Sunday, November 24, 2024
Saudi ArabiaTop Stories

നിങ്ങൾ സൗദിയിലുണ്ടെങ്കിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവയാണ്

ജിദ്ദ: സൗദിയുടെ മണ്ണിൽ കാലു കുത്തിയിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട പ്രധാനപ്പെട്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.

1. സൗദിയിലെ മാലദ്വീപ് എന്ന പേരിലറിയപ്പെടുന്ന ഉംലുജ്: തബൂക്ക് പ്രവിശ്യയിൽ ഉൾപ്പെടുന്നു. റെഡ് സീ പ്രൊജ്കറ്റിൻ്റെ ഭാഗമാണ്. മനോഹരമായ തീരങ്ങൾ, നിരവധി ദ്വീപുകൾ, നാച്ചുർ റിസർവ്, മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്നു.

2. എഡ്ജ് ഓഫ് ദ എൻഡ് ഓഫ് ദ വേൾഡ്: റിയാദിൽ നിന്ന് ഒന്നര മണിക്കൂർ ദൂരത്തെ സഞ്ചാര ദൂരം. ജബൽ തുവൈഖിൻ്റെ ഭാഗമായ ഫഹ്രീൻ മലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാകില്ല.

3.അസീർ പ്രവിശ്യ: അബ്ഹ, അൽ നമാസ്, രിജാൽ അൽമഅ തുടങ്ങി തണുപ്പ് കാലാവസ്ഥയും മനോഹരമായ പ്രകൃതി ഭംഗിയും പ്രദാനം ചെയ്യുന്ന നിരവധി പ്രദേശങ്ങൾ അസീർ പ്രവിശ്യയിലുണ്ട്.

4: വാദി ലജബ്: വടക്ക് കിഴക്കൻ ജിസാനിൽ സ്ഥിതി ചെയ്യുന്നു. മരുഭൂമിയിലെ സ്വർഗം എന്ന് ചില വിദേശ സഞ്ചാരികൾ വാദി ലജബിനെ വിശേഷിപ്പിച്ചിട്ടുണ്ട്. സൗദിയിലെ മറ്റു താഴ്വരകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശുദ്ധ ജലം ലഭ്യമാകുന്ന സ്ഥലം. ശരീരത്തിനും മനസ്സിനും ഉന്മേഷവും കുളിർമ്മയും നൽകുന്ന പ്രകൃതി മനോഹാരിത.

5.തബൂക്ക്: ഈജിപ്തിൽ നിന്ന് മൂസാ നബി കടൽ കടന്നെത്തിയ സ്ഥലം എന്ന പേരിൽ അറിയപ്പെടുന്ന ത്വയിബ് ഇസ്മ് അടക്കം നിരവധി സ്ഥലങ്ങൾ തബൂക്കിൽ കാണാൻ സാധിക്കും.

6.അൽ അഹ്സ: ലോകത്തെ ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയെന്ന ഗിന്നസ് റെക്കോർഡ് അൽ അഹ്സക്ക് ലഭിച്ചിട്ടുണ്ട്. അതി മനോഹരമായ അനുഭവമായിരിക്കും സഞ്ചാരികൾക്ക് അൽ അഹ്സ പ്രദാനം ചെയ്യുക. രണ്ട് ലക്ഷത്തോളം വരുന്ന ഈത്തപ്പനകൾക്ക് പുറമെ നാഷണൽ മ്യൂസിയം, ഗുഹകൾ എന്നിവയെല്ലാം കാണേണ്ട കാഴ്ചകൾ തന്നെയാണ്.

7.ഒബ്ഹുർ: ജിദ്ദയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കടൽ തീരം. സന്ദർശകർക്ക് മനോഹരമായ അനുഭവമാണു ഒബ്ഹുർ നൽകുക.

8. ദൂമതുൽ ജന്ദൽ – അൽ ജൗഫ്: നിരവധി സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശം. ദൂമതുൽ ജന്ദൽ തടാകം അവയിൽ ഒന്ന്. പൈതൃക സ്ഥലം എന്നതിലുപരി ഇസ് ലാമിക ചരിത്രവുമായും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശം. ഇസ് ലാമിലെ ആദ്യത്തെ മിനാരം നിർമ്മിച്ചത് ദൂമതുൽ ജന്ദലിൽ സ്ഥിതി ചെയ്യുന്ന ഉമർഖത്താബ് (റ) വിൻ്റെ മസ്ജ്ദിനാണെന്ന് പറയപ്പെടുന്നു.

9.ത്വാഇഫ് അൽ വഹ്ബ ക്രേറ്റർ : ഭൂഗർഭ സ്ഫോടനം മൂലമുണ്ടായ വലിയ ഗർത്തം സഞ്ചാരികൾക്ക് നൽകുന്ന അനുഭവം മറക്കാനാകില്ല. ത്വാഇഫിൽ നിന്ന് 250 കിലോമീറ്റർ ദൂരം.

10.ദീ ഐൻ ഗ്രാമം- അൽബാഹ: 400 വർഷം പഴക്കമുള്ള വീടുകളുടെ കേന്ദ്രം. ഇപ്പോൾ ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നു. ഒരിക്കലും വറ്റാത്ത ഒരു നീരൊഴുക്ക് ഇപ്പോഴും ഇവിടെ നില നിൽക്കുന്നു.

മുകളിൽ പരാമർശിച്ചവക്ക് പുറമെ അൽ ഉല- മദാഇൻ സ്വാലിഹ്, മദാഇൻ ശുഐബ്, ജിദ്ദ ഹിസ്റ്റോറിക്കൽ സിറ്റി തുടങ്ങി നൂറു കണക്കിനു ടൂറിസം കേന്ദ്രങ്ങൾ വേറെയും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്