സൗദിയിൽ സ്പോൺസർഷിപ്പ് സംവിധാനം ഇല്ലാതായോ? മന്ത്രാലയ ഉദ്യോഗസ്ഥൻ പ്രതികരിച്ചു
ജിദ്ദ: സൗദിയിൽ പുതിയ തൊഴിൽ പരിഷ്ക്കരണം വന്നതോടെ സ്പോൺസർഷിപ്പ് സംവിധാനം ഇല്ലാതായോ എന്ന അൽ അറബിയ ചാനൽ അവതാരകൻ്റെ ചോദ്യത്തിനു സൗദി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയ അണ്ടർ സെക്രട്ടറി സത്താം അൽ ഹർബി പ്രതികരിച്ചു.
തൊഴിൽ സിസ്റ്റത്തിൽ സ്പോൺസർഷിപ്പ് എന്ന പേരിൽ പ്രചരിക്കുന്ന ഒരു സംഗതി തന്നെ ഇല്ല. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാറിൻ്റെ അടിസ്ഥാനത്തിലുള്ള ഒരു തൊഴിൽ ബന്ധമാണു തൊഴിൽ സിസ്റ്റം വഴി സ്ഥാപിക്കുന്നത്.
സ്പോൺസർ എന്ന വാക്ക് കാലങ്ങളായി പ്രചാരത്തിലുണ്ട്. എന്നാൽ അതിനു നിയമ പരമായ ഒരു അടിസ്ഥാനവുമില്ല. ഒരു പ്രത്യേക കാലയളവിലേക്ക് തൊഴിലുടമയുമായുള്ള തൊഴിൽ കരാറിൻ്റെ അടിസ്ഥാനത്തിലാണു വിദേശികൾ സൗദിയിലേക്ക് തൊഴിൽ ചെയ്യാനെത്തുന്നത്. കരാർ കഴിഞ്ഞ ശേഷം അവർ അവരുടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു; സത്താം അൽ ഹർബി പറഞ്ഞു.
മന്ത്രാലയ അണ്ടർ സെക്രട്ടറിയുടെ വ്യാഖ്യാന പ്രകാരം സാങ്കേതികപരമായി സ്പോൺസർഷിപ്പ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് പറയാമെങ്കിലും പ്രാവർത്തികമായി പല തൊഴിലുടമകളും തങ്ങൾക്കുണ്ടായിരുന്ന അധികാരം തൊഴിലാളിയുടെ അജ്ഞതയോ നിയമപരമായി നീങ്ങാനുള്ള പേടിയോ മുതലെടുത്ത് കൊണ്ട് ഉപയോഗപ്പെടുത്തിയിരുന്നു എന്നതാണു വസ്തുത.
എന്നാാൽ പുതിയ തൊഴിൽ പരിഷ്ക്കരണ നിയമപ്രകാരം തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ രാജ്യം വിടാനും തൊഴിൽ കരാർ അവസാനിച്ചാൽ സ്പോൺസർഷിപ്പ് മാറാനും അനുമതി ലഭിക്കുന്നതോടെ സൗദിയിൽ പറയപ്പെട്ട കഫാല (സ്പോൺസർഷിപ്പ്) സംവിധാനം ഇല്ലാതായി എന്ന് തന്നെ ഒരു പരിധി വരെ പറയാൻ സാധിക്കും.
പുതിയ പരിഷ്ക്കരണത്തിൽ കരാർ അവസാനിക്കുന്നതിനു മുംബ് ആവശ്യമെങ്കിൽ കരാർ റദ്ദാക്കിയും തൊഴിലാളിക്ക് സൗദി വിടാൻ അവകാശമുണ്ടെന്നതും പ്രത്യേകം പരമാർശിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കരാർ റദ്ദാക്കുന്നത് കൊണ്ടുള്ള അനന്തര ബാധ്യതകൾ തൊഴിലാളിയുടെ ഉത്തരവാദിത്വത്തിലായിരിക്കും എന്ന് മാത്രം.
ഏതായാലും കാലങ്ങളായി സൗദി പ്രവാസികൾക്ക് മുന്നിലുണ്ടാായിരുന്ന വലിയ പ്രതിബന്ധങ്ങളാണു ഇന്നത്തെ തൊഴിൽ പരിഷ്ക്കരണം മൂലം ഇല്ലാതാകാൻ പോകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa