സൗദിയിൽ മലപ്പുറം സ്വദേശി കടക്കുള്ളിൽ വെച്ച് കൊല്ലപ്പെട്ട സംഭവം; ഞെട്ടൽ മാറാതെ പ്രവാസ ലോകം
ജിസാൻ: അബൂ അരീഷിൽ മിനി സൂപർമാർക്കറ്റിനുള്ളിൽ വെച്ച് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവം മലയാളി പ്രവാസ സമൂഹത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയിട്ടുള്ളത്.
മലപ്പുറം മേൽമുറി ആലത്തൂർപ്പടി സ്വദേശി മുഹമ്മദലി പുള്ളിയിലിനെ (52) യാണ് ഇന്ന് പുലർച്ചെ ജോലി ചെയ്യുന്ന കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കടയടക്കുന്നതിനു മുമ്പ് കണക്കുകൾ ശരിയാക്കാനായി കടക്കുള്ളിൽ മുഹമ്മദലി ഇരിക്കുന്ന സമയമാണ് കൊലപാതകം നടന്നതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
കടക്കുള്ളിലേക്ക് പെട്ടെന്ന് കയറി വന്ന പ്രതി മുഹമ്മദലിയെ കത്തിയുപയോഗിച്ച് കുത്തുകയും അത് മരണ കാരണമകുകയും ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൊലപാതക ദൃശ്യങ്ങൾ മറക്കാനായി പ്രതി സി സി ടി വി റെസീവറും മോഷ്ടിക്കുകയും കേബിളുകൾ അറുത്തു മാറ്റി രക്ഷപ്പെടുകയുമായിരുന്നുവെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പോലീസും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.
കടക്ക് പുറത്തും സമീപത്തുമുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംശയം തോന്നിയ ഒരു സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
സംഭവം നടക്കുംബോൾ ഇതേ കടയിൽ ജോലി ചെയ്യുന്ന മുഹമ്മദലിയുടെ ഒരു സഹോദരൻ ജോലി കഴിഞ്ഞ ശേഷം റൂമിൽ ഉറങ്ങുകയായിരുന്നു. മറ്റൊരു സഹോദരൻ നാട്ടിൽ അവധിയിലാണുള്ളത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണു മുഹമ്മദലിയുടെ കുടുംബം.
25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരിക്കെയായിരുന്നു ഈ ദാരുണ സംഭവമെന്നത് മലയാളി സമൂഹത്തിനു വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa