Tuesday, April 8, 2025
Saudi ArabiaTop Stories

ഇഖാമയും റി എൻട്രി വിസകളും സ്പോൺസർമാർ വഴി പുതുക്കുന്നതിനിടയിലും രാജകാരുണ്യം പ്രതീക്ഷിച്ച് അവധിയിൽ പോയ നിരവധി പ്രവാസികൾ

ജിദ്ദ: കാലാവധി കഴിഞ്ഞ ഇഖാമയും റി എൻട്രിയും സ്പോൺസർമാർ വഴി ഓണലൈനായി പുതുക്കുന്നതിനിടയിലും പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കാത്ത നിരവധി പ്രവാസികളാണു രാജകാരുണ്യവും പ്രതീക്ഷിച്ച് നാട്ടിൽ കഴിയുന്നത്.

സല്മാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം സൗദിക്കകത്തുള്ളവരുടെ എക്സിറ്റ് വിസകൾ ഒക്ടോബർ 31 വരെ നീട്ടിയത് പോലെ ഇഖാമ, റി എൻട്രി എന്നിവയുടെ കാര്യത്തിലും അനുകൂല തീരുമാനമുണ്ടായേക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.

പലരും കഫീലുമാരുമായി ബന്ധപ്പെട്ട് റി എൻട്രി വിസകൾ പുതുക്കുന്നതിനിടയിലും പതിനായിരം റിയാലോളം വരുന്ന ലെവി അടക്കാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ നിന്ന് കൊണ്ട് ഇഖാമ പുതുക്കുന്നതിനും റി എൻട്രി പുതുക്കുന്നതിനും സാധിക്കാത്തവരാണു ഒരു ഓട്ടോമാറ്റിക്ക് പുതുക്കൽ കൂടി പ്രതീക്ഷിക്കുന്നത്.

അതേ സമയം റി എൻട്രി വിസകൾ ഇനിയും ഒരിക്കൽ കൂടി സൗജന്യമായി പുതുക്കി നൽകുമോ എന്നതിനെ സംബന്ധിച്ച് ജവാസാത്ത് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല എന്നത് പലരെയും ആശങ്കപ്പെടുത്തുന്നുമുണ്ട്.

കൊറോണ മൂലം അന്താരാഷ്ട്ര വിമാന യാത്രകൾക്ക് വിലക്ക് വന്നതിനു ശേഷം സെപ്തംബർ അവസാനം വരെയുള്ള കാലയളവിനുള്ളിൽ വിവിധ ഘട്ടങ്ങളിലായി ഇഖാമയും റി എൻട്രി വിസയും രാജ നിർദ്ദേശപ്രകരം പുതുക്കി നൽകിയിരുന്നു.

എന്നാൽ സെപ്തംബർ 15 മുതൽ വിസകളിൽ കാലാവധി ഉള്ളവർക്ക് സൗദിയിലേക്ക് വിവിധ മാർഗങ്ങളിലൂടെ പ്രവേശിക്കാനുള്ള അവസരം ഒരുങ്ങിയത് കൊണ്ടും ആവശ്യമുള്ളവർക്ക് അബ്ഷിർ വഴിയും മുഖീം വഴിയും ഇഖാമയും റി എൻട്രി വിസയും പുതുക്കി നൽകാൻ സാധിക്കുമെന്നതിനാലും ഇനിയൊരു സൗജന്യ ഓട്ടോമാറ്റിക് പുതുക്കൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്