Friday, November 22, 2024
Saudi ArabiaTop Stories

തൊഴിലാളി കടം വാങ്ങിയ തുക ശമ്പളത്തിലൂടെ ഒരുമിച്ച് തിരിച്ച് പിടിക്കാൻ അവകാശമില്ല: വേതന രഹിത അവധിക്ക് നിർബന്ധിക്കാൻ പാടില്ല; സൗദി മാനവ വിഭവശേഷി മന്ത്രാലയം

റിയാദ്: തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വങ്ങിയ കടം ശമ്പളത്തിലൂടെ തിരിച്ചുപിടിക്കാമെങ്കിലും ഒരുമിച്ച് ഈടാക്കാൻ പാടില്ലെന്നും ആകെ ശമ്പളത്തിന്റെ 10 ശതമാനത്തിൽ താഴെ എന്ന തോതിൽ മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.

നിയമപരമായി അനുവദിക്കപ്പെട്ട സന്ദര്‍ഭങ്ങളിലല്ലാതെ തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവു വരുത്താന്‍ തൊഴിലുടമകള്‍ക്ക് അധികാരമില്ലെന്നും അങ്ങനെ ശമ്പളം വെട്ടിക്കുറച്ചാൽ തൊഴിലുടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജീവനക്കാരന് അവകാശമുണ്ടായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ശമ്പളം പിടിക്കാന്‍ തൊഴിലുടമയെ അനുവദിക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് തൊഴില്‍ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതപ്രകാരം മാത്രമേ അത്തരം സാഹചര്യങ്ങളിലും ശമ്പളത്തിൽ കുറവ് വരുത്താനും മറ്റും പാടുള്ളൂ.

വേതന രഹിത അവധിക്ക് നിർബന്ധിക്കാൻ തൊഴിലുടമക്ക് അവകാശമില്ലെന്നും തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കിൽ പോലും വേതനം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാനായി മാത്രം വേതന രഹിത അവധി നൽകാൻ പാടില്ലെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്