മുന്‍ സൗദി എണ്ണ മന്ത്രി യമാനിക്ക് വിട; ബന്ദിയാക്കി ഭീകരര്‍ റാഞ്ചിപ്പറന്നെങ്കിലും തരിമ്പും കൂസാതിരുന്ന നേതാവ്
✍️ഹസൻ ചെറൂപ്പ (സൗദി ഗസറ്റ്)
ജിദ്ദ: കാല്‍നൂറ്റാണ്ടോളം കാലം സൗദി അറേബ്യയുടെ എണ്ണ മന്ത്രിയായിരുന്ന ശൈഖ് അഹ് മദ് സകി യമാനി ഇഹലോകവാസം വെടിഞ്ഞു. ഇന്നലെ (ഫെബ്രുവരി 23 ചൊവ്വ) ലണ്ടനിലായിരുന്നു 91 വയസ്സായ യമാനിയുടെ അന്ത്യം. ഖബറടക്കം മക്കയില്‍ നടക്കും.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും കുതിപ്പിന്റെയും പിറകില്‍ യമാനിയുടെ ദീര്‍ഘദൃഷ്ടിയോടെയുള്ള ഇടപെടലുകളും സ്ഥിരോത്സാഹവും കിതപ്പുമുണ്ടായിരുന്നു. സൗദി അറേബ്യയെ സമ്പദ്‌സമൃദ്ധിയുടെ യുഗത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതില്‍ 1962 മുതല്‍ 86 വരെ എണ്ണ-പ്രകൃതി വിഭവ മന്ത്രിയായിരുന്ന യമാനിയുടെ പങ്ക് കനപ്പെട്ടതായിരുന്നു. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ നേതൃനിരയില്‍ സൗദി അറേബ്യക്ക് സുപ്രധാന സ്ഥാനം സാധ്യമാക്കുന്നതിന് അഹോരാത്രം പാടുപെട്ട യമാനി ഇന്ദിരാഗാന്ധിയടക്കമുള്ള ലോകനേതാക്കളുമായി ഉറ്റ സുഹൃദ്ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്.
1930 ല്‍ മക്കയില്‍ ജനിച്ച അദ്ദേഹം കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദമെടുത്തതിനുശേഷം അമേരിക്കയിലെ ഹാര്‍വാഡ്, ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റികളിലായിരുന്നു ഉന്നതപഠനം നടത്തിയത്. ശേഷം 1960 ല്‍ സൗദി മന്ത്രിസഭയുടെ ഉപദേഷ്ടാവും സഹമന്ത്രിയും 62 ല്‍ എണ്ണ മന്ത്രിയുമായി. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ സ്ഥാപകരിലൊരാളായ യമാനിയായിരുന്നു സംഘടനയുടെ പ്രഥമ സെക്രട്ടറി ജനറല്‍. ആഗോള ഊര്‍ജ പഠന കേന്ദ്രത്തിന്റെ തലവനുമായിരുന്നു. ലോകോത്തര എണ്ണക്കമ്പനിയായി സൗദി അരാംകോയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും അതുല്യമായ പങ്കാണ് അദ്ദേഹം വഹിച്ചത്.
1975 ഡിസംബര്‍ 21 ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ഒപെക് ആസ്ഥാനത്തുഇരച്ചുകയറിയ ആറംഗ ഭീകരസംഘം യമാനിയടക്കം ഒപെക് അംഗരാജ്യങ്ങളിലെ നിരവധി മന്ത്രിമാരെ ബന്ദികളാക്കി. കാര്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതിരുന്ന അക്കാലത്ത് ഒപെക് രാഷ്ട്രപ്രതിനിധികളെന്ന വ്യാജേനയാണ് സംഘം അകത്തുകയറിയത്. സ്‌പോര്‍ട്‌സ് സാമഗ്രികളുടെ കിറ്റിലാണ് യന്ത്രത്തോക്കുകളും മറ്റ് ആയുധങ്ങളും ഒളിച്ചുകടത്തിയത്. “കാര്‍ലോസ് കുറുക്കന്‍” എന്നപേരില്‍ കുപ്രസിദ്ധനായിരുന്ന വെനിസ്വലന്‍ ഭീകരന്‍ ഇലിച് റമിറെസ് സാഞ്ചെസ് തലവനായ സംഘത്തില്‍ രണ്ട് ഫലസ്തീനികളും ലിബിയക്കാരനും ജര്‍മന്‍ യുവതിയും ഉള്‍പ്പെട്ടിരുന്നു.
