തവക്കൽനാ ഇമ്യൂൺ അപ്ഡേഷൻ വൈകുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് സമീപ ദിനങ്ങളിൽ മടങ്ങാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കരിപ്പൂർ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്തിട്ടും തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കാത്ത സാഹചര്യത്തിൽ സൗദിയിലേക്ക് സമീപ ദിനങ്ങളിൽ മടങ്ങാനുദ്ദേശിക്കുന്ന ഇഖാമയുള്ള പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ആരോഗ്യ മന്ത്രാലയം അപേക്ഷകൾ നിരസിക്കുന്നതിൻ്റെ കാരണമായി അയക്കുന്ന എംബസി അറ്റസ്റ്റേഷൻ പ്രക്രിയയെക്കുറിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം വരാത്ത സാഹചര്യത്തിൽ ഇനി എംബസി അറ്റസ്റ്റേഷൻ നടത്തിയാൽ തന്നെ അപ്രൂവ് ആകുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമാണു നിലവിലുള്ളത്. അതേ സമയം കഴിഞ്ഞ ദിവസം ഇന്ത്യയിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുമായി ജിദ്ദയിൽ വിമാനമിറങ്ങിയ ഒരാൾ ജിദ്ദയിലെത്തിയ ശേഷം അറ്റസ്റ്റ് ചെയ്ത വാക്സിൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്യുകയും മണിക്കൂറുകൾക്കകം തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ആക്റ്റിവേറ്റ് ആകുകയും ചെയ്തിട്ടുണ്ട് . അത് കൊണ്ട് തന്നെ സർട്ടിഫിക്കറ്റുകൾ എംബസി അറ്റസ്റ്റേഷൻ ചെയ്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്ത് ശ്രമിക്കാവുന്നതും ആണ്. അറ്റസ്റ്റേഷന് ട്രാവൽ ഏജൻസികൾ ശരാശരി 7000 രുപയാണ് ഈടാക്കുന്നത്. ഒരു പക്ഷെ അങ്ങനെ അറ്റസ്റ്റ് ചെയ്ത് നാട്ടിൽ നിന്ന് തന്നൈ ഇമ്യൂൺ സ്റ്റാറ്റസ് ആക്ടിവേറ്റ് ആയാൽ ക്വാറൻ്റീനു മുടക്കേണ്ട 50,000 ത്തിലധികം രൂപ ലാഭിക്കാൻ സാധിക്കും.
എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ എംബസി അറ്റസ്റ്റേഷൻ കാര്യത്തിൽ പരിപൂർണ്ണമായ ഒരു വ്യക്തത വരും വരെ യാത്ര വൈകിപ്പിക്കാൻ സാധിക്കുന്നവർക്ക് യാത്ര വൈകിപ്പിക്കുകയായിരിക്കും നല്ലത്
എന്നാൽ ഈ മാസം അവസാനം വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കിക്കിട്ടുകയും ഇനിയും പുതുക്കി ലഭിക്കുമെന്നതിൽ നൂറു ശതമനാം ഉറപ്പ് പറയാൻ സാധിക്കില്ല എന്നതിനാലും പലർക്കും യാത്ര വൈകിപ്പിക്കുന്നത് ആലോചിക്കാനും സാധിക്കുന്നില്ല. അതോടൊപ്പം സൗദിയിലെത്താൻ വൈകിയാൽ ജോലി വരെ പോകുമെന്ന് ഭീഷണിയുള്ളവരും ഉണ്ട്.
ഈ സാഹചര്യത്തിൽ ഏതായാലും ഉടൻ പോകാൻ ഉദ്ദേശിക്കുന്നവർക്ക് യാത്ര നടപടികൾ കൂടുതൽ വൈകിപ്പിക്കാതെ സർട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റേഷൻ നടത്തി വീണ്ടും അപ് ലോഡ് ചെയ്ത് പരീക്ഷിക്കുകയോ സൗദി ക്വാറൻ്റീൻ പണം കൂടി കയ്യിൽ കരുതി മറ്റു രാജ്യങ്ങളിലൂടെ മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ചെയ്യാവുന്നതാണ്. കാരണം മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതിനാൽ യാത്ര കൂടുതൽ വൈകിപ്പിക്കുന്നത് ജൂലൈ 31 നു മുംബ് സൗദിയിലെത്തുന്നതിനു പ്രയാസം സൃഷ്ടിക്കും.
അതോടൊപ്പം മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച താമസിക്കുന്നതിനിടയിൽ ഒരാഴ്ച കഴിഞ്ഞ് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഒന്ന് കൂടി പരിശോധിക്കുകയും സ്റ്റാറ്റസ് ഇമ്യൂൺ ആയിട്ടില്ലെങ്കിൽ അപ്പോൾ മാത്രം ക്വാറൻ്റീൻ പാക്കേജ് എടുക്കുകയും ചെയ്യുന്നത് സാംബത്തിക നഷ്ടം വെറുതെ വരുത്തി വെക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കും. ഇതിനു നാട്ടിൽ നിന്ന് പോകുന്ന സമയം തന്നെ സൗദി ആരോഗ്യമന്ത്രാലയ സൈറ്റിൽ അപേക്ഷിച്ചിടാൻ മറക്കരുത്. ഒരു പക്ഷേ ആ സമയത്തിനുള്ളിൽ ഇഖാമയുള്ളവർക്ക് മുഖീമിൽ രെജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രതിബന്ധം നീങ്ങുകയാണെങ്കിൽ ഇമ്യൂൺ ആകാതെത്തന്നെ ക്വാറൻ്റീൻ പാക്കേജ് ഒഴിവാക്കി സൗദിയിലേക്ക് കടക്കുകയും ചെയ്യാം. ഇക്കാര്യത്തിൽ ട്രാവൽ ഏജൻസികളോട് ബന്ധപ്പെട്ട് അഭിപ്രായം ആരായുക.
അതേ സമയം ഒരേ സ്ഥലത്ത് കൂടെത്തന്നെ വിവിധ ട്രാവൽ ഏജൻസികൾ വ്യത്യസ്ത നിരക്കിലാണു യാത്ര ഷെഡ്യൂൾ ചെയ്യുന്നത് എന്നതിനാൽ ഏറ്റവും കുറഞ്ഞ നിരക്ക് അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം പണം നൽകുന്നതാകും ബുദ്ധി. അതോടൊപ്പം നേരത്തെ യാത്ര പോയവരോട് ട്രാവൽ ഏജൻസികളുടെ സർവീസുകളെക്കുറിച്ച് ആരായുന്നതും നല്ലതാണ്.
പല ട്രാവൽസുകളും ചുരുങ്ങിയ സർവീസ് ചാർജ്ജ് മാത്രം ഈടാക്കി മികച്ച സേവനം നൽകുന്നതിനിടയിൽ ചില ട്രാവൽസുകാർ വൻ കൊള്ള നടത്തുന്നുണ്ടെന്നത് ഈ സമയത്ത് പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. ടിക്കറ്റുകൾ റീഫണ്ടബിൾ ആക്കുന്നതായിരിക്കും കൂടുതൽ നല്ലത്. കാരണം ഏതെങ്കിലും രീതിയിൽ യാത്ര മാറ്റി വെക്കേണ്ടി വന്നാൽ ടിക്കറ്റ് തുക തിരികെ ലഭിക്കാൻ അത് സഹായകരമാകും.സ്വന്തം നിലയിൽ പോകാൻ സാധിക്കുന്നവർക്ക് അങ്ങനെയും ശ്രമിക്കാവുന്നതാണ്.
ഇത് വരെ സൗദി ഭരണകൂടം വിവിധ ഘട്ടങ്ങളിലായി ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി നൽകിയിട്ടുണ്ട് എന്നതിനാൽ ജൂലൈ 31 നു ശേഷവും ഇഖാമയും റി എൻട്രിയും പുതുക്കാൻ സാധ്യതയുണ്ട് എന്ന് തന്നെയാണു പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അക്കാര്യത്തിൽ 100 ശതമാനം ഉറപ്പ് ആർക്കും പറയാൻ സാധിക്കില്ല എന്നതിനാൽ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിലും കഫീൽ വഴി ഭാവിയിൽ പുതുക്കാൻ സാധിക്കുമെന്നതിനാൽ അക്കാര്യത്തിൽ ഉറപ്പുള്ളവർക്ക് സർട്ടിഫിക്കറ്റിലെ എംബസി അറ്റസ്റ്റേഷൻ തീരുമാനം ഔദ്യോഗികമായി വരുന്നത് വരെയെങ്കിലും യാത്ര വൈകിപ്പിക്കുന്നതായിരിക്കും നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa