോട്ടൽ വൗച്ചറും റിട്ടേൺ ടിക്കറ്റും സഹിതം തങ്ങളയച്ച സൗദി യാത്രക്കാർ ഇന്നലെ ദുബൈയിൽ യാതൊരു പ്രയാസവുമില്ലാതെ പുറത്തിറങ്ങിയതായും കോട്ടക്കൽ ഖൈർ ടൂർസ് ആൻ്റ് ട്രാവൽസ് മേധാവി ബഷീർ പറഞ്ഞു.
ഹോട്ടൽ ബുക്കിംഗ് വൗച്ചറും റിട്ടേൺ ടിക്കറ്റും ഇല്ലാതെ ദുബൈയിലെത്തി സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ 2000 ദിർഹം കൈയിൽ കരുതുന്നത് ദുബൈയിൽ ഇറങ്ങുന്ന സമയത്ത് ഇപ്പോൾ ചിലർക്ക് ഉണ്ടായ തരത്തിലുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ സഹായകരമാകുമെന്ന് കോഴിക്കോട് യാത്തിർ ട്രാവൽസിലെ ഹാഫിസ് അറിയിച്ചു.
ദുബൈ വഴി സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവരും ദുബൈയിലേക്ക് ജോലിയന്വേഷണത്തിൻ്റെ ഭാഗമായി എത്തിയവരും കഴിഞ്ഞ ദിവസം ദുബൈ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത് വാർത്തയായിരുന്നു.
വിസിറ്റിംഗ് വിസയിൽ എത്തി ദുബൈയിൽ ഇറങ്ങണമെങ്കിൽ 2000 ദിർഹം കൈയിൽ വേണമെന്ന് എമിഗ്രേഷൻ ഓഫീസർമാർ ആവശ്യപ്പെട്ടതാണു കഴിഞ്ഞ ദിവസം പലരെയും പ്രയാസത്തിലാക്കിയത്.
ദുബൈയിൽ വിസിറ്റിംഗിനു വരുന്നവർക്ക് ഹോട്ടൽ വൗച്ചറും റിട്ടേൺ ടിക്കറ്റും ഉണ്ടായിരിക്കണമെന്നും അല്ലെങ്കിൽ 2000 ദിർഹം കയ്യിൽ കരുതണമെന്നുമുള്ള നിബന്ധനയാണു ഇവർക്ക് വിനയായത്.
അത് കൊണ്ട് തന്നെ ഇനി നാട്ടിൽ നിന്ന് ഹോട്ടൽ ബുക്ക് ചെയ്ത് പോകുന്നവർ യാത്ര പുറപ്പെടും മുംബ് തന്നെ ഹോട്ടൽ വൗച്ചറും റിട്ടേൺ ടിക്കറ്റും കൈയിൽ കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. ഹോട്ടൽ വൗച്ചറും റിട്ടേൺ ടിക്കറ്റും ഇല്ലാത്തവരാണെങ്കിൽ കൈയിൽ 2000 യു എ ഇ ദിർഹം കരുതിയാലും ദുബൈ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും.
യു എ ഇ വഴി സൗദിയിലേക്ക് മടങ്ങാനുള്ള അവസരം പ്രയോജനപ്പെടുത്തി ഇതിനകം ഫാമിലി വിസയിലുള്ളവരടക്കമുള്ള പല മലയാളികളും സൗദിയിലെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa