സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറ്റവും സൗദിയിൽ നിന്ന് പുറത്ത് കടക്കാനുള്ള അനുമതികളും രണ്ട് അപ്ളിക്കേഷനുകളിലൂടെ ലഭ്യമാകും; ഗാർഹിക തൊഴിലാളികൾ നിലവിലെ നിയമത്തിൽ ഉൾപ്പെടില്ല
ജിദ്ദ: സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് (കഫാല) മാറ്റവും സൗദിയിൽ നിന്ന് പുറത്ത് പോകാനുള്ള അനുമതികളുമെല്ലാം രണ്ട് അപ്ളിക്കേഷനുകളിലൂടെയായിരിക്കും ലഭ്യമാകുക.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷിർ, മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ ഖിവ എന്നീ അപ്ളിക്കേഷനുകൾ വഴിയാണു സേവനങ്ങൾ ലഭിക്കുക.
അതേ സമയം സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറ്റവും സൗദിയിൽ നിന്ന് പുറത്ത് കടക്കാനുള്ള അനുമതിയും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണു ലഭ്യമാകുക എന്ന് അധികൃതർ വെളിപ്പെടുത്തി.
നിലവിൽ പ്രഖ്യാപിച്ച പരിഷ്ക്കരണ നടപടികളിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണു പദ്ധതി ബാധകമാകുകയെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയ വാക്താവ് നാസിൽ അൽ ഹസാനിയാണു അൽ ഇഖ്ബാരിയ ചാനലിനോട് വ്യക്തമാക്കിയത്.
എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി വന്നേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇത് വരെ കണ്ടിട്ടില്ല.
2021 മാർച്ച് 14 മുതലായിരിക്കും സൗദി ചരിത്രത്തിലെ തന്നെ വിപ്ളവകരമായ മാറ്റമെന്ന് വിശേഷിപ്പിക്കപ്പെട്ട പുതിയ പരിഷ്ക്കരണ പദ്ധതി നടപ്പിൽ വരിക.
പുതിയ പരിഷ്ക്കരണ പ്രകാരം കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെത്തന്നെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് മാറാൻ സാധിക്കും.
അതോടൊപ്പാം റി എൻട്രിയിലോ ഫൈനൽ എക്സിറ്റിലോ സ്വദേശത്തേക്ക് മടങ്ങുന്നതിനു തൊഴിലുടമയുടെ അനുമതിയും ആവശ്യമുണ്ടാകില്ല.
തൊഴിലാളി രാജ്യത്ത് നിന്ന് പുറത്ത് പോയാൽ ആ വിവരം തൊഴിലുടമയെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കുകയാണു ചെയ്യുക.
ഏറെ നാളത്തെ സൗദി പ്രവാസികളുടെ വലിയ ഒരു ആഗ്രഹമാണു സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa