Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ നിസഹായവസ്ഥ ചൂഷണം ചെയ്യുന്ന ചില വൻകിട ട്രാവൽ ഏജൻസികളുടെ സമീപനം മികച്ച രീതിയിൽ സർവീസ് നടത്തുന്ന ഭൂരിപക്ഷം ട്രാവൽ ഏജൻസികൾക്കും വിനയാകുന്നു; സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾ പാക്കേജുകൾ എടുക്കുന്ന സമയം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കരിപ്പൂർ: സൗദി പ്രവാസികളുടെ നിസഹായവസ്ഥ ചൂഷണം ചെയ്യുന്ന ചുരുക്കം ചില വൻ കിട ട്രാവൽ എജൻസികളുടെ ഉദാസീനപരമായ സമീപനം നല്ല രീതിയിൽ സർവീസ് നടത്തുന്ന ഭൂരിപക്ഷം ട്രാവൽ എജൻസികൾക്കും പേരുദോഷമുണ്ടാക്കുന്നു.

സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നിന്ന് വൻ തുക ഈടാക്കുകയും എന്നാൽ വളരെ മോശപ്പെട്ട സർവീസുകൾ നൽകുകയും ചെയ്ത ദുരനുഭവം നേരത്തെ ഉസ്ബെകിസ്ഥാൻ പാക്കേജ് എടുത്തവർക്ക് ഒരു വൻ കിട ട്രാവൽ ഏജൻ്റിൽ നിന്ന് ഉണ്ടായത് മുംബ് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അതിനേക്കാൾ മോശം രീതിയിലുള്ള സർവീസാണു ഇപ്പോൾ ഒരു വൻ കിട ട്രാവൽ ഏജൻസിയുടെ കീഴിൽ സെർബിയയിൽ എത്തിയ പ്രവാസികൾക്ക് ഉണ്ടായിട്ടുള്ളത് എന്നാണു അറിയാൻ സാധിക്കുന്നത്.

പാക്കേജിനു ട്രാവൽ ഏജൻസിക്ക് പണം നൽകിയപ്പോൾ ഓഫർ ചെയ്തിരുന്നത് പോലെ മൂന്ന് നേരം ഭക്ഷണമോ ഹോട്ടലിൽ സ്വാഭാവികമായും ലഭിക്കേണ്ട മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണു പ്രധാനമായും പരാതി ഉയർന്നിട്ടുള്ളത്.

റൂം സൗകര്യവും ഓഫർ ചെയ്ത പോലെ ലഭിച്ചിട്ടില്ലെന്നും യാത്രക്കാർക്ക് ട്രാവൽ ഏജൻസിയുടെ തുടർന്നുള്ള പിന്തുണ ലഭ്യമാകുന്നില്ലെന്നും സെർബിയയിലെ SRBIJA എന്ന ഹോട്ടലിൽ കുടുങ്ങിയ സൗദി പ്രവാസികൾ അറേബ്യൻ മലയാളിയോട് പറഞ്ഞു. ഇനി ആരെങ്കിലും സെർബിയയിലേക്ക് ഏത് പാക്കേജ് വഴി വരികയാണെങ്കിലും HOTEL SRBIJA യിൽ അല്ല താമസം എന്ന് ഉറപ്പ് വരുത്തണമെന്നും പ്രവാസി സുഹൃത്തുക്കൾ ഓർമ്മിപ്പിക്കുന്നു.

സെർബിയ വഴി മികച്ച സർവീസുകൾ കൊടുക്കുന്ന നിരവധി ട്രാവൽ ഏജൻസികൾ ഉണ്ട്. അത്തരം ട്രാവൽ ഏജൻസികൾക്ക് വരെ ചുരുക്കം ചില ട്രാവൽ ഏജൻ്റുമാരുടെ അനാസ്ഥ പേരു ദോഷം വരുത്തി വെക്കുന്നുണ്ട് എന്നതാണൂ വസ്തുത.

ഈ സാഹചര്യത്തിൽ സെർബിയ വഴിയോ മറ്റു രാജ്യങ്ങൾ വഴിയോ സൗദിയിലേക്ക് മടങ്ങുന്ന സൗദി പ്രവാസികൾ താഴെക്കൊടുത്ത കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുകളിൽ പരാമർശിച്ച പോലെയുള്ള മോശം അനുഭവങ്ങളിൽ നിന്നും രക്ഷപ്പെടാം.

ടിക്കറ്റുകൾ എടുക്കുന്ന സമയം റീഫണ്ടബിൾ ടിക്കറ്റാണെന്ന് ഉറപ്പ് വരുത്തുക. ട്രാവൽ ഏജൻസിയുടെ അനാസ്ഥ കാരണം ഏതെങ്കിലും സാഹചര്യത്തിൽ മോശം സർവീസ് ലഭ്യമായാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പ് ട്രാവൽ ഏജൻസികളിൽ നിന്ന് വാങ്ങുക.

കഴിയുന്നതും നമുക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കുന്ന ട്രാവൽ ഏജൻസികളിൽ നിന്നും മാത്രം പാക്കേജ് എടുക്കുക. ചെന്നിറങ്ങുന്ന രാജ്യത്തെ മെയിൻ എയർപോർട്ടിൽ നിന്നും താമസ സ്ഥലത്തേക്ക് കൂടുതൽ സമയം യാത്ര ചെയ്യേണ്ടി വരില്ലെന്ന് ഉറപ്പ് വരുത്തുക.

അതോടൊപ്പം ഏത് പാക്കേജ് തെരഞ്ഞെടുക്കും മുംബും അവരുടെ പാക്കേജിൽ നേരത്തെ പോയ കുറച്ച് പേരുടെ നംബറുകൾ ട്രാവൽ ഏജൻ്റിൽ നിന്ന് സംഘടിപ്പിച്ച് അനുഭവം ചോദിച്ചറിയുക. സോഷ്യൽ മീഡിയകളിൽ തങ്ങൾ തെരഞ്ഞെടുക്കുന്ന ട്രാവൽ ഏജൻ്റുമാരെക്കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ ശ്രമിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്രയിലെ ദുരനുഭവങ്ങൾ ഒരു പരിധി വരെ കുറക്കാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്