Saturday, September 21, 2024
Qatarഅനുഭവം

ഉപ്പയുമൊന്നിച്ചുള്ള പ്രവാസ ജീവിതത്തിലെ റമളാൻ ദിനങ്ങളിലെ അസുലഭ നിമിഷങ്ങൾ പങ്ക് വെച്ച യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ദോഹ: ഖത്തറിൽ പ്രവാസിയായ പിതാവിനോടൊപ്പം കുറച്ച് ദിവസങ്ങൾ തനിച്ച് കഴിയാൻ അവസരം ലഭിച്ച മൻസൂർ അഹ്മദ് എന്ന പ്രവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ വയിക്കാം.

കുറച്ച് ദിവസമായി ഉപ്പയുണ്ടായിരുന്നു  കൂടെ,ഏകദേശം ഒന്നര വർഷത്തിനു ശേഷമാണ് ഉപ്പ വീണ്ടും ഖത്തറിലെത്തുന്നത്…

ഒരു മാസത്തിലേറെയായി പുതിയ ഷോപ്പിൻറെ ഉത്ഘാടനവും മറ്റു കാര്യങ്ങളിലുമായി നന്നേ തിരക്കിലായിരുന്നു പാവം.ഒടുവിൽ ഇല്ലാത്ത നേരത്തും എൻറെ നിർബന്ധം കൊണ്ടാണ് കാണാൻ വന്നത്.ഓഫീസിൽ ഒരാഴ്ചത്തെ ലീവും പറഞ്ഞ് മുഴു നീളെ ഞാനും ഉപ്പയും മാത്രമുള്ള നിമിഷങ്ങളെ ആസ്വദിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ…രാവേറെ വൈകിയാലും
പറഞ്ഞു തീരാത്തത്രയും കഥകൾ പറഞ്ഞ് രാത്രിയെ പകലാക്കുകയായിരുന്നു.

ഒറ്റക്ക് നിസ്കരിച്ചും ഒറ്റക്ക് നോമ്പ് തുറന്നും തുടർച്ചയായി രണ്ടാം വർഷവും കോവിഡ് റൂമിലാക്കി കളഞ്ഞപ്പോ ഉപ്പ തന്ന സാമീപ്യം വളരെ വലുതായിരുന്നു,ഞങ്ങളൊരുമിച്ച് തറാവീഹ് നിസ്കരിച്ചും നോമ്പ് തുറന്നും അത്താഴം കഴിച്ചും അങ്ങിനെ അങ്ങിനെ എല്ലാമെല്ലാമായ് ഒരാഴ്ചക്കാലത്തോളം ഉപ്പയുടെ ചൂരും ചൂടുമറിയുകയായിരുന്നു.നാട്ടിലെ നോമ്പോർമകൾ പറഞ്ഞപ്പോ തരിക്കഞ്ഞിയും പലഹാരങ്ങളും ഉപ്പ തന്നെ ഉണ്ടാകി തന്നു,കഥകളൊരുപാട് പറഞ്ഞൊടുവിൽ ഉപ്പയുടെ ചൂട് പറ്റി കിടന്നുറങ്ങുമ്പോ ആ നെഞ്ചിലെ താളവും ചുമലിലേറ്റി നടന്ന ബാല്യം തീർത്ത സുരക്ഷിതത്വവും  ഞാനറിയുന്നുണ്ടായിരുന്നു…ഇത് പോലെ ഉപ്പയെ തനിച്ചു കിട്ടിയ അവസരങ്ങൾ വളരെ വിരളമാണ്.ഒറ്റക്കുള്ള താമസവും യാന്ത്രികമായ ജീവിതവും പ്രവാസമങ്ങനെ കാർന്ന്  തിന്നുമ്പോ ഇടയ്ക്ക് കിട്ടുന്ന ഇത്തരം അനുഭൂതികൾ എങ്ങിനെയാണ് പറയാതിരിക്കുന്നത്..!

ആദ്യമായി ഉപ്പ ജോലി ചെയ്തിരുന്ന സ്ഥലങ്ങളൊക്കെ ഞങ്ങൾ പോയി കണ്ടു,മറവിക്ക് വിട്ട് കൊടുക്കാത്ത ചില സൗഹൃദങ്ങൾ വന്ന് പരസ്പരം കെട്ടിപ്പിടിക്കുന്നതും പഴയ കാല ഓർമകൾ അയവിറക്കി അവരുടെ ലോകമങ്ങനെ ചുരുങ്ങുന്നതും ഞാൻ നോക്കി നിന്നു.ആളൊഴിഞ്ഞ സൂഖ് വാഖിഫിലും സൂഖുൽ ഖറാജിലും നോമ്പിൻറെ പകലുകളിൽ ഞങ്ങളൊരുമിച്ച് നടന്നു,പച്ചയായ ജീവിതങ്ങൾ കാണുന്ന അൽ അതീയ മാർക്കറ്റിലെ തിരക്കുതീർത്ത സായാഹ്നങ്ങളെ കണ്ടറിഞ്ഞു…പകലിൻറെ ചൂടിൽ വെന്തുരുകുന്ന കോർണിഷിൻറെ നടപ്പാതയിൽ അൽപ സമയമിരുന്ന് ഗതകാല സ്മരണകളങ്ങനെ ഉപ്പ പറയുകയാണ്,,കണ്ടും അനുഭവിച്ചും തീർത്ത ജീവിത യാതാർത്ഥ്യങ്ങൾ കേൾക്കുമ്പോ  ദോഹയിലെ ഉയർന്ന് നിൽക്കുന്ന കെട്ടിടങ്ങളേക്കാൾ ആഴവും പരപ്പുമുണ്ടതിനെന്ന് എനിക്ക് തോന്നി..!!

പ്രവാസം കൊണ്ട് പോയ മുപ്പതിലേറെ വർഷത്തെ അനുഭവങ്ങളുടെ പാഠവം ഒരുപാടുണ്ട് ഉപ്പാക്ക് പറയാൻ…സഹനത്തിൻറെ ഒരായിരം നോവുകളുണ്ട് ആ മനസ്സിൽ.മാസത്തിലൊരിക്കൽ വരുന്ന കത്തിലൂടെയും റെക്കോർഡ് ചെയ്ത് വിടുന്ന കാസറ്റ് വള്ളിയുടെ ശബ്ദങ്ങളിലൂടെയും ഞങ്ങടെ വളർച്ച കണ്ട് സ്വന്തത്തിനു വേണ്ടി വല്ലാതെ തിരക്കിലായ് പോയ  മനുഷ്യനാണത്,വൈകാരികതയോട് മതിയെന്ന് പറയാൻ പഠിപ്പിച്ചത് ഉപ്പയാണ്.ഒരാളുടെയും ഔദാര്യത്തിന് ആ മനുഷ്യൻ നിന്ന് കൊടുത്തിട്ടില്ല, ഉണ്ടാക്കിയതെല്ലാം വിയർപ് നീരാക്കി തന്നെയൊണ്,വെട്ടിപ്പിടിച്ചതൊക്കെയും സ്വപ്രയത്നം കൊണ്ട് മാത്രമാണ്.

നേരം ഇരുട്ടുവോളം പണിയെടുത്ത് കുബ്ബൂസും തൈരും കൊണ്ട്  വിശപ്പ് മാറ്റി,എട്ടും പന്ത്രണ്ടും ആളുകൾ തിങ്ങിനിറയുന്ന റൂമിനുള്ളിലെ മുരളുന്ന ഏസിക്ക് കീഴിൽ തലയിണയെ ഈറനണിയിച്ച് കിടന്നുറങ്ങിയ ആദ്യകാല പ്രവാസത്തിൻറെ നീറുന്ന ഓർമകളങ്ങനെ പറയുമ്പോ ഉപ്പയുടെ കണ്ണുകൾ നനയുന്നത് ഞാൻ കാണുന്നുണ്ട്.ഇന്നെനിക്ക് ഒറ്റക്ക് താമസിക്കാനൊരു വില്ലയും തിരിയുന്ന കസേരയിലിരുന്ന് പണിയെടുക്കാനുള്ള  പ്രാപ്തിയും കൈവരിക്കാൻ സാധിച്ചെങ്കിൽ അതാ മനുഷ്യൻറെ അദ്ധ്വാനത്തിൻറെ ഫലം കൊണ്ട് മാത്രമാണ്…നാടിന്‍റെ സ്നിഗ്ദമായ  ഓര്‍മ്മകളില്‍ ബാക്കി വെച്ചു പോന്നതൊക്കെയും
മരുഭൂമിയുടെ ഊഷരതകളില്‍ കഴുകി കളഞ്ഞ ഉപ്പയുടെ പ്രവാസ ജീവിതം എനിക്ക് മുമ്പിലെന്നും തുറന്ന പുസ്തകമാണ്,,പഠിക്കാനും പകർന്നു നൽകാനും സ്നേഹത്തിൻറെ മഷി പുരട്ടി എഴുതിയ ഒരുപാട് താളുകളുണ്ടതിൽ…

പതിവ് പോലെ ഒറ്റക്കിരുന്ന് ഞാനിന്ന് വീണ്ടും നോമ്പ് തുറക്കാൻ കാരയ്ക്ക ചീന്തുമ്പോൾ ഓർത് വെക്കാനൊരുപാട് ഓർമകളും തന്ന് തിരക്കുകളിലേക്ക് ഊളിയിട്ട് പോയ പൊന്നുപ്പയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി എൻറെ നാഥനിലേക്ക് കൈകളുയരുകയാണ്,
ആ തണലിൻറെ സുഗന്ധമറിഞ്ഞ് എന്നും കൺകുളിർമയോടെ ഇത് പോലെ കാണാൻ നീ തൗഫീഖ് ചെയ്യണേ നാഥാ…
ആമീൻ യാ റബ്ബ്…സ്നേഹത്തോടെ,
_മൻസൂർ അഹ്മദ്_

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്