Friday, November 22, 2024
Saudi ArabiaTop StoriesTravel

സൗദിയിലേക്കുള്ള യാത്രക്കിടെ 14 ദിവസം തങ്ങിയ സമര്‍ഖന്ദിന്റെ ലാവണ്യം നുകരാന്‍ ലഭിച്ച അസുലഭാവസരം വർണ്ണിക്കുന്ന ജിദ്ദയിലെ മാധ്യമ പ്രവർത്തകൻ്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

സൗദിയിലേക്കുള്ള യാത്രക്കിടെ മറ്റു രാജ്യങ്ങളിൽ ചിലവഴിക്കുന്ന 14 ദിനരാത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന നിരവധി പ്രവാസികൾ ഉണ്ട്.

14 ദിവസം താമസിക്കുന്ന രാജ്യത്തെ ചരിത്ര പൗരാണിക ടൂറിസം മേഖലകൾ  എല്ലാം അന്വേഷിക്കുകയും പുതിയ കാഴ്ചകളും അനുഭവങ്ങളും കൈമുതലാക്കുകയും ചെയ്യുന്ന നിരവധി പേരാനുള്ളത്.

അതോടൊപ്പം തങ്ങൾ ചെന്നെത്തിയ  രാജ്യത്തെ ബിസിനസ് സാഹചര്യങ്ങളും തൊഴിൽ സാധ്യതകളും അന്വേഷിക്കുകയും ഭാവിയിൽ അവിടെ എത്തിയാൽ ഇനി എന്തെങ്കിലും വരുമാനം നേടാനുള്ള വഴികൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. സൗദിയിലേക്കുള്ള യാത്രക്കിടെ നേപ്പാളിൽ എത്തിപ്പെട്ട ഒരു മലയാളി അവിടെ ജോലിക്ക് പ്രവേശിച്ച വാർത്തയും  നമുക്ക് കാണാൻ സാധിച്ചു.

ഇത്തരത്തിൽ സൗദിയിലേക്കുള്ള യാത്രക്കിടെ 14 ദിനരാത്രങ്ങൾ താമസിക്കാനായി ഉസ്ബെക്കിസ്ഥാനിൽ എത്തിയതാണ് ജിദ്ദയിലെ മാധ്യമപ്രവർത്തകനായ ഹസൻ ചെറൂപ്പ.

ഉസ്ബക്കിസ്ഥാനിലെ സമർഖന്ദിൽ ചിലവഴിച്ച രണ്ടാഴ്ച കാലത്തെ ലോക്ക് ഡൗൺ കാലം അതിമനോഹരമായി ചുരുക്കി വർണിക്കുകയാണ് ഹസൻ ചെറുപ്പ. അദ്ദേഹം എഴുതുന്നു.

“ലോക്‌ഡൗണ്‍ – ടിപ്പിള്‍ ലോക്‌ഡൗണ്‍ പൂട്ടിലൊടുങ്ങിയ പ്രവാസ അവധിക്കാലം പിന്നിട്ട്‌ ഡബ്‌ള്‍ ലാന്റ്‌ലോക്‌ഡ്‌ നാട്ടില്‍ ക്വാറന്റൈന്‍ കാലവും കഴിഞ്ഞു. ഇനി വീണ്ടും സൗദിയിലേക്ക്‌, അല്‍ഹംദുലില്ലാഹ്‌…

ഡബ്‌ള്‍ ലാന്റ്‌ലോക്‌ഡ്‌ ആയി അറിയപ്പെടുന്ന ലോകത്തെ രണ്ടേ രണ്ട്‌ രാജ്യങ്ങളിലൊന്നാണ്‌ മധ്യേഷ്യന്‍ രാജ്യമായ ഉസ്‌ബെക്കിസ്ഥാന്‍. അവിടത്തെ പൗരാണിക നഗരമായ സമര്‍ഖന്ദിലെ രണ്ടാഴ്‌ചക്കാലം അവിസ്‌മരണീയാനുഭൂതിയാണ്‌ പകര്‍ന്നുതന്നത്‌; അനര്‍ഘ നിമിഷങ്ങളാണ്‌ സമ്മാനിച്ചത്‌.

കിഴക്കിനെയും പടിഞ്ഞാറിനെയും രണ്ട്‌ സഹസ്രാബ്ദത്തോളം കൂട്ടിപ്പിടിച്ചുനിര്‍ത്തിയ സില്‍ക്ക്‌ റോഡിലെ സംസ്‌കാരങ്ങളുടെ നെറ്റിപ്പൊട്ടുകണക്കേ, മുസ്‌ലിം പ്രതാപത്തിന്റെയും ഇസ്‌ലാമിക യശസ്സിന്റെയും യശോധാവള്യം പരത്തി തലയുയര്‍ത്തി നില്‍ക്കുന്ന സുന്ദരിയായ സമര്‍ഖന്ദിന്റെ ലാവണ്യം നുകരാന്‍ ലഭിച്ച അസുലഭാവസരം. ഗതകാല മുസ്‌ലിം – ഇസ്‌ലാമിക പ്രൗഢിയുടെ മഹദ്‌ ചിഹ്നങ്ങള്‍, കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സമര്‍ഖന്ദിലെ കാഴ്‌ചകള്‍ എത്രയെത്ര ചേതോഹരം! പട്ടിന്റെ നൈര്‍മല്യവും പട്ടുപാതയിലൂടെ ഖാഫിലക്കൂട്ടങ്ങള്‍ മലബാറില്‍നിന്ന്‌ ലോകമെങ്ങുമെത്തിച്ച സുഗന്ധവ്യജ്ഞനങ്ങളുടെ പരിമളവുമുണ്ട്‌ ഇപ്പോഴുമീ നഗരത്തിന്‌.  

