രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും തവക്കൽനായിൽ കുടുങ്ങി യാത്ര പുറപ്പെടാനാകാതെ സൗദി പ്രവാസികൾ; ജൂലൈ അവസാനം ഇഖാമ തീരുന്നവർ കൂടുതൽ സമ്മർദ്ദത്തിൽ
നാട്ടിൽ നിന്നും രണ്ട് ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചിട്ടും തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസിൻ്റെ കാര്യത്തിലുള്ള അവ്യക്തത കാരണം സൗദിയിലേക്കുള്ള മടക്കം നീണ്ട് പോകുന്നത് നിരവധി പ്രവാസികൾക്ക് മാനസിക പ്രയാസം സൃഷ്ടിക്കുന്നു.
തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കാനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റുകളും പാസ്പ്പോർട്ട് കോപിയും അപ് ലോഡ് ചെയ്തവരിൽ ഭൂരിപക്ഷം പേർക്കും സർട്ടിഫിക്കറ്റിൽ എംബസി അറ്റ്സ്റ്റേഷൻ ആവശ്യപ്പെട്ട് കൊണ്ട് തള്ളിയ മെസ്സേജാണു ലഭിച്ചിട്ടുള്ളത്.
അതേ സമയം സർട്ടിഫിക്കറ്റിൽ എംബസി അറ്റസ്റ്റേഷൻ വേണ്ടെന്ന് റിയാദ് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിട്ടുള്ളതിനാലും സൗദി ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ അത്തരത്തിൽ ഒരു നിർദ്ദേശം ഇല്ലാത്തതിനാലും എംബസി അറ്റസ്റ്റേഷൻ ഇല്ലാതെ അപേക്ഷിച്ചവരിൽ തന്നെ ചുരുക്കം ചിലർക്ക് തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ആയതുമെല്ലാം അറ്റസ്റ്റേഷൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാൻ പ്രവാസികൾക്ക് സാധ്യമാകാത്ത സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്.
ഒരു പക്ഷേ വലിയ തുക കൊടുത്ത് എംബസി അറ്റസ്റ്റേഷൻ നടത്തിയാൽ തന്നെയും ആരോഗ്യ മന്ത്രാലയ വെബ്സൈറ്റ് അത് സ്വീകരിക്കുമെന്നതിനു ഒരു ഉറപ്പും ഇല്ലെന്നതും ചിലപ്പോൾ എന്തെങ്കിലും ടെക്നിക്കൽ പ്രശ്നങ്ങൾ കാരണമായിട്ടായിരിക്കാം അപേക്ഷ തള്ളുന്നത് എന്ന നിഗമനവും അറ്റസ്റ്റേഷൻ നടത്തുന്നതിൽ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കുന്നുമുണ്ട്.
ഈ മാസം അവസാനം വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി നീട്ടിക്കിട്ടിയ പ്രവാസികൾക്കാണു ഈ സമയത്ത് കൂടുതൽ മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നത്.
ജൂലൈ അവസാനം റി എൻട്രിയും ഇഖാമയും തീർന്നാൽ പിന്നീട് പുതുക്കാൻ പ്രയാസപ്പെടുമോ എന്ന ആശങ്കയും സൗജന്യമായി ഇനിയും നീട്ടിക്കിട്ടുമോ എന്നതിനെക്കുറിച്ച് വ്യക്തത ഇല്ലാത്തതുമാണു അവർക്ക് കൂടുതൽ മാനസിക പ്രയാസമുണ്ടാക്കുന്നത്.
ഈ സാഹചര്യത്തിൽ പലരും തവക്കൽനാ പ്രശ്നം വൈകാതെ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ഒന്ന് കൂടെ കാത്ത് നിൽക്കാൻ തീരുമാനിച്ചപ്പോൾ ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവരും ഇഖാമ തീരുമെന്ന ഭയമുള്ളവരുമെല്ലാം ക്വാറൻ്റീൻ പാക്കേജ് എടുത്ത് സൗദിയിലേക്ക് പോകാമെന്ന തീരുമാനമെടുത്തുട്ടിണ്ടെന്നാണു അറേബ്യൻ മലയാളിക്ക് അറിയാൻ സാധിച്ചത്.
പലരും ഇപ്പോൾ ക്വാറൻ്റീൻ പാക്കേജ് എടുക്കാതെ മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിയുന്നതിനിടയിൽ ഒരാഴ്ച കഴിഞ്ഞ് പരിശോധിക്കുന്ന സമയം തവക്കൽനായിൽ ഇമ്യൂൺ ആയിട്ടില്ലെന്ന് ഉറപ്പ് ലഭിക്കുകയാണെങ്കിൽ ആ സമയം ക്വാറൻ്റീൻ പാക്കേജ് എടുക്കാമെന്നാണു തീരുമാനിച്ചിട്ടുള്ളത്.
ഏതായാലും സൗദി പ്രവാസികൾ അനുഭവിക്കുന്ന തവക്കൽനായുടെ കാര്യത്തിലുള്ള ഈ ശക്തമായ മാനസിക സമ്മർദ്ദം ഇല്ലാതാകാൻ സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും വ്യക്തമായ ഒരു മറുപടി ലഭിച്ചേ മതിയാകൂ എന്നതിനാൽ റിയാദ് ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നുവെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa