Monday, November 25, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇപ്പോൾ രണ്ട് ഡോസ് വാക്സിനെടുത്ത ഭൂരിപക്ഷം പേർക്കും അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതായി റിപ്പോർട്ടുകൾ; അപേക്ഷകൾ സ്വീകരിക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ അറിയാം

കരിപ്പൂർ: നാട്ടിൽ നിന്നും രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് തവക്കൽനായി ഇമ്യൂൺ ആകുന്നതിനായി ശ്രമിക്കുന്ന സൗദി പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തകളാണു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിക്കുന്നത്.

നേരത്തെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിൻ രെജിസ്റ്റ്രേഷൻ വെബ്സൈറ്റിൽ തവക്കൽനായി ഇമ്യൂൺ ആകുന്നതിനായി നൽകുന്ന ഭൂരിപക്ഷം അപേക്ഷകളും തള്ളുന്ന സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അപേക്ഷ നൽകിയ ഭൂരിപക്ഷം പേരുടെയും അപേക്ഷകൾ സ്വീകരിച്ചതായും മണിക്കൂറുകൾക്കകം തവക്കൽനായി ഇമ്യൂൺ ആയതായും അനുഭവസ്ഥർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരു അറ്റസ്റ്റേഷനുമില്ലാതെ ഇമ്യൂൺ ആയെന്ന് പറഞ്ഞ് അറേബ്യൻ മലയാളിയുമായി നേരിട്ട് ബന്ധപ്പെട്ട ഭൂരിപക്ഷം പ്രവാസികളും കേന്ദ്ര സർക്കാരിൻ്റെ രണ്ട് കോവിഡ് സർട്ടിഫിക്കറ്റുകളായിരുന്നു അപ് ലോഡ് ചെയ്തിരുന്നത് എന്നാണു അറിയിച്ചിട്ടുള്ളത്.

സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ഫയലുകൾ അപ് ലോഡ് ചെയ്യാനുള്ള മൂന്ന് ഓപ്ഷനുകളിൽ താഴെ വിവരിക്കും പ്രകാരം ഫയലുകൾ അപ് ലോഡ് ചെയ്തായിരുന്നു ഭൂരിപക്ഷം പേർക്കും ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ചത്.

ആദ്യ ഓപ്ഷനിൽ പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജിൻ്റെയും ലാസ്റ്റ് പേജിൻ്റെയും പി ഡി എഫ് കോപ്പി. രണ്ട് പേജുകളും ഒരു പിഡിഎഫ് ആക്കാൻ ശ്രമിക്കുംബോൾ പാസ്പോർട്ടിലെ അഡ്രസ് പേജുകൾക്കടുത്തുള്ള അഡ്രസ് ഇല്ലാത്ത പേജ് ഉൾപ്പെടുത്തേണ്ടതില്ല.

അതോടൊപ്പം രണ്ടാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റും മൂന്നാമത് ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റുമായിരുന്നു ഇമ്യൂൺ ആയവർ അധികവും അപ് ലോഡ് ചെയ്തത്.

ചിലർ സെക്കൻഡ് ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ ഫസ്റ്റും സെക്കൻഡും ഡോസ് സർട്ടിഫിക്കറ്റുകൾ ഒന്നിച്ച് പിഡിഎഫ് ആക്കി അപ് ലോഡ് ചെയ്യുകയും മൂന്നാമത് ഓപ്ഷനിൽ ഒന്നും അപ് ലോഡ് ചെയ്യാതെയും അപേക്ഷ സമർപ്പിച്ചും ഇമ്യൂൺ ആയിട്ടുണ്ട്.

എന്നാൽ ഇമ്യൂൺ ആയ ഭൂരിപക്ഷം പേരും ആദ്യ ഓപ്ഷനിൽ പാസ്പോർട്ട് കോപിയുടെ പി ഡി എഫും രണ്ടാമത് ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ സെകൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫും മൂന്നാമത് ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫുമാണു അപ് ലോഡ് ചെയ്തിരുന്നത് എന്നാണു അറിയിച്ചിട്ടുള്ളത്.

പാസ്പോർട്ട് കോപികൾ വളരെ വൃത്തിയായും ക്ളിയറായും ആയിരുന്നു എല്ലാവരും അപ് ലോഡ് ചെയ്തിരുന്നത് എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അതോടൊപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അപേക്ഷിച്ചവരെല്ലാം ഫയലുകൾക്ക് യഥാക്രമം PASSPORT, VACCINE DOSE 1,VACCINE DOSE 2 എന്നിങ്ങനെ പേര് നൽകിയ ശേഷമായിരുന്നു അപേക്ഷിച്ചിരുന്നത് എന്നാണ്. അപേക്ഷ പരിശോധിക്കുന്നവർക്ക് എളുപ്പം തിരിച്ചറിയുന്നതിനായി ഇങ്ങനെ ഏതെങ്കിലും രീതിയിൽ ഫയലുകൾക്ക് പേരുകൾ നൽകുന്നത് ഉചിതമായിരിക്കും.

ഈ സാഹചര്യത്തിൽ ഇനി മുതൽ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിക്കുന്ന പ്രവാസികൾ രണ്ട് ഡോസ് സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാരിൻ്റെ തന്നെ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പരാജയപ്പെട്ടാൽ മാത്രം ബാക്കിയുള്ള അറ്റസ്റ്റേഷൻ കാര്യങ്ങളിലേക്കും മറ്റും തിരിഞ്ഞാൽ മതി എന്നാണു അനുഭവസ്ഥരിൽ നിന്ന് വ്യക്തമാകുന്നത്.

ഒരു തവണയും രണ്ട് തവണയും അപേക്ഷിച്ച് നിരസിച്ചവർ മൂന്നാമത് അപേക്ഷിക്കുന്നതിനു മുംബ് നന്നായി ആലോചിച്ചും മറ്റുള്ളവരുമായി അന്വേഷിച്ചും മാത്രം കാര്യങ്ങൾ ചെയ്യുക. കാരണം മൂന്നാമത് അപേക്ഷിച്ച് റിജക്റ്റ് ആയവർക്ക് ബ്ളോക്ക് വീണത് ഇത് വരെ തുറന്നിട്ടില്ല എന്നത് ഓർക്കുക.

ഏതായാലും നേരത്തെ ഭൂരിപക്ഷം പേരുടെ അപേക്ഷയും എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് തള്ളുകയായിരുന്നുവെങ്കിൽ ഇപ്പോൾ ഭൂരിപക്ഷം പേരുടെ അപേക്ഷയും കേന്ദ്ര സർക്കാരിൻ്റെ സർട്ടിഫിക്കറ്റുകളാണെങ്കിൽ ഒരു അറ്റസ്റ്റേഷനും ഇല്ലാതെ സ്വീകരിക്കുന്ന വാർത്ത കേൾക്കാൻ കഴിയുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്