Friday, April 18, 2025
Top StoriesU A E

നാട്ടിൽ അമ്മ മരിച്ചതറിഞ്ഞ് ഗൾഫിൽ മലയാളി യുവാവിൻ്റെ ആത്മഹത്യ ; ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരോട് മലയാളി സാമൂഹിക പ്രവർത്തകന് പറയാനുള്ളത്

ദുബൈ: യു എ ഇയിൽ ആത്മഹത്യ ചെയ്ത മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്ന വേളയിൽ പ്രമുഖ സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കുറിപ്പ് ഇങ്ങനെ വായിക്കാം.

“ഇന്നലെ നാട്ടിലേക്ക് അയച്ച മൃതദേഹം കണ്ണൂര്‍ സ്വദേശി സുജിത്തിന്‍റെതായിരുന്നു.23 വയസ്സായിരുന്നു.അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് സുജിത്ത് ഇവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു.ഓര്‍മ്മ വയ്ക്കുന്നതിന് മുമ്പെ അച്ഛനെ നഷ്ടപ്പെട്ട സുജിത്തിന് എല്ലാമെല്ലാം അമ്മയായിരുന്നു.വീട്ട് പണിയെടുത്തും,ഹോട്ടലില്‍ പാത്രം കഴുകിയൊക്കെയാണ് അമ്മ മകനെ വളര്‍ത്തിയത്.അമ്മയുടെ മരണം താങ്ങാന്‍ കഴിയാതെ പിറ്റേദിവസം സുജിത്ത് തൂങ്ങി മരിക്കുകയായിരുന്നു.

മരണം എല്ലാപേര്‍ക്കും നിശ്ചയിക്കപ്പെട്ടതാണ്. സമയം ആകുമ്പോള്‍ എല്ലാപേരും ഇവിടെ നിന്നും മടങ്ങേണ്ടത് തന്നെയാണ്.അമ്മയുടെ മേലിലുളള സ്നേഹത്തിന്‍റെ പേരില്‍ ആത്മഹതൃ ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല.ആ അമ്മയുടെ ആത്മാവ് പോലും മാപ്പ് നല്‍കില്ലായെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഓരോ ആത്മഹത്യയുടെ പിന്നിലും ഓരോ കഥയുണ്ട്.കാരണങ്ങളുമുണ്ട്,പക്ഷെ എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംഭവം കേള്‍ക്കുന്നത്.ആത്മഹത്യകള്‍ ഒരു രീതിയിലും അംഗീകരിക്കുവാന്‍ കഴിയില്ല.

ഒരു മനുഷ്യന്റെ ഈ ലോകത്തെ ജീവിതം സന്തോഷങ്ങളും,ദുഃഖങ്ങളും കൊണ്ട് നിറഞ്ഞതാണ്. സന്തോഷവേളയില്‍ ദൈവത്തോടു നന്ദി പ്രകാശിപ്പിക്കുകയും,ദുഃഖവേളയില്‍ ക്ഷമയോടെ നേരിട്ട് ജീവിതപ്രയാസങ്ങള്‍ അതിജീവിക്കുവാന്‍ മനമുരുകി പ്രാര്‍ഥിക്കുകകയാണ് മനുഷ്യന്‍ ചെയ്യേണ്ടണ്ടത്. അല്ലാതെ ജീവിതത്തില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്.

പ്രിയപ്പെട്ട ഒരാളുടെ നഷ്ടപ്പെടുന്നതിന്റെ വേദന ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാൻ ഉറപ്പുനൽകുന്ന ഒരു രീതിയും ഈ ലോകത്ത് ഒരു ശാസ്ത്രവും കണ്ടുപിടിച്ചിട്ടില്ല.എന്നുവെച്ച് അവരോടപ്പം മരണത്തെ വരിക്കുകയല്ല ചെയ്യേണ്ടത്.മരിച്ചവരുടെ ആത്മാവിന് ശാന്തികിട്ടുവാന്‍ പ്രാര്‍ത്ഥിക്കുകയും,ഈ ലോകത്ത് അവര്‍ ബാക്കിവെച്ച പോയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുവാനും ശ്രമിക്കുക.”
✍️അഷ്റഫ് താമരശ്ശേരി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്