സൗദി എയർലൈൻസ് വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾക്ക് ആശങ്കയുണർത്തി അനുബന്ധ സന്ദേശങ്ങൾ
ജിദ്ദ: കഴിഞ്ഞ ദിവസം രാത്രി സൗദി എയർലൈൻസ് പ്രഖ്യാപിച്ച കൊച്ചിയടക്കമുള്ള ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന വാർത്ത പ്രവാസികൾക്ക് ആശ്വാസമായെങ്കിലും അനുബന്ധമായി പ്രചരിക്കുന്ന മെസ്സേജുകൾ പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.
സൗദി എയർലൈൻസ് വിമാന സർവീസ് പുനരാരംഭിക്കുമെന്ന വാർത്ത അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആണു പ്രഖ്യാപിച്ചിട്ടുള്ളത്. ട്വിറ്റർ അറിയിപ്പിൽ പെർമിറ്റ് ഉള്ളവർക്ക് എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഈ പെർമിറ്റ് ഉള്ളവർക്ക് എന്നത് കൊണ്ടുദ്ദേശിച്ചത് സൗദിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെപ്പോലുള്ളവരെ ഉദ്ദേശിച്ചുള്ളതാണെന്നും സാധാരണക്കാർക്ക് ഈ സാഹചര്യത്തിൽ മടങ്ങാൻ സാധിക്കില്ലെന്നുമാണു സോഷ്യൽ മീഡിയകളിൽ സന്ദേശം പ്രചരിക്കുന്നത്.
അതേ സമയം സെപ്തംബർ 15 മുതൽ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ റി എൻട്രി വിസക്കാരും വിസിറ്റിംഗ് വിസക്കാരും പുതിയ വിസക്കാരും എല്ലാം ഉൾപ്പെടുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചത് കൊണ്ട് ഇപ്പൊൾ സൗദി എയർലൈൻസ് സൂചിപ്പിച്ച പ്രത്യേകം പെർമിറ്റ് ഉള്ളവർ എന്ന വിഭാഗത്തിൽ ഇവരും ഉൾപ്പെടില്ലേ എന്ന സംശയം നില നിൽക്കുന്നു.
ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ച് മാത്രമായി വിമാന സർവീസ് നടത്തുകയാണെങ്കിൽ ഇങ്ങനെ ഔദ്യോഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിക്കേണ്ടതില്ല. കാരണം നേരത്തെയും ആരോഗ്യ പ്രവർത്തകരുമായി സൗദിയ വിമാനം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് മടങ്ങിയിട്ടുണ്ട്.
അതോടൊപ്പം നിലവിൽ സൗദി എയർലൈൻസ് നേരിട്ട് വിമാന സർവീസുകൾ നടത്തുന്ന ഫിലിപൈൻസും പാകിസ്ഥാനും അടക്കമുള്ള മറ്റു രാജ്യങ്ങളും ഉൾപ്പെട്ട സർവീസ് ഷെഡ്യൂളിലാണു ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും നിലവിൽ ആ രാജ്യങ്ങളിൽ നിന്ന് ആരോഗ്യ പ്രവർത്തകരല്ലാത്തവരാണു ഭുരിഭാഗവും സൗദിയിലേക്ക് പറക്കുന്നതെന്നും ശ്രദ്ധേയമാണ്.
സൗദി എയർലൈൻസ് ഇത് പോലെ എല്ലാ മാസവും ഷെഡ്യൂളുകൾ ഇടാറുണ്ടെന്നും ഇത് ആദ്യമായല്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ കൊറോണ കാരണം വിമാന സർവീസ് മുടങ്ങിയ ശേഷം ഇന്ത്യയിലെ ഏതെങ്കിലും ഒരു നഗരത്തിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന വിവരം സൗദി എയർലൈൻസ് ഔദ്യോഗികമായി ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണെന്നതാണു വസ്തുത.
ഏതായാലും ഇഖാമ, റി എൻട്രി എന്നിവയിൽ മതിയായ കാലാവധി ബാക്കിയുള്ളവരും പെട്ടെന്ന് സൗദിയിൽ തിരിച്ചെത്തേണ്ട അത്യാവശ്യം ഇല്ലാത്തവരും നവംബർ മാസം വരെ കാത്തിരിക്കുന്നത് ഒരു പക്ഷേ കുറഞ്ഞ ചിലവിൽ നേരിട്ട് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കിയേക്കാം.
Update: 26/10/2020 8:00 AM
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa