തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇഖാമ നിയമ ലംഘകർക്ക് പിഴയില്ലാതെ എക്സിറ്റടിച്ച് പോയി പുതിയ വിസയിൽ തിരികെ വരാൻ സാധിക്കുന്ന ആനുകൂല്യം ഹുറൂബുകാർക്കും മത്ലൂബുകാർക്കും ഗാർഹിക തൊഴിലാളികൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കില്ല

ദമാം: ഇഖാമ നിയമ ലംഘകർക്കും ഇഖാമ ലഭിക്കാത്തവർക്കും പിഴയില്ലാതെ സൗദിയിൽ നിന്ന് പുറത്ത് പോകാനും പുതിയ വിസയിൽ തിരികെ വരാനും സാധിക്കുന്ന ഇളവ് ഹുറൂബുകാർക്കും മത്ലൂബുകാർക്കും ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് നവയുഗം ഹെല്പ് ഡെസ്ക് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇഖാമ നിയമ ലംഘകർക്ക് ലഭിക്കുന്ന ഇളവിനെക്കുറിച്ച് ബോധവത്ക്കരിച്ച് കൊണ്ട് നവയുഗം പുറത്തിറക്കിയ പത്രക്കുറിപ്പ് അറേബ്യൻ മലയാളി പ്രസിദ്ധീകരിച്ചപ്പോൾ തലക്കെട്ടിൽ ഹുറൂബുകാർക്കും എന്ന് അബദ്ധത്തിൽ വന്നത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും നിരവധി ഹുറൂബുകാർ നവയുഗം പ്രവർത്തകരെ ബന്ധപ്പെടുകയും ചെയ്തതിനെത്തുടർന്നാണു ‘നവയുഗം’ വിശദീകരണം നൽകിയത്.

അതേ സമയം വീട്ടുജോലിക്കാർ, വീട്ടുഡ്രൈവർമാർ തുടങ്ങിയ വിസകളിൽ ഉള്ളവർക്കും, ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയ തൊഴിലാളി) ഉള്ളവർക്കും, ഏതെങ്കിലും പോലീസ് കേസുകളിൽപെട്ടവർക്കും (മത്തലൂബ്) ഒഴികെ, മറ്റുള്ള എല്ലാ അനധികൃത തൊഴിലാളികൾക്കും ഈ ഇളവുകൾ നിഷ്പ്രയാസം ഉപയോഗപ്പെടുത്താൻ കഴിയും എന്ന് നവയുഗം അറിയിച്ചു.

ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബർ ഓഫിസുമായി ബന്ധപ്പെട്ട്, അവിടെ ലഭിയ്ക്കുന്ന എക്സിറ്റ് അപേക്ഷ ഫോമുകൾ പൂരിപ്പിയ്ക്കണം. അതോടൊപ്പം ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷനും നടത്തുകയും വേണം. രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ഇന്ത്യൻ എംബസ്സി ശുപാർശകത്ത് നൽകും. ആ കത്തും, നേരത്തെ പൂരിപ്പിച്ച എക്സിറ്റ് അപേക്ഷയും കൂടി ഒരുമിച്ചു ലേബർ ഓഫീസിൽ സമർപ്പിയ്ക്കണം. ലേബർ ഓഫിസിൽ അപേക്ഷ പരിഗണിച്ചു അനുമതി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ എക്സിറ്റിനു വേണ്ടിയുള്ള ടോക്കൺ ലഭിയ്ക്കും. ശേഷം ടോക്കൺ അനുസരിച്ചു ക്രമപ്രകാരം എക്സിറ്റും ലഭിയ്ക്കുന്നതാണ്. ഈ നടപടിക്രമങ്ങൾ എല്ലാം കൂടി സാധാരണ മുപ്പതു മുതൽ നാല്പത്തിഅഞ്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതാണ്. ഒരുപാട് വയസ്സായ വ്യക്തികൾക്കും, ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഒക്കെ മുൻഗണന നൽകി പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകാറുമുണ്ട്.

സ്പോൺസർ ഇതുവരെ ഇഖാമ എടുത്തു നൽകാത്തവർക്കും, ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ, അത്തരം പരിസ്ഥിതികളിൽ പെട്ട് നാട്ടിൽ പോകാനാകാതെ വിഷമിയ്ക്കുന്ന എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്നു നവയുഗം സാംസ്ക്കാരികവേദി നിയമസഹായവേദി അഭ്യർത്ഥിച്ചു.

ഇത്തരത്തിൽ എക്സിറ്റ് നേടാനായി നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാനായി നവയുഗം ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിയ്ക്കുന്നുണ്ട്. നിയമസഹായം ആവശ്യമുള്ളവർ 0530642511, 0532657010, 0557133992, 0537521890 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ എന്നിവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്