കോവിഡ്: അതിജീവന വഴികൾ തേടുന്ന പ്രവാസികൾ
കോവിഡ് മഹാമാരി നട്ടെല്ലൊടിച്ച പ്രവാസ സമൂഹം അതിജീവനത്തിനുള്ള തത്രപ്പാടിലാണ്. കോവിഡ് 19 ലോകം കീഴടക്കിയപ്പോൾ ആശയറ്റ് നാടണഞ്ഞവരും കോവിഡിന് മുമ്പ് പ്രിയപ്പെട്ടവരെ കാണാൻ പറന്നവരും ഒരുപോലെയാണ് മഹാമാരിക്കാലത്ത് വെട്ടിൽ വീണത്.
ഒന്നോ രണ്ടോ മാസം കൊണ്ട് പ്രതിസന്ധി തീരുമെന്ന് പ്രതീക്ഷിച്ചവർ പക്ഷെ മാസങ്ങൾ അനവധി കഴിഞ്ഞിട്ടും വഴിതുറക്കാതെ ഇരുട്ടിൽ തപ്പുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം പ്രവാസികളും തൊഴിലിനായി ആശ്രയിക്കുന്ന ഗൾഫ് ഭരണകൂടങ്ങൾ ഇതിനിടെ നിരവധി തവണ വിസ കാലാവധി നീട്ടി നൽകിയും റസിഡൻസി/ഇഖാമ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചും പ്രവാസികൾക്കൊപ്പം നിന്നത് മലയാളികളടക്കമുള്ള ദശലക്ഷക്കണക്കിനു പ്രവാസികൾക്ക് ആശ്വാസമായിരുന്നു.
കൊറോണ വൈറസ് ഗൾഫ് മേഖലയിൽ നിന്നെങ്കിലും അതിന്റെ ഭീകരതാണ്ഡവം വിട്ട് നിയന്ത്രണ വിധേയമായത് വളരെ പ്രതീക്ഷയോടെയാണ് പ്രവാസി തൊഴിലാളികൾ നോക്കിക്കണ്ടത്. എന്നാൽ ഇന്ത്യയിലെ അനിയന്ത്രിതമായി വർദ്ധിച്ച കോവിഡ് നിരക്ക് സൗദി അറേബ്യ അടക്കമുള്ള ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെകുറിച്ച് ഭീതിതമായ മുഖമാണ് നൽകിയത്. അതുകൊണ്ട് തന്നെ സൗദി, കുവൈറ്റ് പോലുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് പ്രവേശനം ബാലികേറാ മലയായിരുന്നു.
എന്നാൽ യുഎഇയിൽ നിന്ന് സൗദിയിലേക്കും കുവൈറ്റിലേക്കും യാത്ര അനുമതി ലഭിച്ചത് പ്രവാസികൾ പ്രയോജനപ്പെടുത്തി. അതിജീവനത്തിന്റെ പുതിയ വഴികൾ അവിടെ തുറക്കുകയായിരുന്നു. 14 ദിവസത്തെ കോറന്റൈൻ അടക്കം ഭാരിച്ച സംഖ്യ യുഎഇ വഴി സൗദിയിലേക്കും കുവൈറ്റിലേക്കും ആവശ്യമായി വരുന്നുണ്ടെങ്കിലും പ്രതിസന്ധികാലത്ത് ജീവിതം വഴിമുട്ടാതിരിക്കാൻ കിണഞ്ഞു ശ്രമികുകയാണ് അവർ. ഒരുലക്ഷം രൂപവരെയാണ് ചുരുങ്ങിയ ചിലവ്.
ഖത്തർ, ഒമാൻ, ബഹറൈൻ പോലുള്ള ഗൾഫ് രാജ്യങ്ങളുമായി ഉള്ള എയർ ബബിൾ കരാർ രാജ്യത്തെ പ്രവാസികൾക്ക് ഏറെ സഹായകമായി വർത്തിക്കുന്നുണ്ട്. എന്നാൽ സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിൽ ഏറെ നിരാശയിലാണ് യാത്രക്കാർ. സൗദി അറേബ്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ വരെ പ്രഖ്യാപിച്ചവരും സൗദി എയർ ലൈൻസിന്റെ വിമാനങ്ങൾക്ക് കാതോർത്തവരും നിരാശരാവുകയായിരുന്നു.
ഇടക്കാലത്ത് യുഎഇയിൽ പോയി പതിനാല് ദിവസത്തെ കോറന്റൈൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വിമാന ടിക്കറ്റ് വിലകേട്ട് അന്ധാളിച്ചവരും ടിക്കറ്റിനു കാശില്ലാതെ കുടുങ്ങിപ്പോയവരും നിരവധിയാണ്. സൗദി അറേബ്യയിൽ വിദേശികൾക്ക് ഉംറ നിർവഹിക്കാൻ അനുവാദം ലഭിച്ചതും ഖത്തറും കുവൈറ്റും അടക്കമുള്ള രാജ്യങ്ങൾ പൊതു പാർക്കുകൾ തുറന്നും സ്കൂളുകൾക്ക് തുറക്കാനുള്ള അനുവാദം നൽകിയും സാധാരണ നിലയിലേക്ക് മാറുന്നതും ആശാവഹമായ നീക്കമായാണ് പ്രവാസലോകം വിലയിരുത്തുന്നത്.
അധികം വൈകാതെ നേരിട്ട് പറക്കാൻ കഴിയുമെന്ന മോഹമാണ് പല പ്രവാസികളും പങ്കു വെക്കുന്നത്. നാട്ടിൽ വന്ന് കുടുങ്ങി ബിസിനസ് തകർന്നും സ്ഥാപനങ്ങൾ അടച്ചുപൂട്ടി നാട്ടിൽ പോയവരും വിസ കാലാവധി തീർന്ന് പ്രതിസന്ധിയിലായവരും എത്രയും പെട്ടന്ന് തൊഴിലിടങ്ങളിൽ അണയാനുള്ള പരിശ്രമത്തിലാണ്. മഹാമാരി ഒഴിഞ്ഞ ഒരു ലോകത്തിനായി നമുക്ക് പരിശ്രമിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa