കല്യാണപ്പെണ്ണിനെ കണ്ടപ്പോൾ അവൾ തൻ്റെ മകളാണെന്ന ശക്തമായ തോന്നലാണു കൂടുതൽ അന്വേഷണത്തിനു സൗദി യുവതിയെ പ്രേരിപ്പിച്ചത്; ഡി എൻ എ ടെസ്റ്റ് പോലും തനിക്കെതിരായിട്ടും 20 വർഷം മുമ്പ് തൻ്റെ മകളെ തട്ടിയെടുത്ത വൃദ്ധ കാര്യങ്ങൾ സമ്മതിച്ചതോടെ സത്യം പുറത്ത് വരികയായിരുനു
റിയാദ്: ഒരു സ്വപ്നക്കഥ പോലെ തോന്നാമെങ്കിലും സൗദി വനിതയുടെ ജീവിതത്തിൽ ഉണ്ടായ ഈ യാഥാർത്ഥ്യ സംഭവങ്ങൾ അറബ് മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ഒരു ഗൾഫ് പൗരനെ വിവാഹം ചെയ്ത സൗദി വനിത ഗർഭിണിയായ സന്ദർഭത്തിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അയൽവാസിയായ ഒരു വൃദ്ധയെ ഏൽപ്പിച്ച് ഗൾഫ് പൗരനായ ഭർത്താവ് അത്യാവശ്യമായി സ്വദേശത്തേക്ക് മടങ്ങിയതോടെയാണു സംഭവത്തിൻ്റെ തുടക്കം.
ഭർത്താവ് പോയതിനു ശേഷം സൗദി വനിത അയൽവാസിയായ വൃദ്ധയോടൊപ്പം ആശുപത്രിയിലേക്ക് പോകുകയും അവിടെ വെച്ച് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശേഷം കുട്ടിക്ക് അസുഖമായതിനാൽ മാതാവ് വീട്ടിലേക്ക് മടങ്ങുകയും കുട്ടിയുടെ ആശുപത്രി കാര്യങ്ങൾ നോക്കുന്നത് അയൽ വാസിയായ വൃദ്ധ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ സമീപ ദിനം തന്നെ കുട്ടി മരിച്ചതായും ആശുപത്രി അധികൃതർ തന്നെ കുട്ടിയെ മറവ് ചെയ്യുകയും ചെയ്തതായി വൃദ്ധ കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. പിന്നീട് സ്വദേശത്ത് നിന്ന് മടങ്ങിയെത്തിയ ഭർത്താവിനോട് സൗദി വനിത ഇക്കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
പിന്നീട് തൻ്റെ രാജ്യത്തേക്ക് ഭാര്യയോടൊപ്പം ഭർത്താവ് മടങ്ങുകയും തുടർന്ന് അവർക്ക് അവിടെ വെച്ച് കുട്ടികൾ ജനിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ റിയാദിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ കല്യാണപ്പെണ്ണിനെ കണ്ട സൗദി വനിതക്ക് ആ പെൺകുട്ടിയോട് ഒരു പ്രത്യേക തരം മാനസിക അടുപ്പം തോന്നിയതാണു കഥയുടെ ട്വിസ്റ്റ്.
കല്യാണപ്പെണ്ണിനെ കണ്ടപ്പോൾ തൻ്റെ മനസ്സിൽ പ്രത്യേക തരം മാനസിക അടുപ്പം ആ കുട്ടിയോട് തോന്നിയ സൗദി വനിത പെൺകുട്ടിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. പെൺകുട്ടിയെ 20 വർഷങ്ങൾക്ക് മുംബ് ഒരു അഭയ കേന്ദ്രത്തിൽ നിന്ന് ഒരു വൃദ്ധയായ സ്ത്രീ ഏറ്റെടുത്ത് വളർത്തിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.
തുടർന്ന് വൃദ്ധയെ ബന്ധപ്പെട്ടപ്പോൾ പണ്ട് തനിക്ക് കൂട്ടായി ആശുപത്രിയിലേക്ക് വന്നിരുന്ന വൃദ്ധയായിരുന്നു അതെന്ന് സൗദി വനിതക്ക് മനസ്സിലായി. വൃദ്ധക്കെതിരെ അവർ കേസ് കൊടുത്തു. എന്നാൽ തനിക്ക് അഭയ കേന്ദ്രത്തിൽ നിന്ന് കിട്ടിയതാണെന്ന വാദത്തിൽ വൃദ്ധ ഉറച്ച് നിൽക്കുകയായിരുന്നു. ശേഷം ഡി എൻ എ ടെസ്റ്റ് നടത്തിയപ്പോഴും കുട്ടിയുടെയും സൗദി വനിതയുടെയും ഡി എൻ എ ഒത്ത് വരികയും ചെയ്തില്ല.
എന്നാൽ പെൺകുട്ടിയോടുള്ള മാനസിക ബന്ധം ആ മാതാവിനെ പിന്തിരിപ്പിച്ചില്ല. ഡി എൻ എ ടെസ്റ്റിൽ ചിലപ്പോൾ തെറ്റുകൾ പറ്റാമെന്നതിനാൽ രൂപസാദൃശ്യം പരിശോധിച്ച് കുടുംബ ബന്ധം സ്ഥിരീകരിക്കുന്ന വിദഗ്ധരുടെ സഹായം തേടിയ യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും വിദഗ്ധർ പെൺകുട്ടി സൗദി വനിതയുടെ കുടുംബത്തിൽ പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് വൃദ്ധ താൻ ചെയ്ത തെറ്റ് സമ്മതിക്കുകയും ഒരു കുട്ടിയെ വളർത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നു 20 വർഷം മുംബ് കള്ളം പറഞ്ഞ് കുട്ടിയെ തട്ടിയെടുത്തതെന്നും സമ്മതിച്ചു. പെൺകുട്ടിയെ താൻ നല്ല നിലയിൽ വളർത്തിയതായും വിശുദ്ധ ഖുർആൻ മന:പാഠം ഉള്ളവളാക്കിയതായും നല്ല ഒരു വരനെ കണ്ടെത്തി വിവാഹം ചെയ്ത് കൊടുത്തതായും വൃദ്ധ കുറ്റ സമ്മതത്തിൽ പറഞ്ഞു. തന്ൻ്റെ മാതൃത്വം സ്ഥിരീകരിച്ച കോടതി വിധിയിൽ സന്തുഷ്ടയായ സൗദി വനിത വൃദ്ധക്ക് മാപ്പ് നൽകിയതോടെ അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു സംഭവ കഥക്ക് പര്യാവസനമാകുകായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa