Wednesday, April 30, 2025
Saudi ArabiaTop Stories

ഇനിയും പറയാതെ വയ്യ; കിട്ടിയ അവസരം ഓവർസ്മാർട്ട് കാണിച്ച് കുളമാക്കുന്ന മലയാളികൾ സൗദിയിൽ മറ്റുള്ളവർക്ക് കൂടി പാരയാകുന്നു

ജിദ്ദ: വൈവിധ്യമാർന്ന നിരവധി കാഴ്‌ചകൾ കൊണ്ടും മറ്റേത് അറബ് രാജ്യങ്ങളേക്കാളും സമ്പന്നമായ പ്രകൃതിയും ചരിത്ര ശേഷിപ്പികളും കൊണ്ടും അനുഗ്രഹിക്കപ്പെട്ട മണ്ണാണു സൗദി അറേബ്യ.

എന്നാൽ ജോലിത്തിരക്കു മൂലവും മറ്റു പല കാരണങ്ങൾ കൊണ്ടുമെല്ലാം ഇത്തരം പ്രകൃതി സൗന്ദര്യങ്ങളും മറ്റു കാഴ്ചകളും അപൂർവ്വമായി മാത്രമേ പലർക്കും ആസ്വദിക്കാൻ സാധിക്കാറുള്ളൂ എന്നതാണു വസ്തുത. എങ്കിലും മലയാളി പ്രവാസികൾ വാരന്ത്യങ്ങളിലും മറ്റുമെല്ലാം സംഘം ചേർന്ന് ഇത്തരം കാഴ്ചകളും മറ്റും കാണാൻ ശ്രദ്ധിക്കാറുമുണ്ട്.

അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങൾ പക്ഷേ, പല മലയാളികളുടെയും ഓവർ സ്മാർട്ട്നെസ്സ് കൊണ്ട് ഇല്ലാതായിപ്പോകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട് എന്നതും പറയാതെ വയ്യ.

റിയാദിനടുത്ത് ഒരു സ്ഥലത്തുള്ള ഓറഞ്ച് തോട്ടത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചപ്പോൾ ആ അവസരം അനുമതിയില്ലാതെ ഓറഞ്ച് പറിക്കാൻ ചില മലയാളികൾ ദുരുപയോഗം ചെയ്തതും ദേഷ്യം പിടിച്ച തോട്ടമുടമ കാണാനെത്തിയവരെയെല്ലാം തോട്ടത്തിൽ നിന്ന് പുറത്താക്കിയതും കഴിഞ്ഞ ദിവസം ഒരു മലയാളി സാമൂഹിക പ്രവർത്തകൻ സൂചിപ്പിച്ചിരുന്നു.

നേരത്തെ ജിദ്ദക്കടുത്ത ഒരു വലിയ സ്വകാര്യ മൃഗശാലയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചപ്പോൾ നിർദ്ദിഷ്ഠ വേഗതയിൽ മൃഗ ശാലാ കോംബൗണ്ടിനകത്ത് കാറോടിക്കാതെ അമിത വേഗതിൽ കാറോടിക്കുകയും അത് ഒരു മാനിൻ്റെ ജീവനെടുക്കുകയും തുടർന്ന് ദിവസങ്ങളോളം മൃഗ ശാലാ പ്രവേശനം ഇല്ലാതായിരുന്നതും ഒരു സുഹൃത്ത് ഈ വിഷയം സംസാരിച്ചപ്പോൾ സൂചിപ്പിക്കുകയുണ്ടായി.

സൗദിയിലെ ഒരു മാങ്ങാത്തോട്ടത്തിൽ കയറാൻ അനുമതി ലഭിച്ചപ്പോൾ ആ അവസരവും ചിലർ ദുരുപയോഗം ചെയ്തതും പിന്നീട് അങ്ങോട്ടുള്ള പ്രവേശനം മുടങ്ങിയതും ചില പ്രവാസികൾ ഓർത്തെടുക്കുന്നു.

ഏതായാലും ഇത്തരത്തിൽ പല അവസരങ്ങളും പല രീതിയിലും ലഭിക്കുന്നത് ചിലർ ഓവർ സ്മാർട്ട് കാണിച്ച് ദുരുപയോഗം ചെയ്യുന്നത് വഴി മാന്യമായ രീതിയിൽ അത്തരം സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്ക്കുന്ന മറ്റു പ്രവാസികൾക്കുള്ള അവസരം കൂടി തടയുകയാണ് ചെയ്യുന്നത്. അതിനു പുറമേ മലയാളി സമൂഹത്തിനു മൊത്തം ചീത്തപ്പേരുണ്ടാക്കുകയുമാണു ചെയ്യുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

പല പാർക്കുകളിലും പ്രവാസി കുടുംബങ്ങൾ വേസ്റ്റുകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ സങ്കടകരമാണെന്ന് ഇതോടൊപ്പം ചേർത്ത് പറയാതെ വയ്യ. വേസ്റ്റുകൾ നിക്ഷേപിക്കാനുള്ള പ്രത്യേക സ്ഥലങ്ങൾ ഉണ്ടായിട്ടും ഇരുന്ന സ്ഥലത്ത് തന്നെ വേസ്റ്റുകൾ ഉപേക്ഷിച്ച് മടങ്ങുന്ന നിരവധി പേരെ മലയാളികളിൽ തന്നെ ഇപ്പോഴും കാണാം.

ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ സൗദികൾക്ക് പ്രിയപ്പെട്ടവർ മലയാളി സമൂഹമാണെന്നത് ഓർത്ത് കൊണ്ട് തന്നെ ആ പരിഗണന ഇല്ലാതാക്കുന്ന എല്ലാ തരം പ്രവർത്തനങ്ങളിൽ നിന്നും എല്ലാവരും വിട്ട് നിൽക്കേണ്ടതുണ്ടെന്നാണു മലയാളി സാമൂഹിക പ്രവർത്തകർ അഭ്യർത്ഥിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്