ഹദീസ്‌ ക്രോഡീകരണത്തിന്‌ ജീവിതം ഉഴിഞ്ഞിട്ട്‌ ഖുർ ആൻ കഴിഞ്ഞാലുള്ള ഏറ്റവും ആധികാരിക പ്രമാണമായ സഹീഹുല്‍ ബുഖാരിയിലൂടെ വിഖ്യാതനായ ഇമാം ബുഖാരിയും മുഗള്‍ സാമ്രാജ്യസ്ഥാപകന്‍ ബാബര്‍ ചക്രവര്‍ത്തിയുടെ പ്രപിതാമഹനും മധ്യകാലഘട്ടത്തിലെ ലോകോത്തര പടനായകനും തൈമൂരിദ്‌ മുസ്‌ലിം സാമ്രാജ്യത്തിന്റെ സ്ഥാപകനുമായ അമീര്‍ തൈമൂര്‍ ചക്രവര്‍ത്തിയും ആധുനിക ഉസ്‌ബെക്കിസ്ഥാന്റെ സ്ഥാപകന്‍ ഇസ്‌ലാം കരിമോവും അന്ത്യവിശ്രമം കൊള്ളുന്ന നഗരത്തിലെ കാഴ്‌ചകള്‍ എണ്ണമറ്റതാണ്‌.

ഗതകാല പ്രതാപത്തിന്റെ ശേഷിപ്പുകളില്‍പെട്ട തൈമൂര്‍ ഭാര്യയുടെ നാമധേയത്തില്‍ പണിത മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ മസ്‌ജിദായ ബീബി ഖാനിം മോസ്‌കും പൗരാണിക ഇസ്‌ലാമിക-ശാസ്‌ത്ര വിജ്ഞാന കേന്ദ്രമായ ദഗിസ്ഥാന്‍ സ്‌ക്വയറും ഉലുഗ്‌ബെക്‌ വാനനിരീക്ഷണകേന്ദ്രവും സുലൈമാന്‍ (സോളമന്‍) നബിയുടെ പിന്മുറക്കാരനായ ദാനിയല്‍ പ്രവാചകന്റെ ഖബറിടവും മധ്യേഷ്യയിലേക്ക്‌ ആദ്യമായി ഇസ്‌ലാം കൊണ്ടുവന്ന തിരുനബിയുടെ മച്ചുനന്‍ ഖുസാം ബിന്‍ അബ്ബാസിന്റെ ഖബറിടമുള്ള ഷാഹി സിന്ദയും ഇവയില്‍ ചിലതുമാത്രം.

രാജവീഥികള്‍ക്കിരുവശവും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പൂന്തോട്ടങ്ങളും അവയെ കീറിമുറിച്ചുപോകുന്ന നടപ്പാതകളും. വൃത്തിയിലും വെടിപ്പിലും നഗരവീഥികളും സമര്‍ഖന്ദ്‌ നിവാസികളുടെ പളുങ്കു മനസ്സും ഒരുപോലെ തോന്നിച്ചു. വഴക്കും വക്കാണവും വാചോടാപവും തലതല്ലിക്കീറലും എങ്ങും കാണാനായില്ല. വിനയവും കുലീനതയും മുഖമുദ്രയായ, സ്വച്ഛസുന്ദര സൈ്ര്യജീവിതം നയിക്കുന്ന ഉസ്‌ബെക്ക്‌ ജനതയെ കണ്ടു എല്ലായിടത്തും. നിഷ്‌ക്കളങ്കമായ ചിരിയും സൗമ്യഭാവവും സമ്മാനിച്ച്‌ അന്യനാട്ടുകാരെ വരവേല്‍ക്കുന്നവര്‍.

ഒന്നരയാണ്ടായി ലോകമാസകലം ജീവിതതാളം തെറ്റിച്ച്‌ മാനവകുലത്തെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന മഹാമാരിക്കു പിടികൊടുക്കാതെ, അതിന്റെ വേവലാതികളോ വേപഥുവോ ഇല്ലാതെ, മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ ജീവിതം ആഘോഷമാക്കുന്നവര്‍, മാസ്‌കണിഞ്ഞ്‌ നീങ്ങുന്ന പരദേശി സംഘങ്ങളെ കൗതുകത്തോടെയും ഇമ്പത്തോയും നോക്കി നില്‍ക്കുന്നവര്‍, അഭിവാദ്യമര്‍പ്പിക്കുന്നവര്‍…. സൂര്യാസ്‌തമയം എട്ടു മണിക്ക്‌ അപ്പുറത്തേക്കു നീളുന്ന, പ്രഭാതനിസ്‌കാരത്തിന്‌ മൂന്ന്‌ മണിക്ക്‌ ബാങ്ക്‌ വിളി മുഴങ്ങുന്ന, പതിനേഴ്‌ മണിക്കൂറിലേറെ വ്രതമെടുക്കുന്ന നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ട്‌.”(ഹസൻ ചെറൂപ്പ-സൗദി ഗസറ്റ്.)”

അതേസമയം 14 ദിവസം  കഴിയുന്ന രാജ്യത്ത് കൊറോണ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് മാത്രം എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടതുണ്ട് . കാരണം  പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയാൽ മാത്രമേ സൗദി പ്രവേശനം സാധ്യമാകൂ എന്ന്  പ്രത്യേകം ഓർക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്