ഒപെക് യോഗം നടന്നുകൊണ്ടിരിക്കേ, യന്ത്രത്തോക്കുതിര്‍ത്ത് പരിഭ്രാന്തി പരത്തിയാണ് മന്ത്രിമാരടക്കം 60 പേരെ ബന്ദികളാക്കിയത്. വെടിവെപ്പില്‍ ഇറാഖി, ലിബിയന്‍ പ്രതിനിധികളും സുരക്ഷാഭടനുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബന്ദികളുമായി ഓസ്ട്രിയ വിടുന്നതിന് വിമാനവും ഏതാനും ബസുകളും അനുവദിക്കണമെന്നും ഫലസ്തീന്‍ പ്രശ്‌നത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റേഡിയോയിലൂടെ പ്രഖ്യാപനം നടത്തണമെന്നും ഇല്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നും ഭീഷണി മുഴക്കിയതോടെ, അന്ത്യശാസനത്തിന് വഴങ്ങാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
46 മണിക്കൂര്‍ നേരത്തെ ബന്ദി നാടകത്തിനിടയില്‍ ഏറെ സമയം, വിഐപി ബന്ദികളെയുമായി റാഞ്ചിപ്പറക്കുകയായിരുന്നു. ഒപെക് ആസ്ഥാനത്തുനിന്ന് ഷെവെചാറ്റ് വിമാനത്താവളത്തിലേക്ക്. 33 വി.ഐ.പി ബന്ദികളെയാണ് വിമാനത്തില്‍ കയറ്റിയത്. മറ്റുള്ളവരെ വിട്ടയച്ചു. അവിടെനിന്ന് യാത്ര തിരിച്ച വിമാനം ഇറങ്ങാന്‍ അല്‍ജീരിയ അനുമതി നല്‍കി. അല്‍ജിയേഴ്‌സില്‍ ഇറക്കിയ വിമാനത്തില്‍നിന്ന് അല്‍ജീരിയന്‍ എണ്ണ മന്ത്രിയെ വിട്ടയച്ചു. പിന്നീട് ലിബിയയിലേക്കാണ് തിരിച്ചത്. ലിബിയന്‍ മന്ത്രിയെ അദ്ദേഹത്തിന്റെ നാട്ടിലും സ്വതന്ത്രനാക്കി. പിന്നീട് യെമനിലും ഇറാഖിലും ഇറങ്ങാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല, ഒടുവില്‍ തുനീഷ്യയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. ഇതിനിടയില്‍, മധ്യസ്ഥശ്രമം നടത്തിയ അല്‍ജീരിയയുടെയും മറ്റും ശ്രമഫലമായി മോചനദ്രവ്യം സ്വീകരിച്ച് മുഴുവന്‍ ബന്ദികളെയും വിട്ടയക്കാന്‍ തയാറാവുകയായിരുന്നു.
മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടാന്‍ സാധിച്ച സംഘത്തലവന്‍ കാര്‍ലോസ് 1994 ല്‍ സുഡാനില്‍വെച്ച് അറസ്റ്റിലാവുകയും ഫ്രാന്‍സിന് കീഴടങ്ങുകയുമായിരുന്നു. സൗദിയും ഇറാനും കുവൈത്തും ഇറാഖും വെനിസ്വലയുമടക്കം നിരവധി രാജ്യങ്ങളിലെ ബന്ദികളാക്കിയ മന്ത്രിമാരില്‍, സകി യമാനിയെ വധിക്കണമെന്ന് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കാര്‍ലോസ് കുറ്റസമ്മതം നടത്തി. ഒരു അറബ് രാഷ്ട്രത്തലവന്റെ ആശയമാണ് റാഞ്ചലിലൂടെ നടപ്പാക്കിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.
ജീവനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ 46 മണിക്കൂര്‍ അക്ഷോഭ്യനായി എല്ലാം നേരിട്ട യമാനി കാര്‍ലോസിനെക്കുറിച്ച് പിന്നീട് അനുസ്മരിച്ചത്, ശസ്ത്രക്രിയാവിദഗ്ധന്റെ കൃത്യതയോടെ, നിര്‍ദയം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതിന് അറപ്പില്ലാത്ത കൊടുംഭീകരനാണ് എന്നാണ്. പോപുലര്‍ ഫ്രണ്ട് ഫോര്‍ ഫലസ്തീന്‍ ലിബറേഷന്‍ എന്ന സംഘടനയുടെ ലേബലിലാണ് റാഞ്ചല്‍ അരങ്ങേറിയതെന്ന് പില്‍ക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa