ഇത് സൗദി ചരിത്രത്തിലെ വിപ്ളവകരമായ നീക്കം; പ്രതീക്ഷയോടെ പ്രവാസ ലോകം
ജിദ്ദ: സ്പോൺസറുടെ അനുമതിയില്ലാതെ രാജ്യം വിടാനും കഫാല (സ്പോൺസർഷിപ്പ്) മാറാനുമുള്ള അനുമതി നൽകുന്ന പരിഷ്ക്കരണം സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത് വിപ്ളവകരമായ നീക്കമായാണു വിലയിരുത്തപ്പെടുന്നത്.
പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നില നിൽക്കുന്ന തൊഴിൽ മേഖലയിലെ പ്രസ്തുത നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലൂടെ ആഗോള തലത്തിൽ തന്നെ സൗദി അറേബ്യയുടെ നടപടിക്ക് വൻ സ്വീകാര്യതയാണു ലഭിക്കാൻ പോകുന്നത്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ നാടു വിടാനുള്ള അനുമതി നിലവിലുണ്ടെങ്കിലും സൗദി അറേബ്യയിൽ ഇത് വരെ അതിനുള്ള സംവിധാനം ഒരുങ്ങിയിരുന്നില്ല.
പുതിയ നീക്കം തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ മാനസിക സമ്മർദ്ദം ഇല്ലാതെ ജോലി ചെയ്യുന്നതിനും പുതിയ തൊഴിലവസരങ്ങൾ തേടുന്നതിനും അവസരമൊരുക്കും.
അതോടൊപ്പം തൊഴിലാളികളുമായുള്ള തൊഴിലുടമകളുടെ സമീപനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ പരിഷ്ക്കരണം വഴി തെളിയിക്കും.
തൊഴിൽ കരാർ അവസാനിച്ചാലും രാജ്യം വിടാൻ അനുമതി നൽകാത്ത സ്പോൺസർമാരുടെ കഥയയെല്ലാം ഇനി പഴങ്കഥകളായി മാറും.
മികച്ച തൊഴിലവസരം മുന്നിൽ കണ്ടാലും കഫീലിൻ്റെ കനിവ് ഇല്ലാതെ തൊഴിലാളിക്ക് അവ എത്തിപ്പിടിക്കാൻ സാധിക്കാതെ വന്നിരുന്ന സ്ഥിതിയും ഇനി ഓർമ്മകളായി മാറും.
ഔദ്യോഗികമായി കഫാല സംവിധാനം ഒഴിവാക്കിയെന്ന പ്രഖ്യാപനം ഇല്ലെങ്കിലും കഫാല സംവിധാനത്തിൽ വിദേശികൾ വലിയ വെല്ലു വിളി നേരിട്ടിരുന്ന രണ്ട് സംഗതികളായിരുന്ന രാജ്യം വിടാനുള്ള അനുമതിയും കഫാല മാറാനുള്ള അനുമതിയും ഇനി മുതൽ നിയന്ത്രണ വിധേയമല്ല എന്നത് രാജ്യത്തെ പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa